രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാണാന്‍ പല താരങ്ങള്‍ക്കും ഓദ്യോഗികക്ഷണം ലഭിച്ചിരുന്നു. കോവിഡ് കാലമായതിനാലാവാം എല്ലാവരും യാത്ര ഒഴിവാക്കിത്. പങ്കെടുത്ത ഒരു താരം ഹരിശ്രീ അശോകനായിരുന്നു. അതിന്റെ കാര്യകാരണങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് അശോകന്.
ആദ്യം ഫോണില്‍ വിളിച്ചാണ് അന്വേഷിച്ചത്. എത്താന്‍ ബുദ്ധിമുട്ടാകുമെന്ന് അവരോട് പറഞ്ഞിരുന്നു. കാരണം എറണാകുളത്താണ് ഞാനുള്ളത്. സ്വന്തമായി ഡ്രൈവറില്ല. ഈ സമയത്ത് അത്രയും ദൂരം യാത്ര ചെയ്തുപോകാന്‍ ബുദ്ധിമുട്ടാണ്. പിന്നീടാണ് നേരിട്ട് ഇന്‍വിറ്റേഷന്‍ എത്തിക്കുന്നത്. ഞാനെന്റെ സുഹൃത്തിനോട് കാര്യം പറഞ്ഞു. അവന് കൂടെ വരാമെന്ന് പറഞ്ഞു. അങ്ങനെയാണ് സത്യപ്രതിജ്ഞ കാണാന്‍ തീരുമാനിക്കുന്നതും അവിടെയെത്തുന്നതും. ഹരിശ്രീ അശോകന് തുടര്‍ന്നു.
എന്റെ അച്ഛനും അമ്മയുമടക്കം ഞങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് അനുഭാവികളാണ്. അന്നും ഇന്നുമതെ. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പോസ്റ്റര്‍ ഒട്ടിച്ചിരുന്ന ഒരു കാലം വരെയുണ്ട്. സിനിമയിലെത്തിയതില്പിന്നെ അതിനൊന്നും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ അസംബ്ലി ഇലക്ഷന് ധര്‍മ്മടത്തുനിന്ന് പിണറായി സഖാവ് മത്സരിച്ചപ്പോഴും ഇലക്ഷന് പ്രചരണത്തിന് എന്നെയും വിളിച്ചതാണ്. പക്ഷേ അന്ന് ഖത്തറിലായതിനാല്‍ പോകാന്‍ കഴിഞ്ഞില്ല.
അതിനൊക്കെശേഷം ഒരിക്കല്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി അദ്ദേഹത്തെ കണ്ടു. അഭിനന്ദനങ്ങള്‍ അറിയിച്ചു. വരാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ സംസാരത്തിനിടെ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാവാം ഇത്തവണയും അദ്ദേഹം മത്സരിക്കാന്‍ നിന്നപ്പോള്‍ ഇലക്ഷന് പ്രചരണത്തിനായി വിളിച്ചത്. ഇത്തവണ ഞാന്‍ പോയി. അദ്ദേഹത്തിവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു.
ഒരുപാട് നല്ല കാര്യങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ, അവര്‍ക്കൊപ്പമാണ് ഞാനും. സത്യപ്രതിജ്ഞയ്ക്ക് പോകാന്‍ അതുമൊരു കാരണമായിരുന്നു.
വ്യക്തിപരമായി സൗഹൃദമുള്ള ഒരുപാട് രാഷ്ട്രീയ നേതാക്കള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. അവരില്‍ എം.എല്‍.എമാരും മന്ത്രിമാരും ഉണ്ട്. പക്ഷേ അവരോടൊന്നും രാഷ്ട്രീയസൗഹൃദങ്ങളല്ല എനിക്കുള്ളത്. നല്ലത് ആര് ചെയ്താലും അവരോടൊപ്പം ഞാനുമുണ്ടാകും.
Recent Comments