കോവിഡിന്റെ ആദ്യവരവ് മറ്റെല്ലാ മേഖലയിലുമെന്നപോലെ നട്ടെല്ലൊടിച്ചത് മലയാളസിനിമാ വ്യവസായത്തെക്കൂടിയാണ്. ചിത്രീകരണം നടന്നുകൊണ്ടിരുന്ന പന്ത്രണ്ടോളം സിനിമകളാണ് അന്ന് നിര്‍ത്തിവച്ചത്. താരങ്ങളും ടെക്നീഷ്യന്മാരും പണിയില്ലാതെ വീട്ടിലിരിപ്പായി. ലൈറ്റ്ബോയ് മുതല്‍ ഡ്രൈവര്‍മാരടക്കം ഒരു വലിയ വിഭാഗത്തിന്റെ തൊഴില്‍ നഷ്ടപ്പെട്ടു. അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. താരസംഘടനയായ അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകള്‍ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയത് അവര്‍ക്ക് നേരിയ ആശ്വാസമായി.
വന്‍ നഷ്ടം നേരിടേണ്ടിവന്നത് നിര്‍മ്മാതാക്കള്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കുമായിരുന്നു. ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പല സിനിമകളും പാതിവഴിയിലായി. പൂര്‍ത്തിയായ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററില്ലാതെ വന്നപ്പോള്‍ നഷ്ടം സഹിക്കേണ്ടിവന്നതും നിര്മ്മാതാക്കള്ക്കായിരുന്നു.
സിനിമാതീയേറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തീയേറ്റര്‍ ഉടമകള്‍ക്കും ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായി. തീയേറ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ച അനവധിപേര്ക്കും തൊഴില്‍ നഷ്ടം നേരിടേണ്ടിവന്നു.
ഈ പ്രതിസന്ധികള്‍ ആകാശംമുട്ടെ നിലനില്‍ക്കുന്നതിനിടയിലാണ് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതും കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതും. അതോടെ സിനിമാമേഖലയും പതിയെ ഉണര്‍ന്നുതുടങ്ങി.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്ക്കുവേണ്ടിയുള്ള സിനിമകളില്‍നിന്ന് വലിയ നിര്മ്മാണചിത്രങ്ങളും സജീവമാകാന്‍ തുടങ്ങി. സൂപ്പര്‍താര ചിത്രങ്ങളടക്കം പത്തോളം സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിലങ്ങോളമിങ്ങോളം തകൃതിയായി നടന്നു. തീയേറ്ററുകള്‍ തുറന്നെങ്കിലും കാര്യമായ കളക്ഷന്‍ കിട്ടിയിരുന്നില്ല. എങ്കിലും പ്രതീക്ഷയുടെ പച്ചത്തുരുത്തില്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തതിനേക്കാളും ശക്തമായി വീശിയടിക്കാന്‍ തുടങ്ങിയത്. അതോടെ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ചിത്രങ്ങള്‍ ഓരോന്നായി നിര്‍ത്തിവയ്ക്കാന്‍ തുടങ്ങി. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വവും മോഹന്‍ലാലിന്റെ ബറോസും സുരേഷ്ഗോപിയുടെ പാപ്പാനുമാണ് ഷൂട്ടിംഗ് നിര്‍ത്തിവച്ച ആദ്യചിത്രങ്ങള്‍. അതിനു മുമ്പും ശേഷവും ചിത്രീകരണം തുടങ്ങിയ ചില സിനിമകളും കോവിഡ് തരംഗം കരുത്താര്‍ജ്ജിച്ചതോടെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബ്ബന്ധിതരായി. ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കണമെന്ന കടുത്ത നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. അതോടെ ബേസില്‍ ജോസഫ്- ടൊവിനോ ചിത്രമായ മിന്നല്‍ മുരളി, പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രമായ കടുവ, ഫെലീനി-ചാക്കോച്ചന്-അരവിന്ദ്സ്വാമി ചിത്രമായ ഒറ്റ്, ടി.കെ. രാജീവ് കുമാര്‍-ഷെയ്ന് നിഗം-ഷെയ്ലി കൃഷ്ണ ചിത്രമായ ബര്‍മുഡ, ജിസ്ജോയ്-ആസിഫ് അലി ചിത്രം, പത്മകുമാര്‍-ഇന്ദ്രജിത്ത്-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം എന്നിവയുടെ ചിത്രീകരണവും നിര്‍ത്തിവയ്ക്കേണ്ടിവന്നു.
കോടികള്‍ ചെലവിട്ട് ഗോകുലം ഗോപാലന് നിര്‍മ്മിച്ച്, വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് കോവിഡ് വ്യാപനത്തിനിടയിലും കുറച്ചുദിവസം ഷൂട്ട് ചെയ്യാന്‍ നിര്ബ്ബന്ധിതമായെങ്കിലും അതും നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന് അറിയിച്ചത് തന്റെ ഫേസ്ബുക്കിലൂടെയാണ്. കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച സെറ്റുകളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കത്ത പക്ഷം വന്‍ സാമ്പത്തിക ബാധ്യത നിര്‍മ്മാതാവിന് വരുമെന്നതിനാലാണ് ചിത്രീകരണം തുടരേണ്ടിവന്നുവെന്ന തുറന്ന പറച്ചിലും വിനയന് നടത്തി.
വിനയന്ചിത്രംകൂടി നിര്‍ത്തിവച്ചതോടെ മലയാള സിനിമ പൂര്‍ണ്ണമായും നിശ്ചലമായിരിക്കയാണ്. മെയ് ഒമ്പതാംതീയതി വരെ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് ഗവണ്മെന്റ് അറിയിച്ചത്. അത് കഴിഞ്ഞ് ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
Recent Comments