രാത്രിയിലും രാവിലെയുമായി രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മാറിമാറി വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന സമയം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന വാസ്തവത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് കുറ്റിക്കാനത്തുമായിരുന്നു. പാളയത്തിനടുത്തുള്ള ഒരു അടിപാതയിലാണ് വാസ്തവത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നത്. അവിടെ രാത്രിയില്മാത്രമേ ഷൂട്ട് ചെയ്യാന്‍ പെര്‍മിഷനുള്ളൂ. രാത്രിയിലെ അവിടുത്തെ വര്‍ക്ക് കഴിഞ്ഞാല്‍ നേരെ കുറ്റിക്കാനത്തേയ്ക്ക് വിടും. ഒരു ദിവസം കുറ്റിക്കാനത്തെത്തിയപ്പോഴാണ് ഷൂട്ടിംഗ് മുടങ്ങിയ കാര്യം അറിയുന്നത്. ജനറേറ്റര്‍ പണിമുടക്കിയതായിരുന്നു. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ല. തിരുവനന്തപുരത്ത് രാത്രിയില്‍ എത്തിയാല്‍ മതിയെങ്കിലും നേരത്തേ പുറപ്പെടാമെന്ന് കരുതി.
ഉച്ചയോടെ ഒരു കാറില്‍ അസിസ്റ്റന്റുകള്‍ക്കൊപ്പം ഞാന്‍ യാത്രയായി. യാത്ര കുറച്ചുദൂരം പിന്നിട്ടിട്ടുണ്ടാവില്ല. പെട്ടെന്ന് കണ്മുന്നില് ഒരു അപകടം കണ്ടു. വളരെ വേഗത്തില്‍ വരികയായിരുന്ന ലോറി ഒരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. ഓട്ടോ പലതവണ തലകുത്തി മറിഞ്ഞു നിന്നു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയെങ്കിലും ലോറി ഞങ്ങളുടെ വാഹനത്തിലും വന്നിടിച്ചു. കാറിന്റെ മുന്‍സീറ്റിലായിരുന്നു ഞാനിരുന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ എന്റെ ഇടതുകൈ എവിടെയോ ശക്തമായി വന്നിടിച്ചു. എന്റെ അസിസ്റ്റന്റുകള്‍ കാറില്‍നിന്ന് ചാടിയിറങ്ങി ലോറിക്കാരെ ആക്രമിക്കാനായി ചെന്നു. ഞാനവരെ തടഞ്ഞു. അന്ന് ലോറി ഓടിച്ചിരുന്നത് യഥാര്‍ത്ഥ ഡ്രൈവറല്ല, കിളിയായിരുന്നു. അപകടം പറ്റിയ ഓട്ടോയുടെ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഞങ്ങള്‍ ബ്രേക്കിട്ടില്ലായിരുന്നുവെങ്കില് ലോറി ഞങ്ങളുടെ കാറിനെയും ഇടിച്ചുവീഴ്ത്തുമായിരുന്നു. എങ്കില്‍ അപകടം ഭീകരമായേനെ. സിനിമയിലൊക്കെ ആക്സിഡന്റ് രംഗങ്ങള്‍ ഒരുക്കിമാത്രമേ ശീലമുള്ളൂ. അതുപോലൊരു രംഗം കണ്മുന്നില് കണ്ടപ്പോള്‍ ഭയപ്പെടാതിരുന്നില്ല.
കൈയ്ക്ക് നല്ല വേദനയുണ്ടായിരുന്നു. അനക്കാനും കഴിയുന്നുണ്ടായിരുന്നില്ല. പത്മകുമാറിനെ വിളിച്ച് കാര്യം പറഞ്ഞു. ഞാന്‍ വെറുതെ പറയുകയാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷേ ഞാനവിടുന്ന് നേരെ ചെന്നൈയിലേയ്ക്ക് പോയി.
മിയോട്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റായി. എക്സറേയില്‍ എല്ലുകള്‍ക്ക് ഒടിവുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചു. അന്നുതന്നെ സര്‍ജറി ചെയ്ത് മെറ്റല്പ്ലേറ്റിട്ടു. ഒരു മാസത്തെ വിശ്രമം പറഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍തന്നെ ഞാന്‍ ലൊക്കേഷനിലെത്തി. ഫൈറ്റുകളൊരുക്കി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈവിരലുകള്‍ നല്ലതുപോലെ ചലിപ്പിക്കാന്‍ കഴിയുന്നില്ല. ചില എക്സര്‍സൈസുകളൊക്കെ ചെയ്തുനോക്കിയെങ്കിലും മൂവ്മെന്റ്സുകള് ശരിയാകുന്നില്ല. വീണ്ടും ആശുപത്രിയിലെത്തി.
രണ്ടാമതും സര്‍ജറി വേണമെന്ന് പറഞ്ഞു. ഇത്തവണ വെയ്ന്‍ ഒക്കെ കട്ട് ചെയ്ത് റീപ്ലേയ്സ് ചെയ്തിരുന്നു. അതിനുശേഷമാണ് വിരലുകള്‍ സാധാരണപ്പോലെ ചലിപ്പിക്കാനായത്. എങ്കിലും സര്‍ജറി വരുത്തി വടുക്കള്‍ എന്നെ ആ അപകടത്തെക്കുറിച്ച് എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്.
Recent Comments