ഇന്ന് മെയ് 9. ലോക മാതൃദിനം. അമ്മയെ ഓര്‍മ്മിക്കാനായി ഒരു പ്രത്യേകദിനമോ? അങ്ങനെ ആരെങ്കിലും ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. മാതൃവാത്സല്യം അനുഭവിച്ചവരെല്ലാം ആ സ്നേഹം ആവോളം നുകരാനേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ. എന്നിട്ടും അമ്മമാരെ ഓര്‍മ്മിക്കാന്‍ ഒരു ദിനം സൃഷ്ടിച്ചെങ്കില്‍ അത് കാലത്തിന്റെ കുസൃതിയാകാം, അല്ലെങ്കില്‍ കരുതലാകാം, അതുമല്ലെങ്കില്‍ മുന്‍വിധിയാകാം.
തിരക്കിട്ട ജീവിതസാഹചര്യങ്ങളിലൂടെ സഞ്ചരിക്കുകയാണ് ലോകം. അവിടെ ആണ്‍പെണ്‍ വ്യത്യാസങ്ങളില്ലാതെ മുന്നോട്ടുള്ള കുതിപ്പാണ്, ആഗ്രഹങ്ങളെ എത്തിപ്പിടിക്കാനുള്ള പെടാപാടിലാണ്്. അതിനിടെ അവരും പലതും മറക്കുന്നു. അതില്‍ വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളുമുണ്ടാകാം. അത് കാലം മുന്‍കൂട്ടി കണ്ടിരിക്കുമോ? അതുകൊണ്ടാകാം മാതൃദിനത്തിന്റെ പ്രസക്തിയെ ഓര്‍മ്മിപ്പിച്ച് എല്ലാ വര്‍ഷവും ഒരു ദിനം കടന്നെത്തുന്നത്.
ഇത്തവണയും അനവധി സെലിബ്രിറ്റികള്‍ മാതൃദിനത്തില്‍ അവരുടെ അമ്മമാരാടൊപ്പമുള്ള പടം പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവര്ക്കും അമ്മമാരുടെ സ്നേഹത്തെക്കുറിച്ച് വാനോളം പുകഴ്ത്താനേ ഉള്ളൂ. അവരെല്ലാം അവരുടെ അമ്മമാരെ തിരിച്ചറിയുന്നവരാണ്.
ഏറ്റവും കൗതുകം തോന്നിയത്, നടന് ബാബു ആന്റണി പോസ്റ്റ് ചെയ്ത ചിത്രമാണ്. അമ്മയോടൊപ്പമുള്ള ബാല്യത്തിലുള്ള ചിത്രമായിരുന്നു അത്. ഇത്തരത്തിലൊരു ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമാണ്.
അമ്മയുടെ പിറകില്‍ നില്ക്കുന്ന കൗമാരക്കാരനായ മോഹന്‍ലാല്‍. മുന്‍പും പലതവണ പ്രത്യക്ഷപ്പെട്ട ചിത്രമാണെങ്കിലും അതിനും കാലത്തെ അതിജീവിക്കാനുള്ള ലൈഫുണ്ട്. ലാല്‍ ഇപ്പോള്‍ ചെന്നൈയിലാണുള്ളത്. അമ്മ എറണാകുളത്തെ വീട്ടിലും. മാതൃദിനത്തിലെന്നല്ല, കഴിയുന്ന സമയങ്ങളിലെല്ലാം അമ്മയുടെ സാമീപ്യമണയാന് ഓടിയടുക്കുന്ന അമ്മയുടെ സ്വന്തം ലാലുമോനാണ് മോഹന്‍ലാല്‍.
അമ്മയോടൊപ്പമുള്ള തന്റെ ചെറുപ്പത്തിലെ ചിത്രമാണ് ഉണ്ണി മുകുന്ദനും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളെയെല്ലാം നിറവുള്ളതാക്കി തീര്‍ക്കുന്നത് അവരുടെ സ്നേഹംതന്നെയാവാം.
Recent Comments