കെ.ജി.ജോര്‍ജ് സാറിനോടൊപ്പം മറ്റൊരാള്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറാവുന്നത്. ജോര്‍ജ് സാറിനെക്കുറിച്ച് 1986 ല്‍ ചിത്രഭൂമിയില്‍ അഞ്ചോ ആറോ പേജുകളുള്ള ഒരു ഇന്റര്‍വ്യൂ എഴുതിയിരുന്നു. അക്കാലത്ത് ഫിലിം ജേണലിസം കൂടി ഞാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് ജോര്‍ജ് സാറിന് എന്നോടൊരു ഇഷ്ടമുണ്ടാകുന്നത്. ധാരാളം അനുഭവങ്ങളാണ് ജോര്‍ജ് സാറിനോടൊപ്പം പ്രവര്ത്തിച്ചപ്പോഴുണ്ടായിട്ടുള്ളത്. അതില്‍ നിന്നും രസകരമായ നാല് സംഭവങ്ങളാണ് എഴുതുന്നത്. ഗുരുവിനു സമര്‍പ്പിക്കുന്ന ഒരു ശിഷ്യന്റെ ജന്മദിനോപഹാരം.
‘പോര, ഡ്രൈവറും വേണം’
ഗോപാലേട്ടന് കെ.ജി. ജോര്‍ജ് സാറിന്റെ അപ്പച്ചന്റെ സഹായിയായിരുന്നു തിരുവല്ലയില്‍. ജോര്‍ജ് സാറിനു സിനിമയുള്ളപ്പോള്‍ സഹായത്തിനായി ചിലപ്പോഴൊക്കെ ഗോപാലേട്ടന് വരും. യാത്രയുടെ അന്ത്യം എന്ന സിനിമ തിരുവല്ല-കോഴഞ്ചേരി ഭാഗങ്ങളില്‍ വച്ചായിരുന്നതു കൊണ്ട് ഗോപാലേട്ടനും വന്നിരുന്നു.
സാഹിത്യകാരനായ മുരളി തന്റെ ആത്മ സുഹൃത്തായ സോമനെ കാണാന്‍ കെ.എസ്.ആര്.ടി.സി ബസ്സില്‍ ഹൈറേഞ്ചിലേക്കു യാത്ര ചെയ്യുമ്പോള്‍ വധു ഉള്‍പ്പെടെയുള്ള ഒരു വിവാഹസംഘം ബസ്സില്‍ കയറുന്നതും ആ യാത്രയില്‍ അവരും മറ്റു യാത്രക്കാരും നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലങ്ങളിലൊന്ന്.
വളരെ ദൂരെ നിന്നു ഡോക്ടറെയും കൂട്ടി വരുന്ന കാറ് ഗേറ്റും കടന്ന് ആശുപത്രിയിലേക്കു കയറിപ്പോകണം- ഇതാണ് ഷോട്ട്. റിഹേഴ്സലുകളും തിരുത്തലുകളും പലയാവര്‍ത്തി കഴിഞ്ഞു.
റിഹേഴ്സലിലുടനീളം ഡമ്മിയായി കാറിനകത്ത് ഡോക്ടര്‍ക്കു പകരമിരുന്നതു ഗോപാലേട്ടനാണ്.
‘വേണു റഡിയാ… നമുക്കു ടേക്ക്പോകാം…’ ജോര്‍ജ് സാര്‍ ക്യാമറാമാന് ( ഇപ്പോ ഡയറക്ടറും) വേണുചേട്ടനോടു പറഞ്ഞു.
അത്യാവശ്യം ഒന്നു രണ്ടു കറക്ഷന് സുകൂടി വേണുവേട്ടന് ചെയ്യുന്നതിനിടയില്‍ യാതൊരു പാളിച്ചയും ഒരുതരത്തിലും ഉണ്ടാവാതിരിക്കാനായി ഓരോ ഡിപ്പാര്‍ട്ടുമെന്റും അവസാന ഓട്ടത്തിലേക്കു കടന്നു. പെട്ടെന്ന് വളരെ ദൂരെ നിന്നു ഗോപാലേട്ടന് ജോര്‍ജ് സാറിന്റെയടുത്തേക്കോടിയെത്തി. കിതച്ചു കൊണ്ട് ഗോപാലേട്ടന് ജോര്‍ജ്സാറിനെ വിളിച്ചു
‘സാര്‍…’
‘എന്താ…?’
ശ്വാസം കിട്ടാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ കിതച്ചു കൊണ്ട് ഗോപാലേട്ടന് ചോദിച്ചു
‘സാര്‍… കാറു മാത്രം മതിയോ…?’
‘പോരാ, ഡ്രൈവറും വേണം…’
സ്വതസിദ്ധമായ ശൈലിയില്‍ താടി തടവിക്കൊണ്ട് ജോര്‍ജ് സാര്‍ ചിരിച്ചോണ്ടു പറഞ്ഞു.
യൂണിറ്റിലുള്ളവരെല്ലാം ചിരിച്ചു. ഗോപാലേട്ടന് മാത്രം ചമ്മി.
അതുവരെ ഡോക്ടര്‍ക്കു പകരം കാറിലിരുന്നത് ഗോപാലേട്ടനായിരുന്നല്ലൊ, ഇപ്പൊ ഡോക്ടറെയിരുത്തണോ എന്നാണ് ഗോപാലേട്ടനുദ്ദേശിച്ചത്.
‘മമ്മൂട്ടി പറഞ്ഞതു ശരിയാ…’
മറ്റൊരാളിന്റെ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം ചന്ദ്രേട്ട (അസ്സോസ്സിയേറ്റ് ഡയറക്ടര്‍) നും മമ്മൂക്കയുമായി ഒരു തര്‍ക്കം.
വെറുതെ. രണ്ടു പേരും വിടുന്നില്ല. ഒരു സീനിനെക്കുറിച്ചുള്ള തര്‍ക്കമാണ്. കുറേ നേരം ജോര്‍ജ് സാര്‍ ഇതു കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ സാറിടപെട്ടു.
‘ചന്ദ്രാ, മമ്മൂട്ടി പറഞ്ഞതു ശരിയാ’
മമ്മൂക്ക ഒന്നു സന്തോഷിച്ചു. ചന്ദ്രേട്ടന് ചമ്മി.
അടുത്ത നിമിഷം ജോര്‍ജ് സാര്‍ പറഞ്ഞു
‘മമ്മൂട്ടീ, ചന്ദ്രന് പറഞ്ഞതാ ശരി’
ജോര്‍ജ് സാറിന്റെ താളത്തില്‍ അതു കേട്ടതും മമ്മൂക്ക ചമ്മി. ചന്ദ്രേട്ടന്റെ വിളറിയ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. ഒരു കുസൃതിച്ചിരിയോടെ ജോര്‍ജ് സാര്‍ വലതുകൈവിരലുകളില് തന്റെ മീശ തേടി.
‘ഇവിടെ വേറെ ചില കാര്യങ്ങള്‍ നടക്കുവാ…’
മറ്റൊരാള്‍ നിര്‍മ്മിച്ചത് അഞ്ചു പേര് ചേര്‍ന്നാണെന്നാണ് ഓര്മ. പലപ്പോഴും ഇവര്‍ ഒന്നിച്ചുകൂടിനിന്നു സംസാരിക്കും. ഒപ്പം ശങ്കരന്‍കുട്ടി ചേട്ടനും ഉണ്ടാകും. ശങ്കരന്‍കുട്ടി ചേട്ടനാണ് പ്രോജക്ട് ഉണ്ടാക്കിയത്.
അന്നു ഷൂട്ടിംഗ് രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടാവും. മമ്മൂക്കയുടെയും സീമച്ചേച്ചിയുടെയും ഒരു സീനാണെടുക്കുന്നത്.
വളരെ കോംപ്ളിക്കേറ്റഡ് ട്രോളി മൂവ്മെന്റാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇറക്കവും കയറ്റവുമുള്ളിടത്ത് ട്രാക്കിംഗ് നന്നെ വിഷമിച്ചാണ് ചെയ്യുന്നത്. രാമചന്ദ്രബാബു സാറാണ് ക്യാമറാമാന്.
പലയാവര്‍ത്തി റിഹേഴ്സലു കഴിഞ്ഞിട്ടാണ് ടേക്കിലേക്കു പോയത്.
ടേക്ക് സമയത്ത് ജോര്‍ജ് സാര്‍ ഉറക്കെ ‘ടേക്കിംഗ്, സൈലന്റ്സ്’ എന്നു പറയും. എപ്പോഴും അങ്ങനെയാണ്.
പിന്നീട് ലൊക്കേഷനില്‍ പിന്‍ഡ്രോപ് സൈലന്റ്സാണ്. ആയിരിക്കും.
‘സ്റ്റാര്‍ട്ട് ക്യാമറ… ആക്ഷന്‍’ എന്നു നിര്‍ദ്ദേശം നല്കി ജോര്‍ജ്സാര്‍ ഷോട്ടിന്റെ പൂര്ണതയിലേക്കു ശ്രദ്ധിച്ചു.
അരിച്ചരിച്ച് ഒരു ശബ്ദം എവിടെ നിന്നോ വരുന്നു. ജോര്‍ജ് സാര്‍ ഡിസ്റ്റര്‍ബ്ഡ് ആകുന്നു.
‘കട്ട്!’
സെറ്റ് നിശ്ചലം. എല്ലാവരും ഉത്ക്കണ്ഠാകുലരായി. കാരണം, അത്ര കോപത്തിലാണ് ജോര്‍ജ് സാര്‍ കട്ട് പറഞ്ഞത്. ജോര്‍ജ് സാറിന്റെ നോട്ടത്തിലേക്ക് മുഴുവന്‍ യൂണിറ്റും മമ്മൂക്കയും സീമച്ചേച്ചിയും എല്ലാവരും നോട്ടമയച്ചു.
എല്ലാവരും ഞെട്ടി! അഞ്ചു പ്രൊഡ്യൂസര്‍മാരും ശങ്കരന് കുട്ടിച്ചേട്ടനും ഇതൊന്നുമറിയാതെ അടക്കിപ്പിടിച്ച വര്‍ത്തമാനത്തിലാണ്. സാറിനു കോപമടക്കാനായില്ല.
ഉഗ്രനൊരു തെറി ലൊക്കേഷനില്‍ പ്രകമ്പനം കൊണ്ടു.
‘……..നല്ല ടേക്ക് പറഞ്ഞത്. സൈലന്റ്സ്’
പാതിരാത്രിയിലെ മഞ്ഞില്‍ അഞ്ചുപേരുടെ നിശ്വാസങ്ങളും അവര്‍ വലിച്ചിരുന്ന സിഗററ്റിന്റെ പുകയും മാത്രം അവശേഷിച്ചു.
മുങ്ങാനാവാത്ത ഒരാള്‍ മാത്രം തല കുമ്പിട്ടു വന്നു. സാറിന്റെയടുത്ത് സൗമ്യനായി ശങ്കരന് കുട്ടിച്ചേട്ടന്‍ നിന്നു.
പിന്നെ മെല്ലെപ്പറഞ്ഞു
‘ഹൈസ്പീഡ് ഫിലിം തീര്‍ന്നു. ഇനി നാളെയേ കിട്ടൂ… അതാ സംസാരിച്ചുകൊണ്ടു നിന്നത്…!’
ബുള്‍ഗാനിലൂടെ ജോര്‍ജ് സാറിന്റെ വിരലുകളോടി.
‘ഇവിടെ വേറെ ചില കാര്യങ്ങള്‍ നടക്കുവാ’ ജോര്‍ജ് സാര്‍ പറഞ്ഞു.
ശങ്കരന് കുട്ടിച്ചേട്ടന്‍ ഇന്നസെന്റ് ചേട്ടനെപ്പോലെ പിറുപിറുത്തുകൊണ്ടുപോയി.
അപ്പോള്‍ ലോഡ് ചെയ്തേക്കുന്ന ഫിലിം റോള്‍ കഴിഞ്ഞാല്‍ ഷൂട്ടിംഗ് അവിടെ നില്ക്കും. ഹൈസ്പീഡ് ഫിലിം ഇല്ലാതെ നൈറ്റ്ഷൂട്ട് പറ്റില്ല. അതിന്റെ തെറി വേറെ വരും. അതായിരുന്നു ശങ്കരന്കുട്ടിച്ചേട്ടന്റെ വെപ്രാളം.
‘സെല്‍മേ……..’
ജോര്‍ജ് സാര്‍ അന്ന് തിരുവനന്തപുരത്ത് കമലേശ്വരത്താണു താമസം. കോളിംഗ് ബെല്ലടിച്ചു ഞാന്‍ കാത്തു നിന്നു. അങ്ങനെയാണു പതിവ്. രണ്ടാം നിലയിലാ സാറു താമസിക്കുന്നത്. സാറു തന്നെ വന്നു കതകു തുറന്നു തരും. എപ്പൊഴായാലും, സാറു പറഞ്ഞിട്ടു ചെന്നാലും കണ്ടയുടനെ ‘ങാ… എന്താ….?’ എന്നു ചോദിക്കും.
പെട്ടെന്നു തന്നെ ഓര്‍ത്ത് ‘ങാ വരൂ…’ എന്നു പറയുകയും ചെയ്യും.
ഇരകള്‍ സിനിമയുടെ ഷൂട്ടിംഗ് സ്ക്രിപ്റ്റില്‍ നിന്നും അത് സിനിമയായപ്പോഴുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തിരക്കഥയില്‍ വ്യത്യാസം വരുത്തി, പ്രസിദ്ധീകരണയോഗ്യമാക്കി. വൃത്തിയായി എഴുതിക്കൊടുക്കണം. സംശയങ്ങള്‍ സാറിനോടു ചോദിച്ചെഴുതാം. അങ്ങനെ കുറച്ചു ദിവസമായി ആ ജോലിയിലാണ് ഞാന്‍. ഞാന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള് ഒരു ചാരുകസേരയില്‍ കിടന്നുകൊണ്ട് സാറ് പുസ്തകമോ ആനുകാലികങ്ങളോ വായിക്കുന്നുണ്ടാവും. അതാണു പതിവ്. അന്ന് ഒരു ഫോണ്‍ വന്നു. കുറേ നേരം ബെല്ലടിച്ചു. ആ ഫോണ്‍ ബെല്‍ ഇറിട്ടേഷനായിത്തുടങ്ങിയപ്പോള് സാറെഴുന്നേറ്റ് അതെടുത്തു.
‘ഹലോ, അതെ.. ങാ ഹോള്‍ഡ് ചെയ്യൂ…’ എന്ന് ഇഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞു ഫോണ്‍ മേശപ്പുറത്തു മാറ്റിവച്ചു കൊണ്ട് സാറുറക്കെ വിളിച്ചു ‘സെല്‍മേ..!’
‘ങാ, വരുന്നു…’ അടുക്കളയില്‍ നിന്നും സെല്മച്ചേച്ചി വിളിച്ചു പറഞ്ഞു.
ശേഷം സാറു പോയി ചാരു കസേരയിലേക്കിരുന്നു വായന തുടര്‍ന്നു. നേരത്തെ ചായയ്ക്കു ജോര്‍ജ് സാര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അഞ്ചു മിനിട്ടു കഴിഞ്ഞിട്ടുണ്ടാവും. ചായയുമായി സെല്മച്ചേച്ചിയെത്തി.
ചായ കൊടുക്കുന്നതിനിടയില്‍ സാറു പറഞ്ഞു ‘ഫോണ്‍…’ ചേച്ചി നോക്കുമ്പോള്‍ ക്രഡിലില്‍ നിന്നും മാറി ഫോണ്‍ ഇരിക്കുന്നു.
‘ആര്‍ക്കാ, എനിക്കാണോ ഫോണ്‍…’ ചേച്ചി ഫോണെടുത്തു. മറുതലയ്ക്കല്‍ ആളു കാത്തിരുന്നു മടുത്തു പോയിരുന്നു.
‘ആരാ വിളിച്ചെ…?!’ ദേഷ്യത്തോടെയും ആകാംക്ഷയോടെയും ചേച്ചി ചോദിച്ചു.
‘നിന്നെ വേണമെന്നു പറഞ്ഞു. ആരാന്നു ഞാന്‍ ചോദിച്ചില്ല…!’
‘സെല്‍മേ എന്നു വിളിച്ചേന്റെ കൂടെ ഫോണ്‍ എന്നും കൂടൊന്നു പറഞ്ഞാ ലോകം ഇടിഞ്ഞുവീഴുമാരുന്നോ…’ ചേച്ചി അതു പറഞ്ഞപ്പോ ജോര്‍ജ് സാര്‍ തന്റെ ക്ലാസ്സിക്ക് ശൈലിയില്‍ ഒരു ചിരി ചിരിച്ചു.
സെല്മച്ചേച്ചി ദേഷ്യത്തോടെ വന്ന ഫോണ്‍ ആരുടേതെന്നറിയാതെ ദേഷ്യത്തില്‍ അകത്തേക്കു പോയി.
‘ജോര്‍ജ് സാര്‍ കഥകള്‍’ പറഞ്ഞാല്‍ തീരില്ല…. അതൊരു കടലാണ്.
തല്ക്കാലം ഇവിടെ നിര്‍ത്തുന്നു.
Recent Comments