മലയാളത്തിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ ഒരാള്‍ അടുത്തിടെ നടന് ദിലീപിനെ കണ്ടപ്പോള്‍ ചോദിച്ചു.
‘ചേട്ടന്റെ സിനിമ മാത്രമേയുള്ളൂ ഇനി തുടങ്ങാന്‍. എന്താണ് അതിന് വൈകുന്നത്?’
അതിനുള്ള ദിലീപന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഞാനൊരു നിര്മ്മാതാവായതുകൊണ്ട്. അവരുടെ പ്രയാസം എനിക്കറിയാവുന്നതുകൊണ്ട്. ഞങ്ങള്‍തന്നെ നിര്‍മ്മിച്ച ഒരു ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. നാലഞ്ച് ദിവസത്തെക്കൂടി വര്‍ക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ. അതുപോലും തുടങ്ങാന്‍ ഭയമാണ്. പൂര്‍ത്തിയാക്കിയിട്ട് എന്ത് ചെയ്യാനാണ്? എന്ന് റിലീസ് ചെയ്യാനാണ്?’
വളരെ പ്രസക്തമാണ് ദിലീപിന്റെ ഈ ചോദ്യം. നിലവില്‍ നൂറോളം സിനിമകള്‍ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ അതില്‍നിന്ന് പിന്മാറിക്കൊണ്ടുമിരിക്കുന്നു. ഇതിനിടയിലാണ് ഒരേസമയം പതിമൂന്നോളം മലയാളസിനിമയുടെ ഷൂട്ടിംഗ് കേരളത്തില്‍ മാത്രം നടന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി മുതല്‍ സൈജു വില്‍സന്റെ ചിത്രങ്ങള്‍ വരെ ആ പട്ടികയിലുണ്ട്. ഇതൊക്കെ എന്ന് തീയേറ്ററുകളില്‍ എത്തുമെന്ന് ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഒരുത്തരവുമില്ല.
പടങ്ങള്‍ നടേക്കണ്ട എന്നല്ല അതിനര്‍ത്ഥം. സിനിമകള്‍ സജീവമാവുകതന്നെ വേണം. എങ്കില്‍ മാത്രമേ ആ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്നുനില്‍ക്കുന്ന അസംഖ്യം തൊഴിലാളികളുടെയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടെയും നിത്യനിതാന ചെലവുകള്‍ പോലും നടന്നുപോകൂ.
എന്നുകരുതി മലയാള സിനിമ ഇന്ന് നേരിടുന്ന പ്രതിസന്ധിയെ അഡ്രസ്സ് ചെയ്യാന്‍ കഴിയാതെ പോകരുത്. അത് ഗുണത്തേക്കാളേറെ ദോഷമേ സൃഷ്ടിക്കൂ.
പണ്ടുകാലത്ത് പൂര്‍ണ്ണമായും കാശ് മുടക്കിയിരുന്നവരായിരുന്നു നിര്‍മ്മാതാക്കള്‍. കാലത്തിന്റെ വികാസപരിണാമങ്ങള്‍ക്കിടയില്‍ സിനിമയും ഒരുപാട് മാറി. അതിന്റെ വാണിജ്യമൂല്യം ഉയര്‍ന്നു. അതോടെ കച്ചവടസാധ്യതയും ഏറി. ആഡിയോ റൈറ്റ്സും ഓവര്‍സീസ് റൈറ്റ്സും റീമേക്ക് റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സും ഒ.ടി.ടി റൈറ്റ്സുമൊക്കെ മാര്‍ക്കറ്റിംഗ് സാധ്യതകളായി വളര്‍ന്നു. അതിനെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന നിര്‍മ്മാതാക്കളും ഉണ്ട്.
കുറച്ചുകാലം മുമ്പുവരെയും ചില പുതുപണക്കാരായ നിര്‍മ്മാതാക്കളെ ഇവിടുത്തെ ചിലര്‍ ചാക്കിട്ട് പിടിച്ചിരുന്നത് സാറ്റ്ലൈറ്റ് റൈറ്റിന്റെ പേര് പറഞ്ഞായിരുന്നു. സിനിമ തുടങ്ങുന്നതിനുമുമ്പേ ടേബിള്‍ പ്രോഫിറ്റ് പറഞ്ഞ് അവരെ വലയില്‍ വീഴ്ത്തും. അതിന്റെ ഫലമായി കുറെ ഗുണവും മണവുമില്ലാത്ത സിനിമകള്‍ പടച്ചിറക്കപ്പെടുകയും ചെയ്തു. കള്ളത്തരം പിടിക്കപ്പെട്ടതോടെ ചാനലുകാര് സാറ്റ്ലൈറ്റ് റൈറ്റിനുമേല് പിടിമുറുക്കി. സിനിമ തീയേറ്ററിലെത്തിയശേഷം സാറ്റ്ലൈറ്റ് റൈറ്റ്സ് എന്ന നിയമം നടപ്പിലാക്കി. അത് പൊതുവിലും മലയാളസിനിമയ്ക്ക് ഗുണം ചെയ്തു. മലയാളസിനിമ അതിന്റെ പഴയ ഗുണനിലവാരത്തിലേയ്ക്ക് തിരിച്ചെത്താന്‍ തുടങ്ങിയ നാളുകളായിരുന്നു. അതിനിടയിലാണ് ഒ.ടി.ടിയുടെ ആവിര്‍ഭാവം. ലൂസിഫര്‍ പോലൊരു ചിത്രം മോഹവിലയ്ക്ക് വിറ്റു പോയതോടെ ഒ.ടി.ടി സാധ്യതയ്ക്ക് പിന്നാലെയായി മലയാളസിനിമ. പക്ഷേ സായിപ്പന്മാരാണ്, അവരെ അത്ര പെട്ടെന്നൊന്നും പറ്റിക്കാനാവില്ല. അതിനി എത്ര മലയാളി ബുദ്ധിയുണ്ടെന്ന് അവകാശപ്പെട്ടാലും. അതുകൊണ്ടാണല്ലോ ഒ.ടി.ടി പ്ലാറ്റ്ഫോമിനെക്കുറിച്ച് സര്‍വ്വത്ര പ്രചാരണമുണ്ടായിട്ടും വിരലിലെണ്ണാവുന്ന ചിത്രങ്ങളെമാത്രം അവര്‍ ഈ പ്ലാറ്റ്ഫോമിലേയ്ക്ക് കാല് തൊടുവിച്ചത്. എന്തിന് കോവിഡ് കാലത്തുപോലും മൂന്നോ നാലോ ചിത്രങ്ങളാണ് ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ടത്.
പണ്ട് നിര്‍മ്മാതാക്കളെ സാറ്റ്ലൈറ്റ് റൈറ്റ്സ് പറഞ്ഞ് പറ്റിച്ചമാതിരി, ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോം കാട്ടി മോഹിപ്പിക്കുകയാണോ എന്ന് സംശയമുണ്ട്. അല്ലായെങ്കില്‍ ഇങ്ങനെ അന്തവും കുന്തവുമില്ലാതെ സിനിമകള്‍ പൊട്ടിമുളയ്ക്കില്ലെന്നുറപ്പ്.
ഇവിടുത്തെ പരിണിതപ്രജ്ഞരായ നിര്‍മ്മാതാക്കള്‍ വിചാരിച്ചിട്ടുപോലും പല സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് കുഞ്ചാക്കോ ബോബന് അഭിനയിച്ച മോഹന്‍കുമാര്‍ ഫാന്‍സ്. അങ്ങനെ നിരവധി സിനിമകള്‍ വേറെയുമുണ്ട്.
നിലവില്‍ കോടികള്‍ മുടക്കി സിനിമകള്‍ ചെയ്ത നിര്‍മ്മാതാക്കളുടെ കാര്യംപോലും അനിശ്ചിതാവസ്ഥയിലിരിക്കെയാണ്, ഇനി എന്ന് റിലീസ് ചെയ്യുമെന്നുപോലും അറിയാതെ അണിയറയില്‍ സിനിമകള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.
വലിയ ബഡ്ജറ്റില്‍ പടമെടുത്ത നിര്‍മ്മാതാക്കളുടെ കാര്യമാണ് കഷ്ടം. കോടികളാണ് അവര്‍ക്ക് പലിശയിനത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രദര്‍ശനം വൈകുംതോറും ആ നഷ്ടം കൂടുകയേയുള്ളൂ. പലരും ആത്മഹത്യയുടെ മുനമ്പിലാണ്. നൂറുകോടി മുടക്കിയാണ് ആന്റണി പെരുമ്പാവൂരെന്ന അതികായകന് കുഞ്ഞാലിമരയ്ക്കാര്‍ പോലൊരു സിനിമ നിര്‍മ്മിച്ചത്. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ചുറ്റും കരുത്തന്മാരുണ്ടായിട്ടും, കോവിഡ് കാലത്ത് ഏറെ സാമ്പത്തിക പ്രതിസന്ധി നേരിട്ട നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. അദ്ദേഹംതന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാള്പോലും കാലുറപ്പിക്കാന്‍ പാടുപെടുന്ന ഭൂമികയില്‍നിന്നാണ് യാതൊരു പിന്‍ബലവുമില്ലാത്ത മഹാ ഭൂരിപക്ഷവും സിനിമയ്ക്ക് പിന്നാലെ ഈയാംപാറ്റകളെപ്പോലെ പായുന്നത്. സിനിമയോടുള്ള അവരുടെ പാഷനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പക്ഷേ അത് ഡെമോക്ലസിന്റെ വാളുപോലെ നിങ്ങള്‍ക്കുനേരെ വീഴരുതെന്നു മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ.
Recent Comments