ഒടുവില്‍ ഉണ്ണികൃഷ്ണന് ഓര്‍മ്മയായിട്ട് 15 വര്‍ഷം. കാലം അത്രയേറെ മുന്നോട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ കണ്മുന്നിലുണ്ട്. എത്രയെത്ര സെറ്റുകളില്‍… പത്തിരിപാലയിലുള്ള വീട്ടില്‍… അങ്ങനെ കൂടിക്കാഴ്ച പലതവണ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ഒരു യാത്ര ഒരിക്കലും മറക്കാനാവില്ല.
സോനു ശിശുപാല്‍ സംവിധാനം ചെയ്ത വാമനപുരം ബസ്റൂട്ടിന്റെ പ്രധാന ലൊക്കേഷന്‍ ഗുരുവായൂരായിരുന്നു. മോഹന്‍ലാലാണ് നായകന്. ജഗതിശ്രീകുമാറും ഒടുവില്‍ ഉണ്ണികൃഷ്ണനും ജനാര്‍ദ്ദനനും ഇന്നസെന്റും മണിയന്‍പിള്ള രാജുവും ജഗദീഷും അഗസ്റ്റിനും വി.കെ. ശ്രീരാമനും ബൈജുവും ലക്ഷ്മി ഗോപാലസ്വാമിയുമടക്കം വന്‍ താരനിരയുള്ള ചിത്രമാണ്.
അന്ന് ഷൂട്ടിംഗ് പതിവിലും നേരത്തേ കഴിഞ്ഞു. ഒടുവിലേട്ടനോടൊപ്പമാണ് ഞങ്ങളുടെ മടക്കയാത്ര. എന്നോടൊപ്പം കൊല്ലംമോഹനുമുണ്ട്. യാത്രയ്ക്കിടെ അദ്ദേഹം പറഞ്ഞു.
‘ഇന്ന് വൈകുന്നേരം കലാനിലയത്തിന്റെ നാടകം കുന്ദംകുളത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ കളിക്കുന്നുണ്ട്. കടമറ്റത്ത് കത്തനാര്. ഞാന്‍ പോകുന്നുണ്ട്. നിങ്ങളും വരണം.’
അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കാന്‍ മറിച്ചൊന്ന് ആലോചിക്കേണ്ടിവന്നില്ല. കലാനിലയത്തിലെ ഒരു പഴയ നടനാണ് ഞങ്ങളുടെ തൊട്ടടുത്തിരിക്കുന്നത്. ഇതേ കത്തനാര് നാടകത്തില്‍ വാറപ്പന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഒടുവില്‍ ഉണ്ണികൃഷ്ണനാണ്. അതുപോലെ കൊച്ചുണ്ണിയിലെ കടുവാശ്ശേരി വാവയും. ഓര്‍മ്മയില്‍ എപ്പോഴും തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളാണത്.
ഹോട്ടലിലെത്തി വിശ്രമിക്കാനൊന്നും സമയമുണ്ടായിരുന്നില്ല. വൈകുന്നേരം ആറ് മണിയോടെ ഞങ്ങള്‍ യാത്ര തിരിച്ചു. ആറരയോടെ ആഡിറ്റോറിയത്തിലെത്തി. ബാക്ക് സ്റ്റേജില്‍ പോയി സുഹൃത്തുകൂടിയായ കേരളപുരം കലാമിനെ കാണണമെന്ന് അദ്ദേഹത്തിനൊരു ആഗ്രഹം. ഞങ്ങളേയുംകൂട്ടി ബാക്ക് സ്റ്റേജിലേയ്ക്ക് പോയി. പക്ഷേ രണ്ടുപേര്‍ തടഞ്ഞു. അവരോട് കലഹിക്കാനൊന്നും നിന്നില്ല. തിരിച്ചുപോന്നു. മുന്‍നിരയിലിരുന്ന് നാടകം കണ്ടു. നാടകത്തിന് തിരശ്ശീല വീഴുമ്പോള്‍ കലാനിലയത്തിലെ പ്രധാനികളില്‍ ചിലര്‍ ഒടുവിലിനടുക്കല് എത്തി. അവരോടും കലാമിനെ കാണണമെന്ന് പറഞ്ഞു. അവര്‍ അദ്ദേഹത്തെ ബാക്ക് സ്റ്റേജിലേയ്ക്ക് കൊണ്ടുപോയി. കലാമിനെ കണ്ടപ്പോള്‍ സ്നേഹത്തോടെ വാരിപ്പുണര്‍ന്നു. നാടകം തുടങ്ങുന്നതിനുമുമ്പ് വരാന്‍ ആഗ്രഹിച്ചതാണെന്നും എന്നാല്‍ കടത്തിവിട്ടില്ലെന്നും ഒടുവിലേട്ടന്‍ കലാമിനോട് പറഞ്ഞു.
ഞങ്ങളവിടുന്ന് യാത്രപറഞ്ഞിറങ്ങി.
പിറ്റേന്ന് രാവിലെ ഞങ്ങളുടെ മുറിയിലേയ്ക്കൊരു ഫോണ്‍. ഒടുവിലേട്ടനാണ്. ‘നിങ്ങള്‍ വേഗം റൂമിലേയ്ക്കൊന്നു വരൂ.’
ഞങ്ങള്‍ അദ്ദേഹത്തിന്റെ റൂമിലെത്തുമ്പോള്‍ കലാം അവിടെയുണ്ടായിരുന്നു.
‘എന്റെ ഉണ്ണിയേട്ടനെ കയറ്റിവിടാത്ത ഒരു പ്രസ്ഥാനത്തില്‍ ഞാനുമുണ്ടാവില്ല.’ കലി തുള്ളിക്കൊണ്ട് കലാം പറയുകയാണ്.
ഇന്നലെ നടന്ന സംഭവം വളരെ വൈകാരികമായി ഏറ്റെടുത്തിരിക്കയാണ് കലാം. അതിന്റെ പേരില്‍ കലാനിലയത്തില്‍നിന്ന് പിണങ്ങിയിറങ്ങിയിരിക്കയാണ്. ഒടുവിലേട്ടന്‍ അദ്ദേഹത്തെ പലതും പറഞ്ഞ് അനുനയിപ്പിക്കാന്‍ നോക്കിയിട്ടും വഴങ്ങുന്നില്ല. തല്ക്കാലം റൂമിലിരിക്കാന് പറഞ്ഞിട്ട് ഒടുവിലേട്ടന്‍ ലൊക്കേഷനിലേയ്ക്ക് പോയി. ഞങ്ങള്‍ കൊല്ലത്തേയ്ക്കും.
പിറ്റേന്ന് ഒടുവിലേട്ടനെ വിളിച്ചു. കലാമിന്റെ കാര്യം തിരക്കി.
ഒരുവിധം സംസാരിച്ച് വീട്ടിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും കലാനിലയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നിമിത്തം ഒരാള്‍ ജോലി വിട്ടുവന്നതിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. കലാം കലാനിലയത്തിലേയ്ക്ക് മടങ്ങിയെത്തുംവരെയും.
കെ. സുരേഷ്
Recent Comments