കള കണ്ടവരാരും മൂറിനെ മറക്കില്ല. നായകനോളം പോന്ന, അല്ലെങ്കില്‍ നായകനെക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന പ്രധാന കഥാപാത്രം തന്നെയാണ്. വിളിച്ചുചൊല്ലാന്‍ ഒരു പേരുപോലുമില്ലാത്ത കഥാപാത്രം. ഇന്ത്യന്‍ സിനിമയില്‍ തന്നെ അങ്ങനെയൊരു കഥാപാത്രം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്. പ്രകടനംകൊണ്ട് ആ കഥാപാത്രത്തെ ഗംഭീരമാക്കിയ അഭിനേതാവാണ് മൂര്‍.
കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്തുള്ള ചെറുപുഴ സ്വദേശിയാണ്. സുമേഷ് മൂര്‍ എന്നൊക്കെ ആളുകള്‍ വിളിക്കുന്നുണ്ടെങ്കിലും മൂര്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്ന് അദ്ദേഹം തുറന്നു പറയുന്നു. കാരണം സുമേഷ് അയാളുടെ യഥാര്‍ത്ഥ പേരല്ല. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ടീച്ചര്‍മാരാരോ ഇട്ട പേരാണ്. വീട്ടുകാരിട്ട പേര് ഉണ്ണി എന്നായിരുന്നു. സാധാരണ ജീവിതസാഹചര്യങ്ങളില്‍നിന്നാണ് മൂര്‍ പഠിച്ചുവളര്‍ന്നത്. അച്ഛന് സുരേഷ്, അമ്മ മിനി. ഒരു സഹോദരിയുണ്ട്, സുമിഷ.
സിനിമാഭിനയം ആഗ്രഹമായിരുന്ന ഒരു യൗവ്വനകാലം മൂറിനുമുണ്ടായിരുന്നു. പക്ഷേ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ ചേര്‍ന്നതിനുശേഷം ആ ആഗ്രഹം നഷ്ടപ്പെട്ടു. പിന്നെപ്പിന്നെ സിനിമയെ വേണ്ടാതായി. തീയേറ്റര്‍ ആര്‍ട്ടിസ്റ്റായി അറിയപ്പെടാനായിരുന്നു ആഗ്രഹം. ആദ്യം അഭിനയിച്ചത് ഒഥല്ലോ എന്ന ഷേക്സ്പിയര് നാടകമായിരുന്നു. അതിനുശേഷമാണ് മൂര്‍ എന്ന സ്റ്റേജ്നെയിം സ്വീകരിക്കുന്നത്. അന്‍പതോളം നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഒരു പ്രശസ്തമായ തീയേറ്റര്‍ ഗ്രൂപ്പിനുവേണ്ടിയും നാടകങ്ങള്‍ ചെയ്തു. ഒരുപാട് മനുഷ്യപ്രയത്നമെടുത്ത് ചെയ്ത നാടകങ്ങളിലൊന്നായിരുന്നു മഹാഭാരതം. നാടകത്തിനുവേണ്ടി കളരിയും കൂടിയാട്ടവും സാംബാനൃത്തവുമൊക്കെ അഭ്യസിച്ചിരുന്നു. എന്നിട്ടും താരസമൃദ്ധിയുടെ കെട്ടുകാഴ്ചയില്‍ തന്നിലെ നടനെ അധികമാരും തിരിച്ചറിയാതെ പോയതിലെ വിഷമം മൂറിന് ഇപ്പോഴുമുണ്ട്. ആദ്യമായി അഭിനയിച്ച പതിനെട്ടാംപടി എന്ന സിനിമയിലും ഇതേ അനുഭവംതന്നെയാണ് ഉണ്ടായതെന്നും മൂര്‍ പറയുന്നു. അതിലെ കേന്ദ്രകഥാപാത്രമായ അയ്യപ്പനായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്നും പിന്നീട് നിര്‍മ്മാതാവിന്റെ നിര്‍ബ്ബന്ധങ്ങള്‍ക്ക് വഴങ്ങി സംവിധായകന് ഒരുപാട് കോംപ്രമൈസ് ചെയ്യേണ്ടിവന്നുവെന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു. അതില്‍ പിന്നീട് തിരക്കഥാകൃത്തുകൂടിയായ സംവിധായകന് എഴുതിച്ചേര്‍ത്ത കഥാപാത്രമാണ് അമ്പൂട്ടി. അതും താരപ്പകിട്ടിനിടയില് ശ്രദ്ധിക്കപ്പെടാതെ പോയി.
അതിനുശേഷം സിനിമയെ വേണ്ടെന്ന് വച്ചതാണ്. ആയിടെയാണ് കളയുടെ അസോസിയേറ്റ് ഡയറക്ടര്‍ എന്നെ വിളിക്കുന്നത്. കളയ്ക്കുവേണ്ടി അവര്‍ ഒരു അഭിനേതാവിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും നേരിട്ട് വന്നൊന്ന് കഥ കേള്‍ക്കാനും പറഞ്ഞു. ഞാന്‍ പനമ്പള്ളി നഗറിലുള്ള സംവിധായകന് രോഹിതിന്റെ ഫ്ളാറ്റിലെത്തി. കഥ കേട്ടു. അട്ടപ്പാടിയിലെ ഒരു ദളിത് യുവാവിനെയാണ് അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. പൊതുവെ സിനിമയിലെ അത്തരം രാഷ്ട്രീയപശ്ചാത്തലങ്ങളോട് എനിക്കിഷ്ടക്കൂടുതലാണ്. ചെയ്യാമെന്ന് സമ്മതിച്ച് നേരെ വണ്ടി കയറിയത് അട്ടപ്പാടിയിലേയ്ക്കാണ്. അട്ടപ്പാടിയില്‍ എനിക്കൊരു സുഹൃത്തുണ്ട്. അവന്റടുക്കലാണ് എത്തിയത്. അതോടെ കൈവശമുണ്ടായിരുന്ന കാശും തീര്‍ന്നു. എറണാകുളംവരെ വന്നുപോകാനുള്ള കാശുപോലും തന്നത് സിനിമയുടെ പ്രൊഡക്ഷന്‍ ടീമാണ്.
അട്ടപ്പാടിയുടെ ഭൂപ്രകൃതിയെ അറിയുക, മരംകയറ്റം പഠിക്കുക, അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ പരിചയപ്പെടുക ഇതൊക്കെയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. മാത്രമല്ല ആ സമയത്ത് എന്റെ ബോഡിയൊക്കെ ലൂസായിരുന്നു. ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് എടുത്ത് ഫിറ്റാക്കേണ്ട കാര്യങ്ങളല്ലത്. നേരിട്ട് അനുഭവിച്ചുതന്നെ അറിയണം. ഒരിക്കല്‍ പ്രൊഡക്ഷനില്‍നിന്ന് എന്നെ വിളിച്ചപ്പോള്‍ ഞാനീ ആവശ്യങ്ങള്‍ക്കായി അട്ടപ്പാടിയിലുണ്ടെന്നറിഞ്ഞ് അവര്‍ എനിക്ക് കുറച്ചുകൂടി കാശ് അയച്ചുതന്നു. അവര്‍ അത്രയധികം സപ്പോര്‍ട്ടീവായി നിന്നതുകൊണ്ടാണ് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞത്.
പിന്നെയും രണ്ട് മാസം കഴിഞ്ഞാണ് ഷൂട്ടിംഗ് ആരംഭിച്ചത്. പലതവണ ഷൂട്ടിംഗ് മുടങ്ങി. ഫൈറ്റിനിടെ ആദ്യമെന്റെ കാലൊടിഞ്ഞു. പ്ലാസ്റ്ററിട്ട് കിടപ്പായി. ഭേദമായി തിരിച്ചു വന്നപ്പോള്‍ ടൊവിനോയ്ക്ക് അപകടം പറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. സംഘട്ടനത്തിനിടെ എന്റെ ചവിട്ടുകൊണ്ട് അങ്ങനെ സംഭവിച്ചതാണെന്ന് പ്രചാരണമുണ്ടായിരുന്നു. സത്യം അതല്ല, മുമ്പുള്ള പ്രാക്ടീസിനിടെ സംഭവിച്ചതായിരിക്കണം.
എടുത്ത് പറയേണ്ടത് ടൊവിനോ എന്ന നടന് എന്നോട് കാട്ടിയ കരുതലും സ്നേഹവുമാണ്. ഒരു താരമെന്ന നിലയിലാണ് ടൊവിനോയെ എനിക്ക് പരിചയം. അതുകൊണ്ട് ആദ്യമൊക്കെ അദ്ദേഹത്തെ തൊടാന്‍പോലും എനിക്ക് പേടിയായിരുന്നു. അത് മനസ്സിലാക്കിയിട്ടാവണം ടൊവിനോ പതുക്കെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളിലേയ്ക്ക് എന്നെയും അടുപ്പിച്ചു. ഇടവേളകളില്‍ തമാശ പറയാനും അദ്ദേഹത്തോടൊപ്പം കൂട്ടാനും ശ്രമിച്ചുകൊണ്ടിരുന്നു. അതോടെ അന്യത്വം അകന്നു. കൂടുതല്‍ ഇഴുകിചേര്‍ന്ന് അഭിനയിക്കാന്‍ അത് സഹായിച്ചു.
നാടകവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിനിമയ്ക്കുവേണ്ടി ചെയ്തതൊന്നും വലിയ ശാരീരികാദ്ധ്വാനമാണെന്ന് തോന്നുന്നില്ല. മഹാഭാരതം എന്ന നാടകത്തിനുവേണ്ടി എടുത്ത ശ്രമങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഇതൊക്കെ തീരെ നിസ്സാരമാണ്.
സിനിമ തീയേറ്ററില്‍ ഇറങ്ങിയപ്പോള്‍ എന്റെ സുഹൃത്തുക്കളില്‍ പലരും വിളിച്ചിരുന്നു. നല്ല അഭിപ്രായം പറഞ്ഞു. സിനിമയില്‍നിന്ന് വിളി വന്നത് ആസിഫ് അലിയില്നിന്നുമായിരുന്നു. ഉടന്‍ നമുക്കൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞാണ് ആസിഫ് ഫോണ്‍ വച്ചത്.
ഷാജികൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ, അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. മൂര്‍ പറഞ്ഞു.
Recent Comments