സിനിമയ്ക്കുള്ളിലെ സിനിമയാണ് ജിസ് ജോയ് യുടെ മോഹന്‍കുമാര്‍ ഫാന്‍സ്. മോഹന്‍കുമാറാണ് നായകന്. അദ്ദേഹത്തിന്റെ ഫാന്‍സുകാരാണ് ഏതാണ്ട് മറ്റുള്ളവരെല്ലാം. വില്ലന്‍ വേഷക്കാര്‍ ആരുമില്ല. അല്ലെങ്കിലും ജിസ് സിനിമകള്‍ക്ക് വില്ലനോടല്ല താല്‍പ്പര്യം, ജീവിതാനുഭവങ്ങളോടാണ്. അത് ചില നേരത്ത് വില്ലന്‍വേഷം കെട്ടിവരുമെന്നുമാത്രം.
ജിസ് രചനകള്‍ക്ക് വല്ലാത്തൊരു കൗശലമുണ്ട്. നമ്മളൊന്ന് വിചാരിക്കുകയും മറ്റൊന്ന് സംഭവിപ്പിക്കുകയും ചെയ്യുന്ന എഴുത്ത് വിദ്യയാണിത്. കഥാസന്ദര്‍ഭങ്ങളിലെല്ലാം ഈ പുതുമ അനുഭവവേദ്യമാണ്.
അല്ലെങ്കിലും നോക്കൂ സിനിമയില്‍നിന്ന് തീര്‍ത്തും ഔട്ടായ ഒരാളാണ് ഈ ചിത്രത്തിലെ നായകന്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അയാളുടെ രണ്ടാംവരവാണ് സിനിമ. കഥയുടെ ഈ അസാധാരണത്വത്തിന് സഞ്ജയ്, ബോബി എന്നീ എഴുത്തുകാരെ വണങ്ങാതെ തരമില്ല. പക്ഷേ, അതിനൊരു തിരക്കഥയുണ്ടാക്കുക തീര്‍ത്തും ദുഷ്കരമാണ്. കാരണം, അനവധി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട് മലയാളത്തിലെ പല പ്രശസ്തരും. അവിടെയൊന്നും കാണാത്ത കഥാ സന്ദര്‍ഭങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്നതില്‍ ജിസ് വിജയിച്ചിട്ടുണ്ട്. ഒരു പക്ഷേ ജിസിനോടുള്ള ഈ ആത്മവിശ്വാസം തന്നെയാകാം കഥ കൊടുത്തിട്ട് പിന്നണിയില്‍ പോയി ആട്ടം കാണാന്‍ സഞ്ജയ് ബോബിമാരെ പ്രേരിപ്പിച്ചതും.
നേരത്തെ പറഞ്ഞല്ലോ, ഇത് മോഹന്‍കുമാറിന്റെ സിനിമയാണ്. സിദ്ധിക്കാണ് മോഹന്‍കുമാര്‍. കഥാന്ത്യത്തോടടുക്കുന്ന ഓരോ നിമിഷങ്ങളിലും മോഹന്‍കുമാര്‍ പ്രേക്ഷകരെ കണ്ണീരില്‍ പൊതിഞ്ഞ് നിര്‍ത്തുകയാണ്. സിദ്ധിക്കിന്റെ കവിളത്ത് വിരിയുന്ന ചെറിയ ഭാവവ്യത്യാസങ്ങള്‍ കൊണ്ടാണ് ആ ജാലവിദ്യ സംഭവിക്കുന്നത്. അതൊരു ലക്ഷണമൊത്ത നടന്റെ സൂചനയാണ്.
ഫാന്‍സുകാരന്റെ വേഷമാണെന്ന് അറിഞ്ഞിട്ടും സ്വയം ഒതുങ്ങിക്കൂടാന്‍ കൃഷ്ണനുണ്ണി (കുഞ്ചാക്കോ ബോബന്) കാട്ടുന്ന മഹാമനസ്കതയ്ക്കും കൂപ്പുകൈ.
മോഹന്‍കുമാര്‍ കഴിഞ്ഞാല്‍ പിന്നെ ഓര്‍ക്കുന്ന ഒരു കഥാപാത്രം കൃപേഷ് എന്ന ആഘോഷ് മേനോനാണ്. മലയാള സിനിമയിലെ ചില താരജാഡകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ആഘോഷ് മേനോന്. ആക്ഷേപഹാസ്യത്തിലൂടെയാണെങ്കിലും ചില വിമര്‍ശനങ്ങളും ആഘോഷ് മേനോനിലൂടെ ജിസ് ജോയ് ഉയര്‍ത്തുന്നുണ്ട്. ആഘോഷ് മേനോനെ ഓര്‍ക്കുന്നത് വിനയ്ഫോര്‍ട്ട് ആ വേഷത്തെ അത്രകണ്ട് ഗംഭീരമാക്കിയതുകൊണ്ടാണ്.
ജിസിന്റെ എഴുത്തുപോലെ മേക്കിംഗും അനായാസരഹിതമായ അനുഭവമാണ് സമ്മാനിക്കുന്നത്. കാഴ്ച ഒട്ടും മുഷിപ്പിക്കുന്നില്ല. അലോസരപ്പെടുത്തുന്നുമില്ല. തൊട്ടുതലോടുന്ന ഫീലാണ്.
ഇനി വേണമെങ്കില്‍ അതിന്റെ ക്ലൈമാക്സിനെക്കുറിച്ച് അഭിപ്രായഭിന്നതകളുണ്ടാകാം. ശുഭപര്യവസായിയായിത്തീരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി തീര്‍ത്ത ക്ലൈമാക്സ് പോലെ. പക്ഷേ അതൊരു കുറവല്ല.
Visit Gallery for more images: Mohankumar Fans
Recent Comments