ഇന്നലെ പാസഞ്ചര്‍ ഒരിക്കല്‍കൂടി കണ്ടു. ആലോചിക്കുമ്പോള്‍ 12 വര്‍ഷങ്ങളാകുന്നു സിനിമ ഇറങ്ങിയിട്ട്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. എന്നെ സംബന്ധിച്ച് അത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.
2003 ലാണ് ഞാന്‍ പാസഞ്ചറിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കുന്നത്. അക്കാലത്തെ പ്രമുഖ സംവിധായകരെയെല്ലാം പോയികണ്ട് കഥ പറഞ്ഞു. എല്ലാവര്ക്കും കഥ ഇഷ്ടമായി. എന്നിട്ടും അവരാരും സിനിമ ചെയ്യാന്‍ തയ്യാറായില്ല. അതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അതിനുശേഷമാണ് ആ സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നത്.
പാസഞ്ചറിന്റെ കഥ ഞാന്‍ ആദ്യം പറയാന്‍ ആഗ്രഹിച്ചത് മമ്മൂക്കയോടായിരുന്നു. അതിന് പ്രത്യേകിച്ച് ഒരു കാരണമുണ്ടായി. ആയിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, ‘മലയാള സിനിമയില്‍ ഇനി മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത് പുതിയ തലമുറയായിരിക്കുമെന്നും, അത് ഇന്നത്തെ അസോസിയേറ്റ് ഡയറക്ടര്‍മാരോ അസിസ്റ്റന്റ് ഡയറക്ടര്‍മാരോ ആയിരിക്കില്ലെന്നും, പുറത്തുനിന്നുള്ള ഒരുപറ്റം ചെറുപ്പക്കാരായിക്കുമെന്നുമായിരുന്നു അത്.’ അതെന്നെ കൂടുതല്‍ ആത്മവിശ്വാസമുള്ളവനാക്കി. അദ്ദേഹം എന്നെ കാത്തിരിക്കുകയാണെന്ന് തോന്നി.
രവി വള്ളത്തോളാണ് എന്നെക്കുറിച്ച് മമ്മൂക്കയോട് ആദ്യം പറയുന്നത്. ഞാന്‍ തിരക്കഥ എഴുതിയ അമേരിക്കന്‍ ഡ്രീംസ് എന്ന സീരിയലിലെ നായകനായിരുന്നു രവി വള്ളത്തോള്‍. മമ്മൂക്കയുടെ അടുത്തെത്താന്‍ ഞാന്‍ എന്റേതായ രീതിയിലും ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ആറ് മാസങ്ങള്‍ക്കിപ്പുറമാണ് അനുമതി കിട്ടിയത്. കഥ പറയാന്‍ പോയത് തൊടുപുഴയിലേയ്ക്കാണ്. അന്നവിടെ ബ്ലെസ്സിയേട്ടന്റെ പളുങ്ക് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ എത്തിയ കാര്യം ജോര്‍ജ്ജ് വഴി മമ്മൂക്കയെ ധരിപ്പിച്ചു. ഷൂട്ടിംഗ് തിരക്ക് ഒഴിഞ്ഞിട്ട് കാണാമെന്ന് പറഞ്ഞു.
അന്ന് നൊയമ്പുകാലമായിരുന്നു. നൊയമ്പ് മുറിച്ചതിനു പിന്നാലെ മമ്മൂക്ക എന്നെ വിളിപ്പിച്ചു. 15 മിനിറ്റ് കൊണ്ട് കഥ പറഞ്ഞുപോകാനുള്ള തയ്യാറെടുപ്പോടെയാണ് ഞാനെത്തിയത്. പക്ഷേ സീന്‍ ഓര്‍ഡറില്‍തന്നെ കഥ പറയാന്‍ മമ്മൂക്ക പറഞ്ഞു. രണ്ട് മണിക്കൂറിലേറെയെടുത്താണ് കഥ പറഞ്ഞത്. കഥ കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ അഭിനന്ദിച്ചു. തിരക്കഥ ഗംഭീരമായിരിക്കുന്നുവെന്ന് പറഞ്ഞു. ആരാണ് ഈ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് ചോദിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ മാത്രമേ ഈ സിനിമ സംവിധാനം ചെയ്യാനുള്ളൂ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഉറക്കെ ചിരിച്ചു. സംവിധായകരോടുപോയി കഥ പറഞ്ഞ എന്റെ അനുഭവം അദ്ദേഹത്തോട് പറഞ്ഞു. അതുകൂടി കേട്ടുകഴിഞ്ഞപ്പോള്‍ മമ്മൂക്ക ബ്ലെസ്സിയേട്ടനേയും ആന്റോ ജോസഫിനെയുമൊക്കെ വിളിച്ചു വരുത്തി. എന്നെ പരിചയപ്പെടുത്തി. തിരക്കഥയുടെ മഹത്വം പറഞ്ഞു. ഇയാള്‍ സംവിധായകനാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അതിനുള്ള സൗകര്യങ്ങള്‍ മമ്മൂക്ക തന്നെ ഒരുക്കിത്തരാമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമകളുടെ ലൊക്കേഷനുകളില്‍ സമയമുള്ളപ്പോഴൊക്കെ വരാനും സിനിമ കണ്ടു പഠിക്കാനും പറഞ്ഞു. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം സിനിമ ചെയ്യാം. ഞാനും സമ്മതിച്ചു.
എന്നിട്ടും ആ സിനിമ നടന്നില്ല. ആരുടെയും കുറ്റം കൊണ്ടല്ല. നടക്കാനായിരുന്നില്ല അതിന്റെ വിധി, അത്ര തന്നെ. പളുങ്കിനുശേഷം ഇറങ്ങി മമ്മൂക്ക ചിത്രങ്ങളായിരുന്നു രാജമാണിക്യവും മായാവിയും. അതോടെ അദ്ദേഹത്തിന്റെ സ്റ്റാര്‍ഡവും വളര്‍ന്നു. ആ ഉയരത്തില്‍നിന്ന് മമ്മൂക്കയെപ്പോലൊരു നായകകഥാപാത്രം ഒളിമറയത്ത് പോകുന്ന പാസഞ്ചറിലെ നായകനെ അവതരിപ്പിക്കുന്നതിലെ പൊരുത്തക്കേടുകള്‍ അനവധിയായിരുന്നു. മമ്മൂക്കയോട് കാര്യം പറഞ്ഞു. മറ്റാരെയെങ്കിലുംവച്ച് ആലോചിക്കുന്നെങ്കില്‍ ചെയ്തുകൊള്ളാന്‍ അദ്ദേഹവും പറഞ്ഞു. അങ്ങനെയാണ് ആ കഥാപാത്രം ശ്രീനിയേട്ടനിലേയ്ക്കെത്തുന്നത്.
അതും ഒരു കഥയാണ്. തുടര്‍ന്നു വായിക്കാം… കാത്തിരിക്കൂ…
Recent Comments