മെയ് 25. ആന്റണി പെരുമ്പാവൂരിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ വിവാഹവാര്‍ഷികവും.
26 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു മെയ് 25 നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും വിവാഹം. അന്നൊരു വ്യാഴാഴ്ച ദിവസമായിരുന്നു. സാധാരണ ക്രിസ്ത്യന്‍ വിവാഹങ്ങള്‍ നടന്നിരുന്നത് ഞായറാഴ്ചകളിലാണ്. പതിവ് തെറ്റിച്ച് ഒരു ഇടദിവസം വന്നപ്പോള്‍, പലരും ആന്റണിയോട് അതിന്റെ കാരണം ചോദിച്ചിരുന്നു. അന്ന് ആന്റണി പറഞ്ഞത് ‘ഒരു പ്രത്യേകത ഇരിക്കട്ടെ’ എന്നായിരുന്നു. ഏതാണ്ട് കാല് നൂറ്റാണ്ടിനപ്പുറം തന്റെ വിവാഹം ജന്മദിനത്തില് നടത്തി പ്രത്യേക കാട്ടിയ മനുഷ്യനാണ്. വ്യത്യസ്ത അന്നേ അദ്ദേഹത്തിന്റെ മാര്ഗ്ഗമായിരുന്നുവെന്നതിന് ഇതിനേക്കാള്‍ മികച്ച തെളിവ് വേണ്ട.
ആശംസകള്‍ നേരാന്‍ ആന്റണിയെ വിളിക്കുമ്പോള്‍ അദ്ദേഹം പെരുമ്പാവൂരിലെ വീട്ടിലുണ്ടായിരുന്നു. മകനും മകളും മരുമകനും വീട്ടിലുണ്ട്. മരുമകന്റെ അച്ഛനും അമ്മയും വൈകുന്നേരത്തോടെയെത്തും. അവരെത്തിയാല്‍ കേക്ക് മുറിക്കും. ചെറിയ ആഘോഷപരിപാടികളുമുണ്ടാകും. ആന്റണി പറഞ്ഞു.
ഇതിനിടെ വീട്ടിലാരോ വന്നു. അവരോട് ആന്റണി സംസാരിക്കുന്നത് ഫോണിലൂടെ കേള്‍ക്കാമായിരുന്നു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞിട്ട് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പത്ത് മിനിറ്റ് കഴിഞ്ഞ് വിളിച്ചു.
‘എന്റെ ജന്മദിവസമാണെന്നറിഞ്ഞ് ഒരാള്‍ കേക്കുമായി എത്തിയതായിരുന്നു. പിന്നീട് കേക്ക് മുറിക്കാമെന്ന് ഞാന്‍ പറഞ്ഞുനോക്കി. പക്ഷേ അയാള്‍ സമ്മതിക്കുന്നില്ല. പിന്നെ അയാള്‍ക്കുവേണ്ടി കേക്ക് മുറിച്ചു. ഒപ്പംനിന്ന് ഫോട്ടോയും എടുത്തു.’ ആന്റണി പറഞ്ഞു.
ഇത് എത്രാമത്തെ ജന്മദിനമാണ്?
‘രണ്ടാമത്തെ കോവിഡിന്റെ വരവ് വലിയ പ്രശ്നമായിരിക്കയാണല്ലോ’ എന്റെ ചോദ്യത്തെ വഴിതെറ്റിച്ചുകൊണ്ട് ആന്റണി കോവിഡ് വിഷയം എടുത്തിട്ടു.
വയസ്സ് പറയാന്‍ മടിയാണല്ലേ? ഞാന്‍ ചിരിച്ചു.
ഒപ്പം ആന്റണിയുടെ പൊട്ടിച്ചിരിയും ഉയര്‍ന്നു. ചിരി അവസാനിക്കുമ്പോള്‍ പറഞ്ഞു.
‘അന്‍പത്തിയൊന്ന്.’
അപ്പോള്‍ വിവാഹം കഴിച്ചത് എത്രാമത്തെ വയസ്സിലാണ്?
‘അത് പറയില്ല. അപ്പോ നിങ്ങള്‍ വയസ്സ് കണ്ടുപിടിക്കില്ലേ?’
അല്ല, മുമ്പൊരു അഭിമുഖത്തില്‍ ലാലേട്ടനോടൊപ്പം കൂടിയത് ഇരുപത്തിരണ്ടാമത്തെ വയസ്സിലാണെന്ന് പറഞ്ഞിട്ടുണ്ട്. അതു കഴിഞ്ഞ് ഏഴ് വര്‍ഷം കഴിഞ്ഞാണ് വിവാഹം. അതായത് ഇരുപത്തിയൊന്‍പതാമത്തെ വയസ്സില്‍. കല്യാണം കഴിഞ്ഞിട്ട് ഇപ്പോ ഇരുപത്തിയാറ് വര്‍ഷം. അങ്ങനെയെങ്കില്‍ വയസ്സ് അന്‍പത്തിയഞ്ച് അല്ലേ?
‘നിങ്ങള്‍ കണ്ടുപിടിച്ചല്ലേ, കറക്ടാണ്. അന്‍പത്തിയഞ്ച് വയസ്സ്.’
ചുമ്മാ പറയുകയാണോ, അതൊ ഇതിലും കൂടുമോ?
‘അല്ല. അന്‍പത്തിയഞ്ച് തന്നെ. ഉറപ്പിച്ചോളൂ.’ ആന്റണി ചിരിക്കുന്നു.
ലാലേട്ടന് വിളിച്ചിരുന്നോ?
ഈ ദിവസമെന്നല്ല, ഞങ്ങള്‍ എല്ലാ ദിവസവും വിളിക്കാറുണ്ട്. ഏറെനേരം സംസാരിക്കാറുണ്ട്.
മോഹന്‍ലാല്‍-ജീത്തുജോസഫ്-ആന്റണി പെരുമ്പാവൂര്‍ പുതിയ പ്രൊജക്ടിനെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ?
അങ്ങനെയൊരു ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധവയ്ക്കുന്നത് ബറോസിലാണ്. ലോക്ക്ഡൗണിനുശേഷം ഷൂട്ടിംഗിന് അനുമതി കിട്ടിയാല്‍ ബറോസ് സ്റ്റാര്‍ട്ട് ചെയ്യും. പക്ഷേ, പ്രശ്നം അതില്‍ അഭിനയിക്കുന്ന വിദേശതാരങ്ങളാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അവരെയൊക്കെ എത്തിക്കാനാകുമോ എന്നാണ് ആശങ്ക. അതിന് പ്രശ്നമൊന്നുമില്ലെങ്കില്‍ ബറോസ് തന്നെ നടക്കും. സമാന്തരമായി ജീത്തുവുമായി ഒരു സബ്ജക്ടിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബറോസ് വൈകുമെങ്കില്‍ ജീത്തുവിന്റെ പ്രൊജക്ട് നടക്കാനും സാധ്യതയുണ്ട്. ആന്റണി പറഞ്ഞു.
ആന്റണിക്ക് നിറഞ്ഞ ജന്മദിന-വിവാഹാശംസകള്‍ നേര്‍ന്നാണ് സംസാരം അവസാനിപ്പിച്ചത്.
Recent Comments