ജഗളയുടെ സംവിധായകനാണ് ശ്രീദേവ് കപൂര്‍. ജഗള എന്നാല്‍ ലഹള തന്നെ. മലബാറിലെ സംസാരഭാഷയാണ്. മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമ. പക്ഷേ തന്റെ ജഗളയില്‍ കലാപം ഉണ്ടാവില്ലെന്ന് ശ്രീദേവ് കപ്പൂര്‍.
‘മലബാര്‍ കലാപത്തെ അധീകരിച്ച് മലയാളത്തില്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഒന്നിലധികം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. അവയെല്ലാംതന്നെ ലഹളയുടെ കാര്യകാരണങ്ങളെയും അതിലെ വീരനായകന്മാരെയും പ്രൊജക്ട് ചെയ്യുന്ന സിനിമകളാണ്. എന്റെ സിനിമയില്‍ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലം മാത്രമേയുള്ളൂ. പറയുന്നത് കലാപത്തിന്റെ പേരില്‍ ദുരിതം പേറേണ്ടിവന്ന ഒരു ഭൂപ്രദേശത്തിന്റെയും അവിടുത്തെ ചിലരുടെയും കഥയാണ്. പ്രത്യേകിച്ചും ദരിദ്രനായ ഒരു മുസ്ലീം യുവാവിന്റെ കഥ. അയാള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ കഥ. നവാഗതനായ മുരളി റാമാണ് ജഗളയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.’ ശ്രീദേവ് കപ്പൂര്‍ പറയുന്നു.
ശ്രീദേവിന്റെ ആദ്യ സംവിധാന സംരംഭമല്ല ജഗള. ഇതിനുമുമ്പ് ലൗഎഫ്എം എന്നൊരു ചിത്രം ചെയ്തിട്ടുണ്ട്. അപ്പാനി ശരത്തായിരുന്നു നായകന്. മാമുക്കോയയും ദേവനും വിജിലേഷും സുനില്‍ സുഗതയും സിനു സൈനുദ്ദീനുമടക്കം ഒരു വലിയ താരനിരതന്നെ ആ ചിത്രത്തിലുണ്ടായിരുന്നു. കഴിഞ്ഞ കോവിഡ് കാലത്തിന് തൊട്ടുമുമ്പാണ് ലൗഎഫ്എം തീയേറ്ററുകളിലെത്തിയത്. ടൊവിനോ തോമസിന്റെ ഫോറന്സിക്കിനോടൊപ്പം ഇറങ്ങിയ ചിത്രമായിരുന്നു. ചെറിയ ചിത്രങ്ങളെ തീയേറ്ററുകള്‍ തമസ്കരിക്കുന്നതിന്റെ കെടുതികള്‍ ലൗഎഫ്എമ്മിനും നേരിടേണ്ടി വന്നു.
ലൗഎഫ്എമ്മിനെപ്പോലെ താരനിബിഢമാണ് ജഗളയും. മുരളിറാമിനെ കൂടാതെ സന്തോഷ് കീഴാറ്റൂരും ബാലചന്ദ്രന് ചുള്ളിക്കാടും സുനില്‍ സുഗതയും കണ്ണന് പട്ടാമ്പിയും ബിറ്റോ ഡേവിഡും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മെറീന മൈക്കിളാണ് നായിക. ലൗഎഫ്എമ്മിനെപ്പോലെ ഒരു കൊമേഴ്സ്യല്‍ ചിത്രമല്ല ജഗളയെന്ന് സംവിധായകന് ഓര്‍മ്മപ്പെടുത്തുന്നു.
‘ഇത് കുറച്ചുകൂടി ഗൗരവമുള്ള സിനിമയാണ്. ചലച്ചിത്രമേളകളെക്കൂടി ലക്ഷ്യമിടുന്നുണ്ട്.’ ശ്രീദേവ് പറഞ്ഞു.
സനില്‍കുമാര്‍ ശശിധരന്റെ കളരിയില്‍നിന്നാണ് ശ്രീദേവ് സിനിമയുടെ ആദ്യപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്. തുടര്‍ന്ന് സുനില്‍, കെ.കെ. ഹരിദാസ്, ഹരികുമാര്‍ തുടങ്ങിയവരുടെ കീഴിലും സംവിധാന സഹായിയായി. അസിസ്റ്റന്റ് ഡയറക്ടറായി തുടരുകയല്ല, സ്വന്തമായൊരു സിനിമ ചെയ്യണമെന്ന ലക്ഷ്യമാണ് ശ്രീദേവിനെ ലൗഎഫ്എമ്മിലും ജഗളയിലുംവരെ എത്തിച്ചിരിക്കുന്നത്.
‘രണ്ട് തിരക്കഥകള്‍ കൂടി പൂര്‍ത്തിയാകുന്നുണ്ട്. രണ്ട് സ്പെക്ട്രങ്ങളില്പ്പെട്ട സിനിമയാണ്. ഒരെണ്ണം കൊമേഴ്സ്യലും. മറ്റേത് ഓഫ്ബീറ്റും. ജഗളയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോക് ഡൗണ്‍ എത്തിയത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറുന്നതിനനുസരിച്ച് ഡബ്ബിംഗ് തുടരണം. സിനിമ പൂര്‍ത്തിയാക്കണം. നല്ല തീയേറ്ററുകള്‍ കണ്ടെത്തണം. അങ്ങനെ ജോലികള്‍ അനവധി ബാക്കിയാണ്.’ ശ്രീദേവ് പറഞ്ഞു.
കളരിക്കല്‍ ഫിലിംസിന്റെ ബാനറില്‍ മനോജ് പണിക്കര്‍, സജിത് പണിക്കര്‍, ജിതേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ജഗള നിര്‍മ്മിക്കുന്നത്. സുമേഷ് ഒട്ടുമ്പ്രയാണ് ഛായാഗ്രാഹകന്‍.
Recent Comments