എം.ജെ.എസ്. മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച ദേരാഡയറീസ് എന്ന സിനിമയ്ക്കുവേണ്ടി പാടാനെത്തിയതായിരുന്നു വിജയ് യേശുദാസ്. അന്നാണ് ഞാനെന്റെ സിനിമയുടെ കാര്യം വിജയ് യോട് ആദ്യമായി പറയുന്നത്. നിറയെ കഥകള്‍ കേട്ടുകൊണ്ടിരിക്കുന്ന സമയമാണെന്ന് വിജയ് പറഞ്ഞു. ഇഷ്ടപ്പെടാത്തതുകൊണ്ട് എല്ലാം ഉപേക്ഷിക്കുകയാണെന്നും.
എന്നോടും കഥ കേള്‍ക്കാമെന്ന് പറഞ്ഞു. 15 മിനിറ്റാണ് അനുവദിച്ചത്. 15 മിനിറ്റ് കൊണ്ട് പറയാവുന്നത്ര കഥ പറയാമെന്ന് ഞാനും മറുപടി നല്കി. ഹയാത്ത് ഹോട്ടലില്‍വച്ചായിരുന്നു ഞങ്ങളുടെ മീറ്റിംഗ്. കഥ പറഞ്ഞുതുടങ്ങി. 15 മിനിറ്റാണ് അനുവദിച്ചതെങ്കിലും മൂന്നരമണിക്കൂറിലേറെ അത് നീണ്ടു. ഒറ്റയിരിപ്പിലിരുന്നാണ് കഥ മുഴുവനും കേട്ടത്. വിജയ്ക്ക് കഥ ഇഷ്ടമായി. ചെയ്യാമെന്ന് ഉറപ്പും നല്കി. അങ്ങനെയാണ് സാള്മണിലെ നായകനായി വിജയ് യേശുദാസ് എത്തുന്നത്.
ഞാനീ കഥ നമ്മുടെ ചില താരങ്ങളോടും പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് വന്നപ്പോള്‍ സ്വയം പിന്തിരിയുകയായിരുന്നു. ആ അന്വേഷണമാണ് വിജയ് യേശുദാസിലേക്ക് എത്തിച്ചത്. ഒരു ഗായകനെന്ന നിലയില്‍ വിവിധ ഭാഷാചിത്രങ്ങളിലൂടെ അദ്ദേഹം പ്രസിദ്ധനുമാണല്ലോ.
മുമ്പ് ഞാന്‍ സംവിധാനം ചെയ്ത ഡോള്‍സും കാട്ടുമാക്കാനും മലയാളചിത്രങ്ങളായിരുന്നു. അന്തര്‍ദ്ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ വിവിധ ഭാഷാചിത്രങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഏഴ് ഭാഷയില്‍ ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഷൂട്ട് ചെയ്തും മറാത്തി, ബംഗാളി ഭാഷകളില്‍ ഡബ് ചെയ്തും അവതരിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തത്. ത്രീഡി ചിത്രംകൂടിയാണ്. ഏഴ് ഷെഡ്യൂളുകള്‍ എടുത്ത് ചിത്രം പൂര്‍ത്തിയാക്കി. ഇതിനോടകം മൂന്ന് ലിറിക് സോംഗുകള്‍ റിലീസ് ചെയ്തു. ആദ്യത്തെ രണ്ട് ഗാനങ്ങള്‍ തമിഴായിരുന്നു. ഏറ്റവും ഒടുവിലായി ഇറങ്ങിയത് മലയാളഗാനവും. മൂന്നു പാട്ടുകള്‍ക്കും വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇനി രണ്ട് ഗാനരംഗങ്ങള്കൂടി ചിത്രീകരിക്കാനുണ്ട്. അതിലൊന്ന് വെര്‍ച്വല്‍ റിയാലിറ്റിയില്‍ ഷൂട്ട് ചെയ്യുന്ന ഇന്ത്യയിലെതന്നെ ആദ്യ ത്രീഡി ഗാനമായിരിക്കും.
ഒരു ഹോളിവുഡ് ചിത്രമടക്കം മൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇനി നമ്മള് അഭിമുഖീകരിക്കാനിരിക്കുന്നത് വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമായിരിക്കും. അതാണെന്റെ ഹോളിവുഡ് ചിത്രത്തിന്റെ പ്രമേയവും. അവതാറിന്റെ ഛായാഗ്രാഹകന്‍ മൗറോ ഫിയറിയാണ് എനിക്കുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. അദ്ദേഹമായുള്ള എഗ്രിമെന്റും സൈന്‍ ചെയ്തുകഴിഞ്ഞു.
സാള്മണില് വിജയ് യേശുദാസിനെയും മീനാഷി ജെയ്സ്വാളിനെയും കൂടാതെ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരിം, ജാബീര്‍ മുഹമ്മദ്, സജിമോന്‍ പാറയില്‍, ഇബ്രാഹിംകുട്ടി, സമീര്‍ ധ്രുവന്ദ്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, ജോനിത ഡോഡ, പ്രേമി വിശ്വനാഥ്, തന്വി കിഷോര്‍, ആഞ്ജോ നയാര്‍, നസ്രിന് നസീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. രാഹുല്‍ മേനോനാണ് ഛായാഗ്രാഹകന്‍. ജീമോന്‍ പുല്ലേലി ത്രീഡി സ്റ്റീറിയോസ്കോപിക് ഡയറക്ടറും ഷിജിന് നെല്‍വിന്‍ ഹട്ടണ് സൗണ്ട് ഡിസൈനറുമാണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments