പനിയെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത സുരേഷ്ഗോപി നാളെ ആശുപത്രി വിടും. ഇന്ന് ഡിസ്ചാര്‍ജ്ജ് ആകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ രാവിലെ സുരേഷ്ഗോപിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഒരു സ്കാനിംഗിന് കൂടി വിധേയമാകണമെന്ന് അറിയിച്ചതോടെയാണ് ഡിസ്ചാര്‍ജ്ജ് മാറ്റിയത്. സ്കാനിംഗില്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ നാളെതന്നെ ഹോസ്പിറ്റല്‍ വിടും. എന്നാലും കുറച്ചുദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ലൊക്കേഷനില്‍നിന്നാണ് പനിയെത്തുടര്‍ന്ന് സുരേഷ്ഗോപി ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തുന്നത്. വിദഗ്ദ്ധ പരിശോധനയില്‍ സുരേഷ് ഗോപിയുടെ ശ്വാസകോശത്തില്‍ ന്യുമോണിയയുടെ നേരിയ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് തുടര്‍ചികിത്സയ്ക്ക് വിധേയനാവുകയായിരുന്നു.
ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങി നേരെ പാപ്പന്റെ സെറ്റില്‍ ജോയിന്‍ ചെയ്യാനായിരുന്നു സുരേഷ്ഗോപിയുടെ പദ്ധതി. അതിനിടയിലാണ് ബി.ജെ.പിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. തൃശൂര്‍ നിയോജകമണ്ഡലത്തില്‍നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
മത്സരരംഗത്ത് താന്‍ ഉണ്ടാവില്ലെന്ന് സുരേഷ്ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അദ്ദേഹം സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചത്.
മത്സരരംഗത്ത് ഉണ്ടാകുമെങ്കിലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അദ്ദേഹം സജീവമായി ഉണ്ടാകാനിടയില്ല. ആരോഗ്യപ്രശ്നങ്ങള്തന്നെയാണ് പ്രധാന കാരണം. പോരാത്തതിന് പാപ്പന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ ബ്രേക്ക് ഇല്ലാതെ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഇലക്ഷന് മുന്നില്‍ കണ്ടുകൊണ്ട് മാര്‍ച്ച 25 മുതല്‍ ഏപ്രില്‍ 6 വരെ സുരേഷ്ഗോപിയെ ഒഴിവാക്കിക്കൊണ്ടുള്ള ഷെഡ്യൂള്തന്നെയാണ് പ്രൊഡക്ഷന്‍ ടീം പ്ലാന്‍ ചെയ്തിരുന്നത്. അതിനു മുമ്പായി അഞ്ച് ദിവസമെങ്കിലും സുരേഷ് ഗോപിയെ ലൊക്കേഷനില്‍ കിട്ടിയാല്‍ മാത്രമേ ഷൂട്ടിംഗ് മുടക്കമില്ലാതെ നടക്കൂ. നാളെ ഹോസ്പിറ്റല്‍ വിട്ടശേഷം ഇക്കാര്യത്തില്‍ സുരേഷ്ഗോപി അന്തിമ തീരുമാനമെടുക്കുമെന്നറിയുന്നു.
Recent Comments