ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസിന്റെ എം.ഡി.യായി ഞാന്‍ പ്രവര്‍ത്തിക്കുന്ന കാലം. ഒരു ദിവസം എന്റെ ഓഫീസിലേയ്ക്ക് ബി.ടി.എസിലെ കുറച്ച് യൂണിയന് പ്രവര്‍ത്തകര്‍ കടന്നുവന്നു. അവരുടെ കൂട്ടത്തിലുള്ള ഒരു തൊഴിലാളിയുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നാണാവശ്യം. അവരുടെ ആവശ്യം ന്യായമാണെന്ന് കണ്ടപ്പോള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ആളോട് എന്നെ വന്ന് കാണാന്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം അയാള്‍ എന്നെ കാണാനെത്തി. കറുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരന്. കാഴ്ചയിലൊരു വില്ലന്‍ സ്വഭാവവുമൊക്കെയുണ്ട്. ശിവാജിറാവു ഗെയ്ക്ക് വാദ് എന്നായിരുന്നു അയാളുടെ പേര്. സസ്പെന്‍ഷനിടയാക്കിയ കാര്യം തിരക്കി. അയാള്‍ നടന്ന സംഭവം പറഞ്ഞു. ബാംഗ്ലൂര്‍ ഔട്ടറില്‍നിന്ന് സിറ്റിയിലേയ്ക്ക് വരികയായിരുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു അയാള്‍. ബസ്സിനകത്ത് ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍പ്പുണ്ടായിരുന്നു. ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേയ്ക്ക് ടിക്കറ്റ് കൊടുത്ത് തീരുംമുമ്പേ ആളുകള്‍ മറ്റൊരു വശത്തുകൂടി ഇറങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. അതൊഴിവാക്കാന് തല്ക്കാലം ടിക്കറ്റ് കൊടുത്തശേഷം വണ്ടി വിട്ടാല്‍ മതിയെന്ന് ഡ്രൈവറോട് പറഞ്ഞു. പക്ഷേ ഡ്രൈവര്‍ കേട്ടഭാവം കാണിച്ചില്ല. അയാള്‍ സിംഗിള്ബെല്ലടിച്ച് വണ്ടി നിര്‍ത്തിച്ചു. ഇതിന്റെ പേരില്‍ ഡ്രൈവറും കണ്ടക്ടറും തമ്മില്‍ വാക്കേറ്റമായി. കണ്ടക്ടറുടെ വിരട്ടലില്‍ ഡ്രൈവര്‍ പേടിച്ചിരണ്ടു. അന്ന് ടിക്കറ്റ് മുഴുവനും കൊടുത്തിട്ടാണ് വണ്ടി വിട്ടത്. അന്നത്തെ ട്രിപ്പ് കഴിഞ്ഞുവന്നതിനു പിന്നാലെ ഡ്രൈവര്‍ സ്റ്റേഷന് സൂപ്രണ്ടിനോട് പരാതി പറഞ്ഞു. അതിനെത്തുടര്‍ന്നായിരുന്നു സസ്പെന്ഷന്. ശിവാജിയുടെ പ്രവൃത്തിയില്‍ ഒരു നന്മ കണ്ട ഞാന്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സൂപ്രണ്ടിനോട് ശുപാര്‍ശ ചെയ്തു. ശിവാജി തിരികെ ജോലിയില്‍ പ്രവേശിച്ചു. അതിനു പിന്നാലെ അയാള്‍ എന്നെ കാണാന്‍ വന്നു. നന്ദി പറഞ്ഞു. അവരുടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു നാടകം അരങ്ങേറുന്നുണ്ടെന്നും അത് കാണാന്‍ വരണമെന്നും ക്ഷണിച്ചു. അതിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് അയാളാണെന്നും പറഞ്ഞു.
പിറ്റേന്ന് അവരുടെ നാടകം കാണാന്‍ പോയി. ഒരു പുരാണനാടകമായിരുന്നു. അതിലെ ശിവാജിയുടെ പ്രകടനം എനിക്ക് ഇഷ്ടമായി. ആ സൂക്ഷ്മശരീരത്തില്‍നിന്ന് ഇത്രയേറെ ഊര്‍ജ്ജപ്രവാഹം ഉണ്ടാകുന്നതെങ്ങനെയെന്ന് ഞാനമ്പരന്നു. നാടകം പൂര്‍ണ്ണമായും കണ്ടിട്ടാണ് മടങ്ങിയത്. ശിവാജിയടക്കമുള്ളവരെ കണ്ട് അഭിനന്ദനം അറിയിക്കാനും മറന്നില്ല.
കുറച്ചുദിവസം കഴിഞ്ഞ് അയാളെന്നെ ഒരിക്കല്‍കൂടി കാണാന്‍ വന്നു. ഇത്തവണ തീര്‍ത്തും വിചിത്രമായിരുന്നു അയാളുടെ ആവശ്യം. കണ്ടക്ടര്‍ പണി ഉപേക്ഷിക്കുകയാണെന്നും അതിനുള്ള അനുമതി തരണമെന്നുമായിരുന്നു ആവശ്യം. ഞാന്‍ കാരണം തിരക്കി. അഭിനയമാണ് ലക്ഷ്യമെന്നും അതിനുവേണ്ടി മദിരാശിയിലേയ്ക്ക് പുറപ്പെടാനൊരുങ്ങുകയാണെന്നും മറുപടി നല്കി. ഞാനയാളെ പലതുംപറഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചു. ജോലിയില്‍ അയാള്‍ക്ക് കിട്ടാവുന്ന സ്ഥാനക്കയറ്റത്തെക്കുറിച്ചും ശമ്പളവര്ദ്ധനവിനെക്കുറിച്ചുമെല്ലാം. പക്ഷേ അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. പിന്നെ അധികമൊന്നും എനിക്ക് സംസാരിക്കാനുണ്ടായിരുന്നില്ല. ശിവാജി എന്നോട് യാത്ര പറഞ്ഞിറങ്ങി.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഔദ്യോഗികസന്ദര്ശനവുമായി ബന്ധപ്പെട്ട് ഞാന്‍ സിങ്കപ്പൂരിലെത്തിയതായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ റിസപ്ഷനില്‍ വിചിത്രമായൊരു കാഴ്ച കണ്ടു. ഒരു കസേരയ്ക്കുമേല് പൂക്കളൊക്കെ വിതറി അതിലൊരു വിളക്ക് കത്തിച്ചുവച്ച് പൂജിക്കുന്നു. ഏതെങ്കിലും ആത്മീയ ആചാര്യന്മാര് ഇരുന്ന കസേരയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അവിടുത്തെ അധികാരികളോട് തിരക്കി. അവരുടെ മറുപടി എന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഒരിക്കല്‍ ഷൂട്ടിംഗിന്റെ ഭാഗമായി രജനികാന്ത് സിങ്കപ്പൂരിലെത്തിയപ്പോള്‍ അദ്ദേഹം ഇരുന്ന കസേരയാണത്രെ. അദ്ദേഹത്തിന്റെ ഓര്മ്മയ്ക്കായിട്ടാണത്രെ വിളക്ക് കത്തിച്ചുവയ്ക്കുന്നത്. ഭാരതത്തില്നിന്നൊക്കെ എത്രയോ അകന്ന ഒരു ഭൂപ്രദേശത്തുപോലും രജനിക്ക് ആരാധകരുണ്ടെന്നത് എന്നെ കണ്ണ് തുറപ്പിക്കാന്‍ പോന്ന സംഭവമായിരുന്നു. പെട്ടെന്ന് എന്റെ മനസ്സിലേയ്ക്ക് ആ പഴയ സംഭവങ്ങള്‍ കടന്നുപോയി. അന്ന് ഞാന്‍ ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന കണ്ടക്ടറെ ഔദ്യോഗിക ജീവിതത്തിലേയ്ക്ക് തിരിച്ചു വിളിച്ചിരുന്നുവെങ്കില്‍ നമുക്ക് നഷ്ടമാകുമായിരുന്നത് രജനികാന്തിനെപ്പോലെ ഒരു മഹാനടനെയായിരുന്നല്ലോ എന്നോര്‍ത്തു.
Recent Comments