ഒരു ത്രികോണ പ്രണയകഥയാണ് സേതു കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും. നായകന് ആസിഫ് അലി. നായിക കല്യാണി പ്രിയദര്ശന്. പ്രണയകഥയിലെ മൂന്നാമന് ഒരു മാരുതികാറും.
സിനിമയിലെ ഒരു കഥാപാത്രം തന്നെയാണ് കാറും. നായകന്റെ അച്ഛന് പത്മനാഭന് ചെറുതോണി തുരുത്തിലേയ്ക്ക് ഒരു പുതുപുത്തന്‍ മാരുതികാറുമായി വന്നതുമുതല്‍ക്കാണ് മകന് മഹേഷിന്റെ ശുക്രദശയും തെളിഞ്ഞുതുടങ്ങിയത്. അതുവരെ തന്നെയൊന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതിരുന്ന പലരും തന്നിലേയ്ക്ക് അടുക്കുന്നത് അയാള്‍ അറിഞ്ഞു. അക്കൂട്ടത്തില്‍ അയാളുടെ കളികൂട്ടുകാരിയുമുണ്ടായിരുന്നു. അവളുടെ വീട്ടുകാര്‍ക്കായിരുന്നു അതിനുമുമ്പ് ആ ഗ്രാമത്തില്‍ ഒരു കാര്‍ ഉണ്ടായിരുന്നത്. അതും ഒരു പഴയ ബെന്‍സ് കാര്‍. പുതുപുത്തന്‍ മാരുതികാര്‍ എത്തിയതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേയ്ക്കായി. പിന്നീട് മഹേഷിന്റെ ജീവിതത്തിലുണ്ടായ എല്ലാ നല്ല കാര്യങ്ങളും ആ കാറുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ മഹേഷിന്റെ പ്രണയം ആ പെണ്കുട്ടിയിലേയ്ക്ക് മാത്രമായി ഒതുങ്ങിയില്ല, ആ കാറിലേയ്ക്കും വളര്‍ന്നു. ഇതാണ് മഹേഷും മാരുതിയും പറയുന്ന ത്രികോണ പ്രണയകഥ.
നായികയായി കല്യാണി പ്രിയദര്‍ശനായിരുന്നു നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുവിന്റെയും സംവിധായകന് സേതുവിന്റെയും മനസ്സില്‍. രാജു നേരിട്ട് ചെന്നൈയില്‍ പോയി കല്യാണിയോട് കഥ പറഞ്ഞ് തന്റെ സിനിമയിലെ നായികയായി കൂട്ടിക്കൊണ്ട് വന്നു. വരനെ ആവശ്യമുണ്ട്, മരക്കാര്‍ അറബിക്കടലിലെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങള്‍ക്കുശേഷം കല്യാണി അഭിനയിക്കുന്ന മലയാളസിനിമ കൂടിയാണിത്.
അപ്പോഴും ഒരു മാരുതി കാര്‍ കണ്ടെത്താനായിരുന്നു പ്രയാസം. 83 ലാണ് മാരുതി ആദ്യമായി വിപണിയിലെത്തുന്നത്. സിനിമയ്ക്ക് വേണ്ടത് ഒരു പുതുപുത്തന്‍ മാരുതികാറും. ഈ സിനിമയുടെ ഒഫീഷ്യല്‍ പാര്‍ട്ടണര്‍ കൂടിയാണ് മാരുതി ഉദ്യോഗമണ്ഡല്‍. അവരുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറത്തുള്ള ഓണ്‍റോഡ് ബോഡിഷോപ്പില് ഒരു പഴയ മാരുതികാര്‍ എത്തിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നായി മാരുതിയുടെ ഒറിജിനല്‍ സ്പെയര്‍പാര്‍ട്ട്സുകളും കൊണ്ടുവന്ന് ഒരു പുതുപുത്തന്‍ മാരുതികാര്‍ തന്നെ ഓണ്‍റോഡ് ബോഡിഷോപ്പുകാര് സൃഷ്ടിച്ചെടുത്തു. ആ കാറ് ഷോറൂമില്‍നിന്ന് ഇറക്കാനായി സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം ആസിഫ് അലിയും മലപ്പുറത്തെ ഓണ്‍റോഡ് ബോഡിഷോപ്പിലെത്തി. ഷോറൂമില്‍നിന്ന് വണ്ടി ഓടിച്ച് പുറത്തിറക്കിയത് ആസിഫ് ആയിരുന്നു. അതോടെ മഹേഷും മാരുതിക്കും ഔദ്യോഗിക തുടക്കമായി.
ഷൂട്ടിംഗ് മാര്‍ച്ചില്‍ തുടങ്ങും. രണ്ട് ഷെഡ്യൂളുകളുണ്ടാകും. സെക്കന്റ് ഷെഡ്യൂള്‍ മെയ് മാസത്തിലാണ്. ചാലക്കുടിയും മാളയുമാണ് ലൊക്കേഷനുകള്‍. മഹേഷിന്റെ അച്ഛന് പത്മനാഭനായി മണിയന്‍പിള്ള രാജുതന്നെ വേഷമിടുന്നു. വിജയരാഘവനും ചേര്‍ത്തല ജയനുമാണ് ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട മറ്റ് രണ്ട് താരങ്ങള്‍. താരനിര്‍ണ്ണയം നടന്നുവരികയാണ്.
Recent Comments