സാംസ്കാരികവകുപ്പ് മന്ത്രിയായി നിയുക്തനായശേഷം മനോരമ ചാനലിന് നല്കിയ ഒരു ഫോണ്‍ ഇന്‍ പ്രോഗ്രാമിനിടയില്‍ സിനിമാപ്രവര്‍ത്തകരുടെ ആശങ്കകള്‍ക്കുള്ള മറുപടിയായി സജി ചെറിയാന്, സര്‍ക്കാര്‍തലത്തില്‍ ഒ.ടി.ടി. പ്ലാറ്റ്ഫോം തുടങ്ങുന്നത് ഗൗരവമായി ആലോചിക്കുമെന്ന് പറഞ്ഞിരുന്നു. വളരെ വിപ്ലവാത്മകമായ ഒരു പ്രഖ്യാപനമാണ് സാംസ്കാരികവകുപ്പ് മന്ത്രിയില്‍നിന്ന് ഉണ്ടായതെങ്കിലും ഏതെങ്കിലും സിനിമാ സംഘടനകള്‍ അതിനെ സ്വാഗതം ചെയ്തതായി കണ്ടില്ല. ചേംബര്‍ പ്രസിഡന്റുകൂടിയായ സുരേഷ്കുമാര്‍ മാത്രമായിരുന്നു അതിനൊരപവാദം. സുരേഷ്കുമാറില്‍നിന്ന് മാത്രം ഉയരേണ്ടിയിരുന്ന ശബ്ദമായിരുന്നോ അത്?
മലയാളസിനിമ ഏറ്റവും പ്രതിസന്ധിനിറഞ്ഞ ഘട്ടത്തിലൂടെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ആദ്യ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തീയേറ്ററുകളെല്ലാം അടച്ചുപൂട്ടി. ആഗസ്റ്റിലാണ് തുറന്നുകൊടുക്കാന്‍ ഉത്തരവുണ്ടായത്. കോവിഡ് പേടി കാരണം ജനങ്ങള്‍ തീയേറ്ററുകളില്‍ കയറാന്‍ ആദ്യമൊക്കെ മടിച്ചു. ഡിസംബറിലും ജനുവരിയിലുമായി അതിനൊരു മാറ്റം വന്നുതുടങ്ങിയതാണ്. അപ്പോഴേയ്ക്കും കോവിഡിന്റെ രണ്ടാംവ്യാപനമെത്തി. അതോടെ തീയേറ്ററുകള്‍ വീണ്ടും പൂട്ടി. ഇപ്പോഴത്തെ അവസ്ഥയില്‍ ആഗസ്റ്റോടെ മാത്രമേ തീയേറ്റര്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സാധ്യത കാണുന്നുള്ളൂ. അപ്പോഴും ഭീഷണിയായി മൂന്നാംതരംഗം തലയ്ക്ക് മുകളില്‍നിന്ന് തൂങ്ങിയാടുന്നുണ്ട്.
ഇക്കാലത്തിനിടയില്‍ പെട്ടിയിലായിപ്പോയ ചിത്രങ്ങള്‍ നൂറോളം വരും. വന്‍തുക വട്ടിപലിശയ്ക്കെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. കോടികളുടെ നിക്ഷേപമാണ് പെട്ടിക്കുള്ളില്‍ ജഡാവസ്ഥയില്‍ കിടക്കുന്നത്. അനേകംപേരെ ശ്വാസംമുട്ടിച്ച് കൊന്നുകൊണ്ടിരിക്കുന്നത്. തീയേറ്ററുകള്‍ തുറന്നാല്‍തന്നെ ഇതൊക്കെ എന്ന് പ്രദര്ശനത്തിനെത്തിക്കുമെന്നതിനെക്കുറിച്ചും ആശങ്ക തുടരുകയാണ്.
ഈ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഒ.ടി.ടിയുടെ അനന്തസാധ്യതകളുമായി ആഗോള കമ്പനികള്‍ എത്തുന്നത്. പല മലയാള സിനിമകളും അവര്‍ വാങ്ങി പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. പക്ഷേ അതിനുള്ള അവരുടെ ഡിമാന്റുകളും എഗ്രിമെന്റുകളുമൊക്കെ വളരെ സങ്കീര്‍ണ്ണവും എല്ലാവര്ക്കും കയ്യെത്തിപ്പിടിക്കാവുന്നതുമല്ല. പ്രത്യേകിച്ചും കൊച്ചു സിനിമകള്‍ക്ക്.
തീയേറ്റര്‍ സംസ്കാരം മാത്രം മതിയെന്ന് വാദിക്കുന്ന ഒരു കൂട്ടര് ഇന്നുമുണ്ട്. അവരുടെ ആഗ്രഹത്തെ ആരും നിഷേധിക്കുന്നില്ല. സിനിമ ഒരു തീയേറ്റര്‍ മാധ്യമം തന്നെയാണ്. പക്ഷേ ഇനിയുള്ള കാലത്തും അങ്ങനെതന്നെയായിരിക്കണമെന്ന് വാശിപിടിക്കരുത്. മാറ്റങ്ങള്‍ അനിവാര്യമാണ്. അതിനെയും സ്വീകരിച്ചേ മതിയാവൂ. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേയ്ക്ക് സിനിമ മാറിയപ്പോള്‍ അതിനെതിരെ വലിയ വിപ്ലവങ്ങളുണ്ടാക്കിയവര് പിന്നീട് അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ച നാം കണ്ടതാണ്. അതുതന്നെ ഒ.ടി.ടി. പ്ലാറ്റഫോമുകളുടെ കാര്യത്തിലും സംഭവിച്ചേക്കാം. തീയേറ്ററുകള്പോലെ നിര്‍മ്മാതാക്കളുടെ മറ്റൊരു ധനാഗമന മാര്‍ഗ്ഗമായി ഒടിടി പ്ലാറ്റ്ഫോമുകള് വളരുകയാണ്. അതിനെ പ്രയോജനപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ ആ വഴിക്ക് നീങ്ങിക്കൊള്ളട്ടെ. അല്ലാത്തവര്‍ തീയേറ്റര്വിസ്മയങ്ങളില്മാത്രം ചരിക്കട്ടെ.
ഈ പശ്ചാത്തലത്തിലാണ് ഗവണ്മെന്റിന്റെ ഒ.ടി.ടി. പ്ലാറ്റ്ഫോം പ്രസക്തമാകുന്നത്. പ്രത്യേകിച്ചും മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍. ഇതിനെ എല്ലാ സിനിമാ സംഘടനകളും സ്വാഗതം ചെയ്യുകയായിരുന്നു ആദ്യം വേണ്ടത്. പിന്നീട് എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഒരു പ്രൊപ്പോസല്‍ ഗവണ്മെന്റിന് സമര്‍പ്പിക്കണമായിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോം എങ്ങനെ വേണം പ്രവര്‍ത്തിക്കേണ്ടത് എന്നുള്ള വിശദമായ റിപ്പോര്‍ട്ടോടെ.
ഉദ്യോഗസ്ഥതലത്തില്‍ കൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ സിനിമ ഇന്‍ഡസ്ട്രിക്ക് തീര്‍ത്തും അനുകൂലമായിക്കൊള്ളണമെന്നില്ല. ഗവണ്മെന്റ് തലത്തില്‍ തീയേറ്ററുകള്‍ തുടങ്ങിയപ്പോഴും ഈ പ്രശ്നം നേരിട്ടതാണ്. അഡ്വാന്‍സ് കൊടുക്കാന്‍ ഗവണ്മെന്റ് തീയേറ്ററുകള്‍ ഇന്നും തയ്യാറല്ല എന്ന് മറക്കരുത്. ഉദ്യോഗസ്ഥരുടെ തുഗ്ളക് പഠനറിപ്പോര്ട്ടുകള്ക്കു മുേമ്പ, സിനിമാസംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് ഒ.ടി.ടിയെ സംബന്ധിച്ച ഒരു വിശദമായ രൂപരേഖ സമര്‍പ്പിക്കുകയാണ് അടിയന്തിരമായി വേണ്ടത്. ഇക്കാര്യത്തില്‍ തീയേറ്റര്‍ ഉടമകളുടെകൂടി നിര്‍ദ്ദേശം സ്വീകരിക്കണം. എല്ലാവരും ചേര്‍ന്ന് മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കണം. ഒ.ടി.ടി പ്ലാറ്റ്ഫോം എത്രയും പെട്ടെന്ന് പ്രവര്‍ത്തനസജ്ജമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. അങ്ങനെയായാല്‍ ഇനി വരാനിരിക്കുന്ന ഒട്ടനവധി സിനിമകള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. അതിന്റെ ഗുണം സിനിമാ ഇന്‍ഡസ്ട്രിക്ക് മൊത്തത്തിലായിരിക്കും.
Recent Comments