ഒരുകാലത്ത് ഖുശ്ബുവിനുവേണ്ടി അമ്പലം പണിതവരാണ് തമിഴക മക്കള്‍. താരത്തോടുള്ള അവരുടെ അമിതാരാധനയുടെ പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത്. താരങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍ ഒരുക്കമാണെന്ന് തെളിയിച്ചിട്ടുള്ള അനവധി സന്ദര്‍ഭങ്ങളും ഇത്തരുണത്തില്‍ സ്മരണീയമാണ്. അമിതതാരാരാധന ഉള്ളതുകൊണ്ടുതന്നെ താരങ്ങളെ രാഷ്ട്രീയ ഇരിപ്പിടങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ തമിഴകം കാട്ടിയിട്ടുള്ള ആവേശവും ചെറുതല്ല. എം.ജി.ആറിലൂടെ തുടങ്ങുന്നതാണ് ആ സുദീര്‍ഘമായ ചരിത്രവും.
എന്നിട്ടും ഖുശ്ബുവിനെപ്പോലൊരു അഭിനേത്രിയെ രാഷ്ട്രീയരംഗത്ത് വാഴിക്കാന്‍ തമിഴ് മക്കള്‍ തയ്യാറായില്ലെന്നത് ഗൗരവമര്‍ഹിക്കുന്ന സംഗതിയാണ്. തൗസന്റ് ലൈറ്റ്സ് നിയോജകമണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇത്തവണ ഖുശ്ബു മത്സരിച്ചത്. 17522 വോട്ടുകള്‍ക്കാണ് അവര്‍ പരാജയപ്പെട്ടത്. ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായ ഡോ. എഴിലനോട് ഏറ്റുമുട്ടിയാണ് അവര്‍ പരാജയം ഏറ്റുവാങ്ങിയത്.
കരുണാനിധിയാണ് ഖുശ്ബുവിനെ ഡി.എം.കെയിലൂടെ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. 2010 ലായിരുന്നു ഖുശ്ബുവിന്റെ രാഷ്ട്രീയപ്രവേശനം. നാല് വര്‍ഷങ്ങള്‍ക്കുശേഷം ഡി.എം.കെ. ബന്ധം ഉപേക്ഷിച്ച് ഖുശ്ബു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2020 ല്‍ ബി.ജെ.പി അംഗത്വം എടുക്കുന്നതുവരെമാത്രമേ കോണ്‍ഗ്രസുമായുള്ള ബന്ധം നീണ്ടുള്ളൂ.
കോണ്‍ഗ്രസ് വിട്ടുവന്നതുകൊണ്ടുതന്നെ ഖുശ്ബുവിന് സീറ്റ് വിട്ടുനല്‍കാന്‍ ബി.ജെ.പിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തൗസന്റ് ലൈറ്റ്സ് നിയോജകമണ്ഡലത്തില്‍ നിര്‍ത്തി മത്സരിപ്പിച്ചു. ഖുശ്ബുവിന്റെ അവസരവാദ രാഷ്ട്രീയത്തോട് തമിഴ്മക്കള്‍ ക്ഷമിച്ചില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ ഖുശ്ബുവിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായില്ല.
Recent Comments