പതിനഞ്ചാം കേരള നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് വരുന്ന ഏപ്രില്‍ 6 ന് നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ്.
എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ചില സിനിമാതാരങ്ങളുടെ പേരും സ്ഥാനാര്‍ത്ഥി ലിസ്റ്റുകളില്‍ ഇടം പിടിക്കാറുണ്ട്. ഇത്തവണയും അതിന് പഞ്ഞമൊന്നുമുണ്ടായിട്ടില്ല.
താരനിരയിലെ ഇത്തവണത്തെ സൂപ്പര്‍താരം സുരേഷ്ഗോപിയാണ്. രാജ്യസഭയിലെ ബി.ജെ.പി നോമിനേറ്റഡ് എം.പിയാണ് അദ്ദേഹമിപ്പോള്‍. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വട്ടിയൂര്കാവില്നിന്നോ തിരുവനന്തപുരത്തുനിന്നോ മത്സരിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് സുരേഷ്ഗോപിതന്നെ കാന്‍ ചാനലിനോട് തുറന്നു പറഞ്ഞിരുന്നു.
ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു താരസ്ഥാനാര്‍ത്ഥി മുകേഷാണ്. നിലവില്‍ അദ്ദേഹം കൊല്ലം നിയോജക മണ്ഡലത്തിലെ സി.പി.എം എം.എല്‍.എയാണ്. ഒരിക്കല്‍കൂടി അദ്ദേഹത്തിന് സീറ്റ് നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിഘടകങ്ങളില്‍ സജീവമാണ്. കഴിഞ്ഞ ടേമില്‍ മുകേഷ് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍കൂട്ടാകുമെന്ന് പാര്‍ട്ടി അണികള്‍ വിശ്വസിക്കുന്നു. ഇത്തവണ മുകേഷ് സീറ്റ് ഉറപ്പിക്കുമെങ്കില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ താരസ്ഥാനാര്ത്ഥിയെന്ന അപൂര്‍വ്വ നേട്ടത്തിന് മുകേഷ് അര്‍ഹനാകും.
2001 മുതല്‍ പത്തനാപുരം നിയമസഭാമണ്ഡലത്തില്‍ തോല്‍വി അറിയാതെ ജയിച്ചുവരുന്ന നിയസഭാ സമാജികനാണ് കെ.ബി. ഗണേഷ്കുമാര്. യു.ഡി.എഫ്- എല്‍.ഡി.എഫ്. പാര്‍ട്ടികളില്‍ മാറിമാറി നിന്ന് തെരഞ്ഞെടുപ്പ് പരീക്ഷണം നടത്തി വിജയിച്ചുവരുന്ന ഗണേഷ് ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരരംഗത്തുള്ളത്.
എല്ലാ ഇലക്ഷനുകളിലും കേള്‍ക്കുന്ന ചില പതിവ് പേരുകാരുമുണ്ട്. അതിലൊന്നാണ് ജഗദീഷിന്റേത്. കഴിഞ്ഞതവണ പത്തനാപുരം മണ്ഡലത്തില്‍ ഗണേഷ്കുമാറിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ജഗദീഷ് മത്സരരംഗത്തുണ്ടാവില്ല.
ഇത്തവണ പ്രചരിക്കുന്ന താരസ്ഥാനാര്‍ത്ഥികളില്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നവര്‍ ധര്മ്മജന് ബോള്‍ഗാട്ടിയും മേജര്രവിയുമാണ്. രണ്ടുപേരും കോണ്‍ഗ്രസ് പാരമ്പര്യമുള്ളവരാണ്. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി ചില അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ മേജര്‍രവിയെ ബി.ജെ.പി. ക്യാമ്പില്‍ കെട്ടിയിടുകയായിരുന്നു. പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതോടെ അദ്ദേഹം സ്ഥാനാര്ത്ഥിയാകുമെന്നുറപ്പിക്കുന്നവര് ഏറെയാണ്. എന്നാല്‍ മേജര്‍രവി ഇത്തവണ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉണ്ടാവില്ലെന്നാണറിയുന്നത്. പക്ഷേ ധര്മ്മജന് ബോള്‍ഗാട്ടി കോണ്‍ഗ്രസ് പട്ടികയില്‍ ഇടം പിടിച്ചേക്കും. ബാലുശ്ശേരി നിയോജകമണ്ഡലം കോണ്‍ഗ്രസ് പാര്‍ട്ടി ധര്‍മ്മജനായി വിട്ടുനല്‍കും. ഐശ്വര്യകേരള യാത്രയുടെ ഭാഗമായതിന്റെ പേരില്‍മാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതുന്നവരല്ല ഇടവേള ബാബുവും രമേഷ് പിഷാരടിയും.
പതിവുപോലെ ഇത്തവണയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കേണ്ടതായിരുന്നു. പക്ഷേ ഇക്കുറി അവരെ ഏതാണ്ട് ഒഴിവാക്കിയ മട്ടാണ്. വാസ്തവത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ രാഷ്ട്രീയപ്രവേശനം ഒട്ടും ആഗ്രഹിക്കാത്തവരാണ്.
ഭീമന് രഘു, സംവിധായകന് രാജസേനന് എന്നിവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി മത്സരിച്ചതാണെങ്കില്‍ ഇത്തവണ അവരുടെ പേരുകള്‍ എവിടേയും കേള്‍ക്കാനില്ല. എന്നാല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരസ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റേതാണ്. കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ അംഗത്വമെടുത്ത കൃഷ്ണകുമാറിന് തിരുവനന്തപുരത്ത് ഒരു സീറ്റ് കിട്ടുമെന്നറിയുന്നു. സുരേഷ്ഗോപി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്നുവച്ച സ്ഥിതിക്ക് കൃഷ്ണകുമാറിനെ പരിഗണിക്കാന്‍ ഇടയുണ്ട്.
Recent Comments