ഇന്നലെയായിരുന്നു ലോക നാടക ദിനം. അതിനും ഏഴു ദിവസം മുമ്പാണ് എന്റെ അച്ഛന് മരിച്ചത്. അതിനുംമുമ്പ് പൂര്‍ത്തിയായ ഒരു സ്വപ്നഗൃഹമുണ്ടായിരുന്നു. ഭരതഗൃഹം എന്ന് ഞാന്‍ നാമകരണം ചെയ്ത എന്റെ വീട്. നടനും വീടും ചേര്‍ന്ന സങ്കല്‍പ്പം, അതാണ് ഭരതഗൃഹം.
വീടിന്റെ പൂമുഖത്തോട് ചേര്‍ന്നാണ് നാട്യഗൃഹം. നാടകവും സിനിമയും നൃത്തവും പാട്ടും ചിത്രരചനയുമൊക്കെ ആര്‍ക്കും വന്ന് നടത്താവുന്ന ഒരിടം. അതിനിയും തുറന്നുകൊടുക്കാതിരിക്കുന്നത് തെറ്റാണെന്ന് തോന്നി. അതിന് പറ്റിയ ഏറ്റവും നല്ല മുഹൂര്‍ത്തം ഈ നാടകദിനമാണെന്നും. അങ്ങനെയാണ് ഇന്നലെ രാവിലെ അടൂര്സാറിനെ വിളിക്കുന്നത്.
എനിക്ക് അടൂര്‍ സാറിനെ മുമ്പേ അറിയാം. ഞങ്ങളുടെ വായനശാലയുടെയും ഫിലിം സൊസൈറ്റിയുടെയും ഉദ്ഘാടനത്തിന് അദ്ദേഹത്തെ വിളിച്ചുകൊണ്ട് വന്നിട്ടുണ്ട്. ഒരിക്കല്‍ സി.പി. കൃഷ്ണകുമാറിനോടൊപ്പം അടൂര്‍സാറിന്റെ മതിലുകളുടെ സെറ്റില്‍ പോയതും ഓര്‍മ്മയിലുണ്ട്. പക്ഷേ അദ്ദേഹത്തിനെന്നെ അറിയുമോ എന്ന് സംശയമുണ്ടായിരുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയും തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ദിവസം തോമസ് മാഷ് എന്നെ വിളിച്ചു.
‘അടൂര്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും തീയേറ്ററില്‍ പോയി കണ്ടിരുന്നു. കുറെ കാലത്തിനുശേഷമാണ് അദ്ദേഹത്തിനൊരു മലയാളസിനിമ ഇഷ്ടപ്പെടുന്നത്. അലന്റെ അഭിനയവും. നിനക്ക് അദ്ദേഹത്തിനെ ഒന്നുപോയി കാണാമോ?’
ഷൂട്ടിംഗ് തിരക്കുകളൊഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ദിവസം ഞാന്‍ ആദ്യം വിളിച്ചത് അടൂര്സാറിനെയാണ്. ഫോണ്‍ എടുക്കുമ്പോള്‍ ഞാനദ്ദേഹത്തെ പരിചയപ്പെടുത്തി.
‘എന്റെ പേര് അലന്‍സിയര്‍ എന്നാണ്. ഒരു സിനിമാനടനാണ്.’
അടൂര്‍സാറിന്റെ ചിരിയാണ് ഞാനാദ്യം കേട്ടത്. അദ്ദേഹം പറഞ്ഞു.
‘എനിക്ക് നന്നായി അറിയാം. നിങ്ങള്‍ തിരുവനന്തപുരത്തുണ്ടോ?’
‘ഉണ്ട്.’
‘എങ്കില്‍ നാളെ 10 മണിക്ക് വീട്ടിലേയ്ക്ക് വരാമോ?’
രാജ്യാന്തര ചലച്ചിത്രോത്സവം തലസ്ഥാനനഗരിയില്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. പിറ്റേന്ന് രാവിലെ 10.30 നുള്ള ഷോ ഞാന്‍ റിസര്‍വ് ചെയ്തിരുന്നു. അതൊഴിവാക്കിയാണ് അടൂര്‍സാറിന്റെ വീട്ടിലെത്തിയത്. വെറും ‘മുഖാമുഖം’ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ എന്നെപ്പോലും അത്ഭുതപ്പെടുത്തി, അന്നുച്ചയ്ക്ക് 2.30 ന് അദ്ദേഹം റിസര്‍വ് ചെയ്തിരുന്നു ഒരു പടം ഒഴിവാക്കിക്കൊണ്ടായിരുന്നു സംസാരം. സിനിമയും രാഷ്ട്രീയവും മതവുമൊക്കെ വിഷയങ്ങളായി. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത്.
ഈ സൗഹൃദം മാത്രമായിരുന്നു അടൂര്സാറിനെ വിളിക്കുന്നതിനുമുമ്പ് എനിക്ക് കൈമുതലായി ഉണ്ടായിരുന്നത്. ഞാന്‍ വിളിച്ച് ഭരതഗൃഹത്തെക്കുറിച്ച് പറഞ്ഞു. നാടകദിനമായതിനാല് ഞാന്‍ ചെയ്യാന്‍ പോകുന്ന ഒരു പെര്ഫോമന്സിനെക്കുറിച്ചും. വൈകുന്നേരം നാല് മണിക്ക് എത്തുമെന്ന മറുപടിയാണ് അടൂര്സാറില്നിന്ന് പെട്ടെന്നുണ്ടായത്.
‘അദ്ദേഹം കൃത്യസമയത്തുതന്നെ എത്തി. നിലവിളക്ക് കത്തിക്കലൊന്നുമുണ്ടായിരുന്നില്ല. പകരം ഭദ്രദീപം കൊളുത്തുന്നതായി ഞങ്ങള്‍ അഭിനയിച്ചുകാണിച്ചാണ് ഭരതഗൃഹത്തിന്റെ വാതില്‍ തുറന്നത്. തുടര്‍ന്നൊരു നാടകം ചെയ്തു. സംഭാഷണം എന്നായിരുന്നു നാടകത്തിന്റെ പേര്. സൃഷ്ടാവും ആത്മാവും തമ്മിലുള്ള സംഭാഷണമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. അങ്ങനെ അലന്‍സിയര്‍ എന്ന കൊച്ചുനടന്റെ മുന്നില്‍ വിശ്വോത്തര ചലച്ചിത്ര സംവിധായകന് അടൂര്‍സാര്‍ സൃഷ്ടാവിന്റെ വേഷം കെട്ടി ഇരുന്നു. ഇക്കാലത്തെക്കുറിച്ചാണ് ഞങ്ങള്‍ നാടകത്തിലൂടെ സംസാരിച്ചത്. ഭരതഗൃഹത്തിന്റെ ഉദ്ഘാടനത്തിന് ഇതിനേക്കാളും മികച്ചൊരു തുടക്കം കിട്ടാനില്ല. ഞാന്‍ അനുഗൃഹീതനായി.’ അലന്‍സിയര്‍ പറഞ്ഞുനിര്‍ത്തി.
Recent Comments