നാനയുടെ ഓഫീസ് പടിക്കെട്ടുകള്‍ കയറിവരുന്ന മേള രഘുവിനെയാണ് എനിക്ക് പരിചയം. മുണ്ട് മടക്കിക്കുത്തി ഇടതുകൈയിലൊരു മുഷിഞ്ഞ സഞ്ചിയും തൂക്കി അദ്ദേഹം ഇടയ്ക്കിടെ ഓഫീസിലെത്താറുണ്ടായിരുന്നു. മിക്കവാറും ഡിസംബര്‍ മാസത്തിലായിരുന്നു ആ വരവ്. അപൂര്‍വ്വമായി ജനുവരിയിലേക്കും അത് നീളാറുണ്ട്. കുഞ്ഞാവശ്യങ്ങളുമായാണ് രഘു എത്താറുള്ളത്. ഒന്ന് ഡയറിക്കാണ്, മറ്റൊന്ന് തന്നെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന ആവശ്യം. അതുവഴി സിനിമയില്‍ ചെറിയൊരു അവസരമെങ്കിലും കിട്ടിയാല്‍ വീട്ടിലെ ദാരിദ്ര്യമൊഴിവാക്കാമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ദീര്‍ഘനേരം ഓഫീസില്‍ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങാറുള്ളത്.
എം.ഡിയുടെ ക്യാബിനിലേയ്ക്ക് ഞാനായിരിക്കും അദ്ദേഹത്തെ മിക്കവാറും കൂട്ടിക്കൊണ്ട് പോവുക. കുമാരി അമ്മയുമായി സംസാരിച്ചശേഷം അദ്ദേഹം എന്റെ ടേബിളിലേയ്ക്ക് വരും. കുറെ നേരം സംസാരിച്ചിരിക്കും. അവഗണനയുടെ കഥകളാകും അദ്ദേഹത്തിനേറെയും പറയാനുണ്ടാവുക. തന്റെ കരിയറിന്റെ തുടക്കക്കാലം മുതല്‍ ഈ അവഗണന നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മേളയ്ക്കുശേഷം ആരുംതന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നായിരുന്നു രഘുവിന്റെ പരിഭവം. അതിനൊരു മാറ്റം വന്നത് കമലഹാസനോടൊപ്പം അപൂര്‍വ്വ സഹോദരങ്ങളില്‍ അഭിനയിച്ചതിനുശേഷമാണത്രെ.
കുറുകിയ മനുഷ്യനായതുകൊണ്ട് കനപ്പെട്ട ജോലികളൊന്നും അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അഭിനയമായിരുന്നു ആകെയുള്ള കൈമുതല്‍. എന്നിട്ടും പരിചയക്കാര്‍പോലും തന്നെ വിളിച്ച് ഒരു വേഷം തരുമായിരുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു.
ഒരു വരവില്‍ രഘു തന്റെ ഉള്ളിലുള്ള സ്വപ്നം പങ്കുവച്ചു. താരസംഘടനയായ അമ്മയില്‍ അംഗത്വമെടുക്കാന്‍ സഹായിക്കണമെന്നായിരുന്നു അത്. സെക്രട്ടറിയായിരുന്ന ഇടവേളബാബുവിനെ അന്നുതന്നെ വിളിച്ച് കാര്യം പറഞ്ഞു. നോക്കാമെന്ന് അദ്ദേഹവും വാക്ക് തന്നു. പക്ഷേ മരിക്കുന്നതുവരെ രഘുവിന് അമ്മയിലെ അംഗമാകാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം.
കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മാറ്റണമെന്നായിരുന്നു അവസാനകാലത്തും അദ്ദേഹം ആഗ്രഹിച്ചിരുന്നത്. സഹായംതേടി ആദ്യകാല സഹപ്രവര്‍ത്തകരുടെ അടുക്കലെത്താന് അദ്ദേഹം മടിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇല്ലായ്മയറിഞ്ഞ സഹായിക്കാന്‍ ആരുമൊട്ടും മുന്നോട്ട് വന്നതുമില്ല. മോഹന്‍ലാലിനോടൊപ്പം ദൃശ്യം 2 ലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചെറിയ ലോകത്ത് വലിയ മനുഷ്യനായി ജീവിച്ച കലാകാരനാണ് മേള രഘു.
കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തില്‍നിന്ന് രഘു യാത്രയാകുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം അന്യാധീനപ്പെട്ടുപോകുന്നുവെന്നൊരു ദുഃഖം നിലനില്ക്കുന്നു. സിനിമാപ്രവര്‍ത്തകരും സംഘടനകളും ഇനിയെങ്കിലും ആ കുടുംബത്തിന് നേരെ ഇത്തിരിവെട്ടം എത്തിക്കണമെന്ന അപേക്ഷയാണുള്ളത്. രഘുവിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഞങ്ങളും അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.
കെ. സുരേഷ്
Recent Comments