പത്ത് ദിവസമായി ഗുരുപവനപുരി ഉത്സവമേളത്തിലായിരുന്നു. മാര്‍ച്ച് 6 വെള്ളിയാഴ്ചയായിരുന്നു ആറാട്ട്. പള്ളിവേട്ടയ്ക്കായി ഭഗവാന് പുറത്തേയ്ക്ക് എഴുന്നള്ളി നീങ്ങുന്നതിനിടെ കണ്ണനെ തൊഴാനായി ഗായകന് പി. ജയചന്ദ്രനും പത്നി ലളിതയും എത്തി.
മാര്‍ച്ച് അഞ്ചാംതീയതി ജയചന്ദ്രന്റെ 77-ാം പിറന്നാള്‍ ദിനമായിരുന്നു. ഒരു വര്‍ഷമായി ഭഗവാനെ കാണാന്‍ കഴിയാത്ത വേദനയോടെയാണ് അദ്ദേഹമെത്തിയത്. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടദ്ദേഹം കിഴക്കേ നടയില്‍നിന്ന് ഭഗവാനെ തൊഴുത് പ്രാര്‍ത്ഥിച്ചു. കാണിക്കയര്‍പ്പിച്ചു. അതിനുശേഷമാണ് ആനപ്പുറത്ത് കയറി നഗരപ്രദക്ഷിണം ചെയ്യുകയായിരുന്ന ഭഗവാനെ കാണാന്‍ ജയചന്ദ്രനും ഭാര്യയുംകൂടി തെക്കേനടയിലേയ്ക്ക് പോയത്. ചെയര്മാന് മോഹന്‍ദാസും ട്രസ്റ്റ് മെംബര്‍ അജിത്തും ജയചന്ദ്രനെ മേളത്തിന് മുന്നിലേയ്ക്ക് ആനയിച്ചു. ജയചന്ദ്രനെ കണ്ടതും പെരുവനം കുട്ടന് മാരാര്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ചു. ചുറ്റിനും നിന്നവര്‍ കൗതുകത്തോടെ ആ കാഴ്ച നോക്കിനിന്നു.
അല്‍പ്പനേരം ആറാട്ടിനൊപ്പം നീങ്ങിയശേഷമാണ് ജയചന്ദ്രനും ഭാര്യയും വീട്ടിലേയ്ക്ക് മടങ്ങിയത്.
ആറാട്ട് ദിവസം ഭഗവാനെ തൊഴാന്‍ ജയരാജ് വാര്യരും എത്തിയിരുന്നു. മാസ്ക് ധരിച്ചതിനാല്‍ പലരും ജയരാജ് വാര്യരെ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ജയരാജിനെ കണ്ട് നഗരസഭാ ചെയര്മാന് കൃഷ്ണദാസ് ചിരിച്ചു. ഒരു വര്‍ഷമായി പരിപാടികള്‍ കുറവാണെന്ന് ജയന് ചെയര്‍മാനോട് പറഞ്ഞു. തിച്ചൂര്‍ മോഹനും പറക്കാട് തങ്കപ്പന് മാരാരും ജയചന്ദ്രന്റെ കൈപിടിച്ച് ആശ്ലേഷിച്ചു.
‘മ് മ് മ്’ എന്ന സിനിമ ഓസ്കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ സന്തോഷത്തിലാണ് സംവിധായകന് വിജീഷ് മണി എത്തിയത്. വിജീഷിനെ ജയരാജ് വാര്യര്‍ പൊന്നാട അണിയിച്ചു. ഐ.എം. വിജയനാണ് ‘മ് മ് മ്’ലെ നായകന്. സോഹന്‍ റോയ് നിര്‍മ്മിച്ച പടം അടുത്തമാസം തീയേറ്ററിലെത്തുമെന്ന് വിജീഷ് മണി പറഞ്ഞു.
എല്ലാ വര്‍ഷവും ഉത്സവത്തിനെത്താറുള്ള ദുബായ് വ്യവസായി ധീരജ് ഗോപാലും ഗായകന് മധു ബാലകൃഷ്ണന്റെ അനുജനും പരസ്യസംവിധായകനായ ശ്രീകുമാറും ജയരാജ് വാര്യരുടെ അടുത്തുവന്ന് ഉത്സവവിശേഷങ്ങള്‍ പങ്കിട്ടു.
‘അടുത്ത വര്‍ഷത്തേയ്ക്ക് എല്ലാം ശരിയാകും. വേഗം വീട്ടിലെത്തണം. അമ്മ കാത്തിരിക്കുന്നുണ്ടാവും.’ യാത്ര പറഞ്ഞ് ജയരാജ് വാര്യര്‍ ഇറങ്ങി.
ഈ സമയം ആറാട്ട് കിഴക്കേനടയിലേയ്ക്ക് എത്തിയിരുന്നു.
Recent Comments