ഇത്തവണ കേരള നിയമസഭയിലേയ്ക്ക് മത്സരിച്ചത് എട്ട് സിനിമാതാരങ്ങളായിരുന്നു. സുരേഷ്ഗോപിയായിരുന്നു കൂട്ടത്തിലെ സൂപ്പര്‍താര സ്ഥാനാര്‍ത്ഥി. മുകേഷ്, ഗണേഷ് കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, കൃഷ്ണകുമാര്‍, വിവേക് ഗോപന്, മാണി സി. കാപ്പന്, പ്രിയങ്ക എന്നിവരായിരുന്നു മറ്റു താര സ്ഥാനാര്‍ത്ഥികള്‍. ഇവരില്‍ മൂന്നുപേര്‍ മാത്രമാണ് 15-ാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇക്കൂട്ടത്തില്‍ ഐതിഹാസിക വിജയം നേടിയത് നിര്‍മ്മാതാവും സംവിധായകനും നടനുമായ മാണി സി. കാപ്പനാണ്. പാലയില്നിന്നാണ് അദ്ദേഹം ജയിച്ചത്. ജോസ്. കെ. മാണിയെ പതിനയ്യായിരത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ പാലയില്‍നിന്ന് ജയിച്ച ആളാണ് മാണി സി. കാപ്പന്. ജോസ് കെ. മാണിയുടെ ഇടതുപക്ഷ പ്രവേശനത്തെത്തുടര്‍ന്ന് പാല വിട്ടുനല്‍കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് അദ്ദേഹം യു.ഡി.എഫിലേയ്ക്ക് ചേക്കേറിയത്. പാലയില്നിന്നല്ലാതെ മറ്റൊരു നിയോജകമണ്ഡലത്തില്‍നിന്നും മത്സരിക്കാനില്ലെന്ന മാണി സി. കാപ്പന്റെ നിശ്ചയദാര്‍ഢ്യം ശരിയാണെന്നുകൂടി ഈ വിജയം തെളിയിക്കുന്നു.
കൊല്ലത്തുനിന്ന് ഇത് രണ്ടാംതവണയാണ് മുകേഷ് ജയിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ബിന്ദുകൃഷ്ണയെ 2072 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പരാജയപ്പെടുത്തിയത്.
പത്തനാപുരത്തുനിന്ന് തുടര്‍ച്ചയായി അഞ്ചാംതവണയാണ് ഗണേഷ്കുമാര് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആ മണ്ഡലത്തില്‍ ഗണേഷ്കുമാര് നടത്തിയ വികസനപ്രവര്‍ത്തനങ്ങളും അവിടുത്തെ വോട്ടേഴ്സുമായുള്ള ആത്മബന്ധവുമാണ് അദ്ദേഹത്തെ പത്തനാപുരത്തുകാരുടെ പ്രിയപ്പെട്ട എം.എല്‍.എ ആക്കിയിരിക്കുന്നത്. ഇത്തവണത്തെ പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം കിട്ടാന്‍ സാധ്യതയുള്ള താരസ്ഥാനാര്ത്ഥിയാണ് ഗണേഷ്കുമാര്.
സുരേഷ്ഗോപിയും കൃഷ്ണകുമാറും വിവേക് ഗോപനും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായാണ് മത്സരിച്ചത്. മൂന്നുപേരും പരാജയപ്പെടുകയും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു എന്ന അപൂര്വ്വതകൂടിയുണ്ട്.
ബാലുശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ധര്മ്മജന് ബോള്‍ഗാട്ടി, തൊട്ടടുത്ത എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി, സച്ചിന് ദേവില്‍നിന്നാണ് പരാജയം ഏറ്റുവാങ്ങിയത്. ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ പരാജയം ഏറ്റുവാങ്ങിയ താരസ്ഥാനാര്ത്ഥിയാണ് ധര്മ്മജന്.
അരൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് പ്രിയങ്ക മത്സരിച്ചതെങ്കിലും അവര്‍ എതിര്‍സ്ഥാനാര്‍ത്ഥികളായ ദലീമയ്ക്കും ഷാനിമോള്‍ ഉസ്മാനും ഒരു എതിരാളിയേയായിരുന്നില്ല.
Recent Comments