ടെലിവിഷന്റെ കടന്നുവരവോടെയാണ് പരസ്യചിത്രങ്ങളുടെ പ്രാധാന്യം വ്യാപകമാകുന്നത്. അതോടെ വിവിധതരത്തിലുള്ള പരസ്യചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങി. പരസ്യചിത്രങ്ങളെ വളരെവേഗം ജനഹൃദയങ്ങളിലെത്തിക്കാന്‍ താരങ്ങള്‍ക്ക് കഴിയുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അവരെയും ധാരാളമായി ആഡ് സിനിമകളുടെ മോഡലാക്കാന്‍ തുടങ്ങിയത്. കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍വരെ ഇന്ന് പരസ്യരംഗത്ത് സജീവമാണ്. അമിതാഭ് ബച്ചനും മോഹന്‍ലാലും മമ്മൂട്ടിയും നാഗാര്‍ജുനനും പ്രഭുവും ഐശ്വര്യറായിയും മഞ്ജുവാര്യരും പൃഥ്വിരാജും ധനുഷും കാര്‍ത്തിയും തുടങ്ങി ആ നിര വളരെ നീണ്ടതാണ്.
എന്നാല്‍ ഇക്കാലത്തിനിടയില്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കാത്ത ഒരേയൊരു സൂപ്പര്താരമേ നമുക്കുള്ളൂ. അത് രജനികാന്താണ്. മോഹവില നല്കി രജനികാന്തിനെ സ്വന്തമാക്കാന്‍ പരസ്യകമ്പനികള്‍ മത്സരിച്ച കാലമുണ്ടായിരുന്നു. പക്ഷേ അവരാരുടെയും കെണിയില്‍ അദ്ദേഹം അകപ്പെട്ടില്ല. അതുതന്നെയാണ് ഇന്നുമൊരു രജനിചിത്രം എത്തുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ആളുകള്‍ തീയേറ്ററുകളിലേയ്ക്ക് ഇരച്ച് കയറുന്നത്. സിനിമയിലല്ലെങ്കില്‍ ഏതെങ്കിലും പൊതുവേദിയില്‍ മാത്രമേ രജനികാന്തിനെ പ്രത്യക്ഷപ്പെട്ട് കാണാറുള്ളൂ. സ്വാഭാവികമായും അദ്ദേഹത്തെ കാണാനുള്ള ആളുകളുടെ ആകാംക്ഷയും ഉയരും. അതിനുവേണ്ടി എത്ര കാത്തിരിക്കാനും അവര്‍ തയ്യാറാകും. പക്ഷേ നിരന്തരം പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കാണാറുള്ള താരങ്ങള്‍ക്ക് ഈ കരിഷ്മ അവകാശപ്പെടാനാവില്ല.
പരസ്യചിത്രങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിച്ച മറ്റൊരു നടനാണ് തല അജിത്ത്. എന്നാല്‍ ആദ്യകാലത്ത് അദ്ദേഹം നെസ്കഫെയുടെ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്നോളം ഒരു പരസ്യചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടില്ലെന്നാണ് പലരും ധരിച്ചുവച്ചിരുന്നത്. ആകസ്മികമായി നെസ്കഫെയുടെ പരസ്യചിത്രത്തില്‍ അജിത്തിനെ കണ്ടപ്പോള്‍ ആ കൗതുകമാണ് ആ പരസ്യചിത്രം തേടിപ്പിടിച്ച് കാണാന്‍ ആളുകളെ ഇപ്പോള്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
Recent Comments