ലോക സിനിമാചരിത്രത്തില്തന്നെ കഴിഞ്ഞ 50 വര്‍ഷമായി 530 ലേറെ സിനിമകള്‍ ചെയ്ത ഒരേയൊരു മേക്കപ്പ്മാനേയുള്ളൂ. അത് മലയാളിയായ പി.വി. ശങ്കറാണ്. ചമയകലയിലെ അതികായകരായ കെ.വി. ഭാസ്കരന്റെയും കെ.വി. കുമാറിന്റെയും സഹായിയായി കൂടിയ ശങ്കര്‍ ആദ്യമായി അസിസ്റ്റ് ചെയ്ത ചിത്രം 1971 പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു. ഇന്റിപെന്റന്‍ഡ് ആകുന്നത് കാലം കാത്തുനിന്നില്ല എന്ന എ.ബി. രാജ ചിത്രത്തിലൂടെയും. അതിലെ നായകന് പ്രേംനസീറും നായിക ജയഭാരതിയുമായിരുന്നു. തന്റെ അന്‍പത് വര്‍ഷത്തെ സുദീര്‍ഘമായ ചമയ ജീവിതത്തിനിടയില്‍ മേക്കപ്പില്‍ ഇത്രയേറെ ശ്രദ്ധ വയ്ക്കുന്ന കലാകാരന്മാര് പ്രേംനസീറിനോളവും ജയഭാരതിയോളവും വേറെയൊരു ആര്ട്ടിസ്റ്റുണ്ടായിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
‘രാജകീയ മുഖമെന്നൊക്കെ കേട്ടിട്ടല്ലേയുള്ളൂ. അതാദ്യമായി ഞാന്‍ കാണുന്നത് നസീര്‍ സാറിലാണ്. കണ്ണും മൂക്കും ചുണ്ടും പുരികവുമെല്ലാം രാജകീയപ്രൗഢി നിറഞ്ഞതായിരുന്നു. കാലം കാത്തുനിന്നില്ല എന്ന ചിത്രത്തിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി മേക്കപ്പ് ചെയ്യുന്നത്. മേക്കപ്പ് ചെയ്യാനായി സാറിന്റെ അടുക്കെലെത്തുമ്പോള് അദ്ദേഹത്തോട് പറഞ്ഞിരുന്നു, ഇതെന്റെ ഇന്റിപെന്റന്‍ഡ് ചിത്രമാണെന്ന്. ഉടനെ അദ്ദേഹം നിര്‍മ്മാതാവ് ടി.കെ.ബിയെ വിളിപ്പിച്ചു. (ടി.കെ.ബി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടി.കെ. ബാലചന്ദ്രന് ശങ്കറിന്റെ അമ്മാവന്‍കൂടിയാണ്). ‘ശങ്കര്‍ ആദ്യമായി ചെയ്യുന്ന പടമല്ലേ? ഒരു കാര്യം ചെയ്യാം, നായികയായി ഇവിടെ ആരാണുള്ളത്?’ നസീര്‍ സാര്‍ തിരക്കി. ശ്രീലത ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം അവരെ മേക്കപ്പ് ഇടാന്‍ പറഞ്ഞു. തുടക്കം ഒരു അഭിനേത്രിയില്നിന്നുമാകട്ടേയെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവാം. ശ്രീലതയുടെ മേക്കപ്പ് കഴിഞ്ഞപ്പോള്‍ ഇനി എനിക്കിട്ടോളൂ എന്ന് പറഞ്ഞ് നസീര്‍ സാര്‍ കണ്ണാടിക്കുമുന്നില്‍ വന്നിരുന്നു.’
‘മേക്കപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ല. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കണ്ണാടിയില്‍കൂടി സൂക്ഷ്മമായി നിരീക്ഷിക്കും. എന്നിട്ട് ഓക്കെ പറയും. ഓക്കെ പറഞ്ഞില്ലെങ്കില്‍ എന്തോ തൃപ്തികേട് ഉണ്ടായിട്ടുണ്ടെന്നുവേണം കരുതാന്‍. അങ്ങനെയൊരനുഭവം അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത 110 ചിത്രങ്ങളില്‍നിന്നും ഉണ്ടായിട്ടില്ല.’
‘നസീര്സാറിനെപ്പോലെ മേക്കപ്പില്‍ ശ്രദ്ധിച്ചിരുന്ന മറ്റൊരു ആര്‍ട്ടിസ്റ്റ് ജയഭാരതിയാണ്. കാലം കാത്തുനിന്നില്ല എന്ന ചിത്രത്തിലൂടെയാണ് അവരെയും ആദ്യമായി മേക്കപ്പ് ഇടുന്നത്. ഒരുപാട് സവിശേഷതകളുള്ള അഭിനേത്രിയാണ്. അതുകൊണ്ട് മേക്കപ്പിലൊക്കെ അവര്‍ പ്രത്യേകം ശ്രദ്ധവയ്ക്കും. പേഴ്സണല്‍ മേക്കപ്പ്മാനുണ്ടായിരുന്നു. എങ്കിലും എന്നെക്കൊണ്ട് മാത്രമേ മേക്കപ്പ് ചെയ്യിപ്പിക്കുമായിരുന്നുള്ളൂ. മേക്കപ്പ് സാധനങ്ങളൊക്കെ അവര്‍ ധാരാളമായി കരുതിയിരുന്നു. പക്ഷേ അതൊക്കെ സിനിമാസെറ്റുകളില്‍ ഉപയോഗിക്കുന്നതായി കണ്ടിട്ടില്ല. ജയഭാരതിയോടൊപ്പവും 50 ചിത്രങ്ങളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.’
’50 വര്‍ഷമായി ഞാന്‍ ചമയരംഗത്തുണ്ട്. നസീര്‍സാറിനെയും ജയഭാരതിയെയുംപോലെ മേക്കപ്പില്‍ ഇത്രയും ശ്രദ്ധ വയ്ക്കുന്ന വേറൊരുതാരങ്ങളേയും ഇന്നോളം കണ്ടിട്ടില്ല.’ ശങ്കര്‍ പറഞ്ഞുനിര്‍ത്തി.
Recent Comments