ഓരോ ധാന്യമണിയിലും അത് ഭക്ഷിക്കാന്‍ യോഗ്യനായിട്ടുള്ളവന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇതൊരു ജീവിത പാഠമാണെങ്കില്‍ സിനിമയിലും അങ്ങനെ ചില വിശ്വാസങ്ങളുണ്ട്. ഓരോ കഥാപാത്രവും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവരാണത്രെ താരങ്ങള്‍. അറിഞ്ഞോ അറിയാതെയോ അതവരിലേക്കുതന്നെ എത്തപ്പെടും.
ശരിയാണ്, ചില അനുഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്. അല്ലായിരുന്നെങ്കില്‍ ദൃശ്യത്തിലെ പ്രഭാകറിനെ അവതരിപ്പിക്കാന്‍ സിദ്ധിക്കിന് നിയോഗമുണ്ടാകുമായിരുന്നില്ലല്ലോ. ദൃശ്യം രണ്ടിലെ തോമസ് ബാസ്റ്റിന് ഐ.പി.എസിനെ അവതരിപ്പിക്കാന്‍ മുരളി ഗോപിക്കും.
ദൃശ്യത്തിന്റെ തിരക്കഥ പൂര്‍ത്തിയായതിനുശേഷം സംവിധായകന് കൂടിയായ ജീത്തു ജോസഫ് അനുയോജ്യരായ താരങ്ങളെ തേടുമ്പോള്‍ പ്രഭാകറായി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ലാലു അലക്സായിരുന്നു. ലാലുവിനോട് കഥ പറയുകയും ചെയ്തിരുന്നു. പക്ഷേ പ്രതിഫലത്തെച്ചൊല്ലിയാണ് ആ കഥാപാത്രത്തെ ലാലു അലക്സ് വേണ്ടെന്നുവച്ചത്. അതിനുശേഷം ജീത്തു നിര്‍ദ്ദേശിച്ച പേര് സായികുമാറിന്റേതായിരുന്നു. അവിടെ ഡേറ്റ് ക്ലാഷും പ്രതിഫലവും കീറാമുട്ടിയായപ്പോഴാണ് സിദ്ധിക്കിലേയ്ക്ക് ആ കഥാപാത്രമെത്തുന്നത്. സിദ്ധിക്കിന്റെ കരിയറില്‍ പ്രഭാകര്‍ എന്ന കഥാപാത്രം നല്കിയ ബ്രേക്ക്ത്രൂ ചെറുതല്ല.
സമാനമായ ഒരനുഭവം ദൃശ്യം രണ്ടിന്റെ സ്റ്റാര്‍ കാസ്റ്റിംഗിലുമുണ്ടായി. അതിലെ തോമസ് ബാസ്റ്റിന് എന്ന ഐ.ജിയുടെ റോളിലേയ്ക്ക് ജീത്തു ശുപാര്‍ശ ചെയ്തത് ബിജുമേനോനെയായിരുന്നു. എന്നിട്ടും അലസിപ്പോയത് പ്രതിഫലത്തെ ചൊല്ലിയായിരുന്നത് മറ്റൊരു വൈചിത്ര്യമാകാം. അതിനുശേഷമാണ് തോമസ് ബാസ്റ്റിന് മുരളി ഗോപിയിലേയ്ക്ക് എത്തുന്നത്. ശരീരംകൊണ്ടും മനസ്സുകൊണ്ടും തോമസ് ബാസ്റ്റിനെ മുരളി ഗോപി ഏറ്റുവാങ്ങിയതോടെ ദൃശ്യത്തിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൊന്നായി അത് മാറുകയായിരുന്നു.
ചിലത് അങ്ങനെയാണ്. ചില കഥാപാത്രങ്ങളില്‍ ചില താരങ്ങളുടെ പേര് കൊത്തിവച്ചിരിക്കും. അവര്‍ക്ക് മാത്രമേ അത് ചെയ്യാന്‍ നിയോഗമുണ്ടാകൂ.
Recent Comments