മെയ് 21. ഒരോ അന്തര്‍ദ്ദേശിയ ദിനങ്ങളും ഓര്‍മ്മിക്കപ്പെടുന്നതുപോലെ ആ ദിവസവും എല്ലാ മലയാളിയുടെയും മനസ്സിലുണ്ട്. 61 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു മെയ് 21 നായിരുന്നു ആ നക്ഷത്രത്തിന്റെ പിറവി. വിശ്വനാഥന് നായരുടെയും ശാന്തകുമാരിയുടെയും മകനായി പിറക്കാനായിരുന്നു കര്‍മ്മനിയോഗം. അവര്‍ ആ നക്ഷത്രത്തിന് മോഹന്‍ലാല്‍ എന്ന് പേരിട്ടു. വട്ട മുഖവും വെണ്ണയുടെ നിറവും ചുരുണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുള്ള ആ കുരുന്ന്… വളര്‍ന്നു.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മികച്ച നാടകനടനായി തെരഞ്ഞെടുക്കപ്പെടുന്നത്. അതുവരെയും പത്താംക്ലാസുകാര് മാത്രം കയ്യടക്കി വെച്ചിരുന്ന ഇരിപ്പിടമായിരുന്നു. അതിലേക്കായിരുന്നു ആ പയ്യന് അഭിമാനപൂര്‍വ്വം കയറിയിരുന്നത്. ഒരു അഭിനേതാവിന്റെ ആദ്യത്തെ തീപ്പൊരി.
പിന്നെ കൂട്ടുകാര്‍ക്കൊപ്പം തിരനോട്ടത്തിലേക്ക്. 90 വയസ്സുള്ള ഒരു വൃദ്ധന്റെ വേഷമാണ് നാടകത്തില്‍ കെട്ടിയാടിയതെങ്കില് ബുദ്ധിവളര്‍ച്ച ഇല്ലാത്തൊരു കഥാപാത്രമായിരുന്നു തിരനോട്ടത്തിലേത്. സൈക്കിള്‍ ഓടിച്ച് മറിഞ്ഞുവീഴുന്ന ആദ്യ രംഗം മുടവന്മുകളിലെ സ്വന്തം വീടിനു മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ ഉയരങ്ങളിലേക്ക് പറന്നുയരാനുള്ള ആദ്യത്തെ വീഴ്ചയാണെന്ന് ആരും തിരിച്ചറിയാതെ പോയി.
അഭിനയിക്കണമെന്നോ അഭിനയിക്കേണ്ടെന്നോ നിശ്ചയമില്ലാതിരുന്ന കാലം. സ്വന്തം ശരീരം വളര്‍ത്തിയ ക്രമക്കേടുകള്‍ ആ യുവാവിനും നിശ്ചയം ഉണ്ടായിരുന്നിരിക്കണം. തോളറ്റം വരെ നീണ്ട മുടിയും വെളുത്തനിറവും ബാക്കിയായതൊഴിച്ചാല് ആ നീണ്ട മുഖത്ത് കുരുക്കളുടെ പാടുകള്‍ ഏറെയായിരുന്നു. ഒരു നടന് പാകപ്പെട്ട രൂപമായിരുന്നില്ല. ആ വ്യത്യസ്തത തന്നെയായിരുന്നു മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ വില്ലനായി തെരഞ്ഞെടുക്കുമ്പോള്‍ ജൂറിയും കണ്ട മെറിറ്റ്. നിങ്ങള്‍ ആരാകണമെന്ന് സ്വപ്നം കണ്ടില്ലെങ്കിലും അത് തിരിച്ചറിയാന്‍ കഴിവുള്ളവരും വന്നെത്തും. അവരെയും കാലം കണ്ടെത്തി അയയ്ക്കുന്നതാണ്.
പിന്നീട് സംഭവിച്ചതൊക്കെയും നാം കണ്ടുകൊണ്ടിരിക്കുകയാണ്, ഇന്നലെയും ഇന്നുമൊക്കെയായി. ഒരു അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാലിനെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? ആര്‍ക്കും കൃത്യമായ ഉത്തരങ്ങളില്ല. ചിലര്‍ മോഹന്‍ലാലിനെ മോഡുലേഷന് ഇല്ലാത്ത നടനെന്ന് പറയുന്നു. മറ്റു ചിലര്‍ ആണ്പ്രെഡിക്റ്റബിള് ആക്ടര്‍ ആണെന്ന് സമ്മതിക്കുന്നു. ഇനിയും ചിലര്‍ സ്വാഭാവിക നടന്റെ പൂര്‍ണ്ണതയായി സാക്ഷ്യപ്പെടുത്തുന്നു. ഓരോരുത്തരും അവരവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ലാല്‍ എന്ന നടനെ അളക്കുന്നതും കുറിച്ചിടുന്നതും. പിന്നാലെ വരുന്നവര്‍ അതില്‍ തിരുത്തലുകള്‍ വരുത്തി കൊണ്ടിരിക്കും.
ഒന്നുറപ്പാണ്. നമുക്ക് എങ്ങനെയും ലാലിന്റെ പ്രകടനത്തെ വ്യാഖ്യാനിക്കാം. അദ്ദേഹം ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളും അതിനുള്ള റഫറന്‍സുകളാണ്. അതുകൊണ്ടാണ് ലാലിനെ ചിലര്‍ അഭിനയത്തിന്റെ സര്വ്വകലാശാലയെന്നൊക്കെ വിശേഷിപ്പിക്കുന്നത്. അതിന് കിട്ടിയ മുദ്രണങ്ങളായിരുന്നു ഭരത് അവാര്‍ഡുകളും പത്മശ്രീയും ഡോക്ടറേറ്റും ലഫ്റ്റനന്റ് കേണലും പത്മവിഭൂഷണുമൊക്കെ. ബഹുമതികളെയും അലങ്കാരമാക്കുന്ന നേട്ടങ്ങള്‍.
43 വര്‍ഷത്തെ അഭിനയസപര്യക്കിടെ മറ്റൊരു ചരിത്ര നിയോഗം കൂടി അദ്ദേഹം പേറി കഴിഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ക്യാമറയ്ക്ക് പിറകിലേക്ക്. അഭിനേതാവില്‍നിന്ന് സംവിധായകനിലേക്ക്. ബറോസിന്റെ കാല്പനിക കഥയ്ക്കുമേല്‍ ത്രിമാന ദൃശ്യങ്ങള്‍ വരച്ചുചേര്‍ക്കുമ്പോള്‍ കാലം കരുതിവച്ചിരിക്കുന്ന വിശേഷണം ഇനി എന്താണെന്ന് മാത്രമേ അറിയാനുള്ളൂ.
അപ്പോഴും അപൂര്‍ണ്ണമാണ് തന്റെ അഭിനയജീവിതമെന്ന് മോഹന്‍ലാല്‍ പറയുന്നു. അത് വിനയത്തിന്റെ ഭാഷയായി നാം കണക്കിലെടുക്കണമെന്നില്ല. പൂര്‍ണത അന്വേഷിക്കുന്നവരാണ് ഒരു കലാകാരന്. അതിലേക്കുള്ള പ്രയാണത്തിലാണ് അദ്ദേഹം ഇപ്പോഴും. അതിലേക്കുള്ള മറ്റൊരു ചുവടുവെപ്പ് മാത്രമാണ് മോഹന്‍ലാലിന്റെ 61-ാം പിറന്നാളും. ആ ആത്മവിശുദ്ധിക്കുമേല്‍ ഞങ്ങളും ചേര്‍ത്തുകുറിക്കട്ടെ നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.
Recent Comments