നടന് സത്യന്റെ ഒരു പഴയ ചിത്രം ഫയലില്‍ കിടപ്പുണ്ടായിരുന്നു. പി. ഡേവിഡ് പകര്‍ത്തിയ ചിത്രമാണ്. ഡേവിഡിനെ പെട്ടെന്ന് ഓര്‍ക്കാന്‍ കാരണം അതായിരുന്നു. കുറേനാളായി വിളിച്ചിട്ട്. നാലഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവന്തപുരത്തുവച്ചാണ് അവസാനമായി കണ്ടത്. അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോപ്രദര്ശനമുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ വിളിച്ചത് നടി ടി.പി. രാധാമണിയുടെ ഒരു ചിത്രത്തിനുവേണ്ടിയായിരുന്നു.
ഒരുവിധം എല്ലാ പത്രമാധ്യമസ്ഥാപനങ്ങളും പഴയകാല ഫോട്ടോകള്‍ക്കുവേണ്ടി ആദ്യം വിളിക്കുന്നത് ചെന്നൈയിലുള്ള പി. ഡേവിഡിനെയാണ്. ഫോട്ടോകളുടെ ഒരപൂര്‍വ്വ ശേഖരംതന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. 1964 ലാണ് അദ്ദേഹം സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. 70 കളില്‍ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള ഫോട്ടോഗ്രാഫറായിരുന്നു. ഒരു വര്‍ഷം 17 സിനിമകള്‍വരെ ചെയ്ത കാലമുണ്ട്. 90 കളിലാണ് സിനിമയില്‍നിന്ന് ഇടവേളയെടുക്കുന്നത്.
ഇക്കാലത്തിനിടയില്‍ അദ്ദേഹം പകര്‍ത്തിയിട്ടുള്ള എല്ലാ ഫോട്ടോകളുടെയും നെഗറ്റീവടക്കം അദ്ദേഹം ഭദ്രമായി സൂക്ഷിക്കുന്നു. ആവശ്യക്കാര്‍ക്ക് അതിന്റെ പ്രിന്റ് എടുത്ത് നല്‍കും. അദ്ദേഹം സിനിമയില്‍ വരുമ്പോള്‍ നായകന്മാര് സത്യനും നസീറുമായിരുന്നു. പിന്നീടിങ്ങോട്ട് അനവധി തലമുറ വന്നുപോയി. ഏറ്റവും ഒടുവില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍വരെ അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തില്‍ അനവധിയുണ്ട്. മലയാളത്തില്‍ മാത്രമായി 150 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങള്‍ വേറെയും.
ഡേവിഡേട്ടനെ രണ്ട് തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. കുറച്ചുകഴിഞ്ഞ് തിരിച്ച് വിളിക്കുകയായിരുന്നു.
‘താഴെ ചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ പോയതായിരുന്നു. റിംഗ് കേട്ടില്ല. വന്നപ്പോഴാണ് മിസ്ഡ്കോള് കണ്ടത്.’ ഡേവിഡേട്ടന് പറഞ്ഞു.
ആരോഗ്യവിവരം തിരക്കുമ്പോഴാണ് അദ്ദേഹം കോവിഡ് ബാധിതനായി ആശുപത്രിയിലായിരുന്നുവെന്ന് അറിയുന്നത്.
‘ആദ്യ കോവിഡ് വ്യാപനസമയത്തുതന്നെ എന്നെയും രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ശ്രദ്ധിച്ചതേയില്ല. ഏഴ് ദിവസം കടന്നുപോയി. അതിനുശേഷം ടെസ്റ്റ് ചെയ്യാന്‍ ലാബിലെത്തിയപ്പോഴാണ് ഓക്സിജന്റെ അളവ് 60 ല്‍ താഴെയാണെന്ന് അറിയുന്നത്. നേരെ ഹോസ്പിറ്റലില്‍ അഡിറ്റ് ചെയ്യാനാണ് പറഞ്ഞത്. ബെഡ് കിട്ടാന്‍ പ്രയാസമായിരുന്നു. നിരവധിപ്പേരെ വിളിച്ചശേഷമാണ് ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ഒരു അഡ്മിഷന് തരപ്പെട്ടത്. നേരെ ഐ.സി.യുവിലേയ്ക്ക് കയറ്റുകയായിരുന്നു. ലങ്സിനെ ഇന്ഫക്ഷന് ബാധിച്ചിരുന്നു. അത് ന്യുമോണിയയായി. മൂന്നുദിവസം തീര്‍ത്തും അബോധാവസ്ഥയിലായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമോ എന്ന് ഡോക്ടര്‍മാര്‍ക്കുപോലും ഉറപ്പുണ്ടായിരുന്നില്ല. എന്നെക്കൊണ്ട് ആര്‍ക്കെങ്കിലുമൊക്കെ ഇനിയും ആവശ്യമുണ്ടായിരിക്കണം. അതുകൊണ്ടാവണം ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയത്.
11 ദിവസത്തിനുശേഷം ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടെങ്കിലും മൂന്ന് മാസത്തേയ്ക്ക് വീട്ടില്‍നിന്നും പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. നോര്‍മല്‍ ജീവിതത്തിലേയ്ക്ക് എത്താന്‍ പിന്നെയും കാലമെടുത്തു. അന്നത്തെ രോഗാവസ്ഥയുടെ അവശത ഇന്നുമെന്നെ അലട്ടുന്നുണ്ട്. കൂനിന്മേല് കുരുപോലെ ഇക്കഴിഞ്ഞ മാസം എന്റെ ഇളയ സഹോദരിയെയും കോവിഡ് കവര്‍ന്ന് കൊണ്ടുപോയി. ദിനവും കേള്‍ക്കുന്നത് കെട്ട വാര്‍ത്തകളാണ്. മനസ്സിനൊരു സുഖവുമില്ല. പുറത്തിറങ്ങാനാവുന്നില്ല. എന്തോ വലിച്ചു കെട്ടി മുറുക്കിയിരിക്കുന്നതുപോലെ. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഓരോ ദിവസവും എണ്ണിയെണ്ണി കഴിയുകയാണ്. ഏല്ലാവരെയുംപോലെ ഒരു നല്ല ദിനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞാനും.’ ഡേവിഡ് പറഞ്ഞുനിര്‍ത്തി.
Recent Comments