ഇന്നും മോഹന്‍ലാലിന്റെ വലത് കൈത്തണ്ടയില്‍ വേലിന്റെ പച്ച കുത്തിയ പാട് കാണാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും ആ വടു മായാതെ കിടക്കുകയാണ്; കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍പോലെ. ആ പച്ചകുത്തലിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.
ജോഷി സംവിധാനം ചെയ്യുന്ന നരന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ നടക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് മുള്ളന്‍കൊല്ലി വേലായുധന്.
തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദ്, കഥാപാത്രസൃഷ്ടിയുടെ ഭാഗമായി വേലായുധന്റെ കൈത്തണ്ടയില്‍ വേലിന്റെ രൂപം വേണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു.
അന്ന് ലാലിന്റെ പേഴ്സണല്‍ മേക്കപ്പ് മാന്‍ സലിമാണ്. അദ്ദേഹത്തിനായിരുന്നു വേലിന്റെ ഡമ്മി ഉണ്ടാക്കാനുള്ള ചുമതല. സലിം അത് ഉണ്ടാക്കി കൊണ്ടുവന്നു എങ്കിലും കയ്യില്‍ ഏറെ നേരം ഒട്ടിനില്ക്കുന്നുണ്ടായിരുന്നില്ല. ഇടയ്ക്കിടെ അത് അടര്‍ന്നുവീഴാന്‍ തുടങ്ങി. വെള്ളത്തിനടിയില്വച്ചും ചിത്രീകരിക്കേണ്ട അനവധി രംഗങ്ങള്‍ ആ സിനിമയില്‍ ഉണ്ട്. ഡമ്മി പരീക്ഷണം വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ മറുവഴികള്‍ ആലോചിച്ചു.
പൊള്ളാച്ചിയിലെ ഒരു തെങ്ങിന്തോപ്പില്വച്ചായിരുന്നു അന്നത്തെ ഷൂട്ടിംഗ്. ഷൂട്ടിംഗ് കാണാന്‍ നിരവധിപ്പേര്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ പച്ചകുത്തുന്ന നാടോടിസംഘത്തിലെ ഒരാളുമുണ്ടായിരുന്നു. സംവിധാന സഹായികളില്‍ ഒരാളാണ് അങ്ങനെ ഒരാള്‍ അവിടെയുണ്ടെന്ന് പറയുന്നത്.
‘എങ്കില്‍ പച്ച കുത്തിയാലോ’ ലാല്‍ തന്നെയാണ് അങ്ങനെയൊരാശയം മുന്നോട്ട് വച്ചത്. ഷൂട്ടിംഗ് മുടങ്ങാതിരിക്കാന്‍ തല്ക്കാലം മറ്റു മാര്ഗ്ഗമൊന്നുമില്ലെന്നായപ്പോള് സംവിധായകന് ജോഷി അതിന് അനുവാദം കൊടുത്തു. അങ്ങനെ നാടോടി ലാലിന്റെ അരികിലെത്തി.
‘പച്ച കുത്തുമ്പോത് റൊമ്പ വലിക്കുമാ…’ ലാല്‍ ചോദിച്ചു.
‘ഒരു സിന്ന കൊസു കടിക്കറ വലിതാന് വറുമയ്യ.’
‘അപ്പടീന്നാ ആകട്ടും.’
അത് കേള്‍ക്കേണ്ട താമസം അയാള്‍ തന്റെ സഞ്ചിയില്‍നിന്നും ഒരു സൂചി തപ്പിയെടുത്തു. എന്നിട്ട് ലാലിന്റെ കൈത്തണ്ടയില്‍ പച്ച കുത്താന്‍ തുടങ്ങി.
സൂചിമുന ലാലിന്റെ ശരീരത്തില്‍ തുളഞ്ഞ് കയറുമ്പോള്‍ അദ്ദേഹം വേദന കടിച്ചമര്ത്തിയിരിക്കുകയായിരുന്നു. അത് മുഖത്ത് തെളിയാതിരിക്കാനും ശ്രദ്ധിച്ചു. ഇടയ്ക്ക് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നിട്ടും പച്ച കുത്തി കഴിയുന്നതുവരെ ലാല്‍ അയാളുടെ ജോലിയെ തടസ്സപ്പെടുത്തിയതേയില്ല.
ഒടുവില്‍ പച്ചകുത്ത് അവസാനിച്ചപ്പോള്‍ ലാല്‍ നാടോടിയോട് ചോദിച്ചു. ‘ഇതാ വലിക്കാതെന്ന് ചൊന്നിങ്കേ.’ ഒരു തലക്കുലുക്കില് തന്റെ ദേഷ്യമെല്ലാമടക്കി ലാല്‍ മടങ്ങി.
ആ പച്ചകുത്തലിന്റെ പാടാണ് ലാലിന്റെ കൈത്തണ്ടയില്‍ ഇന്നുമുള്ളത്. അത് മായ്ക്കാന്‍ പിന്നീട് പല ശ്രമങ്ങളും നടന്നു. ഒന്നും വിജയിച്ചില്ല. അതിപ്പോഴും ലാലിന്റെ ശരീരത്തോട് ചേര്‍ന്ന് നില്ക്കുന്നു.
വളരെ പ്രാകൃതവും അണുവിമുക്തമാണെന്ന് ഉറപ്പുമില്ലാത്ത ഈ പച്ചകുത്തലിന് മറ്റൊരു അഭിനേതാവും തയ്യാറാകില്ല. എന്നാല്‍ കഥാപാത്രങ്ങള്‍ക്കുവേണ്ടി ഇത്തരം ശരീരപീഡകള്‍ ഏറ്റുവാങ്ങാന്‍ ലാല്‍ എന്നും തയ്യാറായിട്ടുണ്ട്.
Recent Comments