കീബോർഡ് പ്രോഗ്രാമറാണ് അശ്വിൻ സത്യ. സംഗീതസംവിധായകൻ രഘുനന്ദനോടൊപ്പം ഇപ്പോൾ കീബോർഡ് പ്രോഗ്രാമറായി വർക്ക് ചെയ്യുന്നു. സൗണ്ട് എൻജിനീയറായിരുന്ന അശ്വിൻ സത്യയെ കീബോർഡ് പ്ലേയറായി ആദ്യം അവതരിപ്പിച്ചത് സംഗീതസംവിധായകനായ മെജോ ജോസഫാണ്. പിന്നീട് ഗോപീസുന്ദർ, ഔസേപ്പച്ചൻ, ദീപക് ദേവ് എന്നിവർക്കൊപ്പവും വർക്ക് ചെയ്തു. ഏറ്റവും കൂടുതൽ കാലം ഉണ്ടായത് ഔസേപ്പച്ചനോടൊപ്പമാണ്, ഏഴു വർഷം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷാചിത്രങ്ങളിൽ കീബോർഡ് പ്രോഗ്രാമറായി പ്രവർത്തിച്ചിട്ടുണ്ട്, പ്രവർത്തിച്ചുകൊണ്ടുമിരിക്കുന്നു.
ചാലക്കുടിയാണ് അശ്വിന്റെ സ്വദേശമെങ്കിലും ഇപ്പോൾ അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ചെന്നൈയിലാണ് സ്ഥിരതാമസം. അടുത്തിടെ അശ്വിൻ തന്റെ ഐപാഡിൽ ഫിംഗർ ഫിഡിൽ ആപ്പ് വഴി പ്ലേ ചെയ്ത ‘നീ എൻ സർഗ്ഗ സൗന്ദര്യമേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ സംഗീതസംവിധായകൻ ഔസേപ്പച്ചൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോ വൈറലായി. അതോടെയാണ് അശ്വിൻ സത്യ എന്ന കീബോർഡ് പ്രോഗ്രാമറെ ലോകം തിരിച്ചറിയാൻ തുടങ്ങിയത്. ഈ വീഡിയോ ഞങ്ങൾക്ക് അയച്ചു തന്നത് മാധ്യമ സുഹൃത്തുകൂടിയായ ദിപിനാണ്. പിന്നീട് അശ്വിനെ ഞങ്ങൾ നേരിട്ട് വിളിക്കുകയായിരുന്നു.
ഫിംഗര് ഫിഡില് വഴി അശ്വിന് സത്യ ആദ്യമായി പ്ലേ ചെയ്ത സംഗീതം
‘ഫിംഗർ ഫിഡിൽ ഒരു ആപ് ആണ്. വയലിൻ കുടുംബത്തിന്റെ മുഴുവൻ മാന്ത്രികതയും അതിൽ നിറച്ചു വെച്ചിട്ടുണ്ട്. ഞാൻ കുറച്ചുകാലം മുമ്പാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. സ്വന്തമായി പ്ലേ ചെയ്തു പഠിക്കുകയായിരുന്നു. കീബോർഡ് വായിക്കുന്നത് പോലെ അത്ര എളുപ്പമല്ല. എങ്കിലും നിത്യാഭ്യാസം കൊണ്ട് വഴങ്ങാൻ തുടങ്ങി.’
‘ഒരു ദിവസം ചാർജ് ചെയ്യാനായി ഐപാഡ് എടുക്കുമ്പോൾ തലേന്ന് ഉപയോഗിച്ചിരുന്ന ഫിംഗർ ഫിഡിലിന്റെ ആപ്പ് ഓഫായിരുന്നില്ല. മോണിറ്ററിൽ അത് തെളിഞ്ഞു കത്തുന്നു. ആ സമയം തൊട്ടടുത്ത മുറിയിലിരുന്ന് അമ്മ ടിവി കാണുകയായിരുന്നു. ‘നീ എൻ സർഗ്ഗ സൗന്ദര്യമേ’ എന്ന പാട്ടാണ് ടിവിയിൽ നിന്ന് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. കൗതുകത്തിന് ഞാൻ ആ പാട്ട് അപ്പോൾ തന്നെ ഫിംഗർ ഫിഡിലിൽ വായിച്ചു. നാലുവരി വായിച്ചുകഴിഞ്ഞപ്പോൾ എന്റെ സുഹൃത്തുക്കളിൽ ചിലർക്ക് അയച്ചുകൊടുത്തു. അവർ നന്നായിരിക്കുന്നുവെന്ന് പറഞ്ഞു. അപ്പോൾ കോൺഫിഡൻസായി.
പിന്നീട് പല്ലവി കൂടി വായിച്ചു. അതിന്റെ വീഡിയോ ഔസേപ്പച്ചൻ സാറിന് അയച്ചുകൊടുത്തു. അദ്ദേഹം കേട്ടു കഴിഞ്ഞതിന് പിന്നാലെ എന്നെ വിളിച്ചു. ഗംഭീരമായിരിക്കുന്നുവെന്നാണ് പറഞ്ഞത്. തൊട്ടുപിന്നാലെ ആ വീഡിയോ സാർ അദ്ദേഹത്തിന്റെ എഫ്ബിയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.’ അശ്വിൻ പറഞ്ഞു.
‘ജിയോശ്രെഡിന്റെ ആപ്പ് നിലവിലുണ്ട്. അത് പലരും വായിച്ച് കേട്ടിട്ടുള്ളതാണ്. ഫിംഗർ ഫിഡിൽ അടുത്തിടെയാണ് സജീവമായത്. മലയാളിയായ നവനീത് മാത്രമാണ് അത് വായിച്ച് കേട്ടിട്ടുള്ളത്. ഒരു വയലിനിസ്റ്റിന്റെ സഹായമില്ലാതെ വയലിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്താൻ ഈ ആപ്പ് വഴി കഴിയും.’ അശ്വിൻ പറഞ്ഞു.
കർണാടക സംഗീതവും വെസ്റ്റേൺ സംഗീതവും ഒരുപോലെ വഴങ്ങുന്ന അശ്വിൻ സത്യ കീബോർഡിനെ കൂടാതെ ഫ്ലൂട്ട്, ഗിത്താർ, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങളും അനായസേന വായിക്കാറുണ്ട്. സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ ചെറുപ്പക്കാരൻ ഇപ്പോൾ.
Recent Comments