പ്രേക്ഷകരും മലയാള സിനിമാലോകവും ഏറെ കാത്തിരുന്ന മോഹന്‍ലാലിന്റെ ബറോസിന് തുടക്കമായി. കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബറോസ് പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീയോഡിക് സിനിമയാണ്.
ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് മാത്രമല്ലായിരുന്നു മോഹന്‍ലാലിന്റെ ലക്ഷ്യം. താന്‍ സംവിധാനം ചെയ്യുന്ന ചിത്രം എല്ലാവര്ക്കും പ്രായഭേദമെന്യേ ഇഷ്ടപ്പെടുകകൂടി വേണം എന്നുള്ള കാര്യത്തില്‍ ലാലിന് ഏറെ നിര്‍ബ്ബന്ധമുണ്ടായിരുന്നു. ആദ്യമായി അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നവോദയയുടെ സംരംഭമായിരുന്നു. അതേ നവോദയയിലെ അപ്പച്ചന്റെ മകന് ജിജോ പുന്നൂസ് വര്‍ഷങ്ങള്‍ക്കിപ്പുറം ബറോസിനുവേണ്ടി കഥയെഴുതിയ മോഹന്‍ലാലിനോടൊപ്പം ഒത്തുകൂടുമ്പോള്‍ മറ്റൊരു ചരിത്രംകൂടി പിറക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും ബറോസില്‍ ഒരു മുഖ്യ വേഷത്തില്‍ എത്തുന്നു.
നിധി കാക്കുന്ന ഒരു ഭൂതത്താന്റെ കഥയാണ് ബറോസിലൂടെ പറയുന്നത്. മോഹന്‍ലാലാണ് ഭൂതത്താനായ ബറോസിനെ അവതരിപ്പിക്കുന്നത്. 400 വര്‍ഷങ്ങളായി നിധിയുടെ യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുന്ന ബറോസിനെത്തേടി ഒരു കുട്ടി എത്തുന്നിടത്തുനിന്നാണ് ചിത്രത്തിന്റെ ആരംഭം. ത്രീഡി ചിത്രമായ ബറോസിന്റെ ഛായാഗ്രാഹകന്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ പ്രതിഭാശാലിയായ സന്തോഷ്ശിവനാണ്. ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിന് സംഗീതം പകരുന്നതാകട്ടെ പതിമൂന്നുകാരനായ ലിഡിയന് നാദസ്വരമാണ്. ഇന്ത്യന്‍ താരങ്ങളെക്കൂടാതെ ഒട്ടേറെ സ്പാനിഷ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വാസ്കോഡഗാമയുടെ റോളില്‍ റഫേല്‍ അമര്‍ഗോയും ഭാര്യയുടെ റോളില്‍ പാസ് വേഗയും അഭിനയിക്കുന്നു.
Visit Gallery For More Images: Barroz Pooja
മമ്മൂട്ടി, ഫാസില്‍, പ്രിയദര്ശന്, സത്യന് അന്തിക്കാട്, സിബി മലയില്‍, സുരേഷ്കുമാര്‍, ആന്റണി പെരുമ്പാവൂര്‍, മേജര്‍ രവി, സിദ്ധിഖ്, പൃഥ്വിരാജ്, ദിലീപ്, അശോക് കുമാര്‍, ലാലു അലക്സ്, സന്തോഷ് ശിവന്, ജിജോ പുന്നൂസ്, സുചിത്ര മോഹന്‍ലാല്‍, സുപ്രിയ പൃഥ്വിരാജ് എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Recent Comments