എന്റെ അച്ഛന് കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു. അക്കാലത്ത് പള്ളിമുറ്റം അലങ്കരിച്ചിരുന്ന പൂക്കളെല്ലാം അച്ഛന് നൂലുകൊണ്ടും പേപ്പര്‍ കൊണ്ടും തീര്‍ത്തവയായിരുന്നു. അദ്ദേഹം നന്നായി പുല്‍ക്കൂടുണ്ടാക്കുകയും അലങ്കരിക്കുകയും ചെയ്യുമായിരുന്നു. ക്രിസ്തുമസ് രാവില്‍ പള്ളിയില്‍ ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി സമ്മാനിച്ചിരുന്നത് അച്ഛനാണ്. പള്ളികളില്‍ തിരുപ്പിറവി അറിയിച്ചിരുന്നതും ആ രൂപംവച്ചുകൊണ്ടായിരുന്നു.
ഈസ്റ്റര്‍ കാലത്ത് പള്ളിയിലുണ്ടായിരുന്ന പോര്‍ച്ചുഗീസ് ശേഷിപ്പുകളിലൊന്നായ യേശുവിന്റെ രൂപം കൊണ്ട് കുരിശില്‍ തറച്ചിരുന്നതും അച്ഛനാണ്. മൂന്നാം നാള് മറ്റൊരു രൂപം കൊണ്ട് ഉയര്ത്തെഴുന്നേല്പ്പിക്കുമായിരുന്നു. നാടാകെ ആ രൂപവുംകൊണ്ട് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശം പ്രചരിപ്പിക്കുമായിരുന്നു. യേശുക്രിസ്തുവിനെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്ത ആളായിട്ടാണ് ഞാനെന്റെ അച്ഛനെ വിശേഷിപ്പിച്ചിരുന്നത്. അള്ത്താരയോടൊപ്പം നിന്ന ഒരാളായിരുന്നിട്ടുകൂടിയും അള്‍ത്താരയിലെ അശുദ്ധികളെ അദ്ദേഹം അകറ്റി നിര്‍ത്തിയിരുന്നു. അദ്ദേഹം കുര്‍ബാന കൈക്കൊള്ളുന്നതും കുമ്പസരിക്കുന്നതുമൊന്നും ഞാന്‍ കണ്ടിട്ടില്ല.
അച്ഛന്റെ അച്ചന് ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അതുകൊണ്ടാണ് അച്ഛന് കോണ്‍ഗ്രസുകാരനായത്. അച്ഛന്റെ കണ്ണില്‍ കമ്മ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹികളും രാജ്യവിരുദ്ധന്മാരുമായത് അതുകൊണ്ടാകാം.
നല്ലൊരു ഫുട്ബോളര് കൂടിയായിരുന്നു അച്ഛന്. ഇടതുകാല്കൊണ്ടാണ് അദ്ദേഹം കളിച്ചിരുന്നത്. അനു ക്ലീറ്റസ് ലോപ്പസിന്റെ ലെഫ്റ്റ് കിക്ക് ഗോള്‍വല ചലിപ്പിക്കുമെന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു.
ഇടതുകാല് കൊണ്ട് കാല്പന്ത് തട്ടിയിരുന്ന അച്ഛനാണ് ഇടതുകൈകൊണ്ട് എന്നെ തല്ലുകയും ചെയ്തിരുന്നത്. എന്റെ നാടക ഭ്രമം അച്ഛന് ഇഷ്ടമായിരുന്നില്ല. അതായിരുന്നു തല്ല് വാങ്ങിക്കൂട്ടാനുള്ള കാരണം.
അച്ഛന് അനു ക്ലീറ്റസ് ലോപ്പസിനും അമ്മ ചെറുപുഷ്പത്തിനും ഞങ്ങള്‍ രണ്ട് മക്കളാണ്. അലന്‍സിയറും നിക്സണും. ദുബായിലായിരുന്നു നിക്സന് ജോലി. ഇന്നലെയാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു അച്ഛന്റെ മരണം. കുറേക്കാലമായി സുഖമില്ലാതെ കിടപ്പിലായിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 88 വയസ്സുണ്ടായിരുന്നു. സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്ന്നാണ് ഞാനും ഇവിടെ എത്തിയത്. നാളെ രാവിലെ 11 മണിക്ക് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍വച്ചാണ് ശവസംസ്ക്കാരം.
Recent Comments