തന്മാത്രയുടെ തിരക്കഥാവായനയ്ക്കുവേണ്ടിയാണ് ബ്ലെസിസാറിനൊപ്പം ഞാനും വേണുച്ചേട്ടന്റെ (നെടുമുടിവേണു) തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ക്യാരക്ടറിന്റെ ഫസ്റ്റ്ലുക്കും ഇതിനൊപ്പം എടുക്കാമെന്ന് ബ്ലെസിസാര്‍ പറഞ്ഞിരുന്നു.
വായനയിലേയ്ക്ക് കടന്നു. തിരക്കഥ വായിച്ചുകൊണ്ടിരുന്നത് ബ്ലെസിസാറാണ്. അതിന്റെ ലഹരിയിലായിരുന്നു വേണുച്ചേട്ടനടക്കമുള്ളവര്. ഇതിനിടെ എന്റെ ജോലികള്‍ ഞാനും തുടരുന്നുണ്ടായിരുന്നു. വായന പൂര്‍ത്തിയായ മുറയ്ക്ക് വിഗ്ഗുകൂടി വച്ചുകൊടുത്തു. ‘ഇനിയൊരു ചായയാകമെന്നു’ പറഞ്ഞ് വേണുച്ചേട്ടന് ഞങ്ങളെ വീട്ടിനകത്തേയ്ക്ക് ക്ഷണിച്ചു. അകത്തെ മുറിയില്‍ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഫ്രെയിംചെയ്ത് തൂക്കിയിരുന്നു. അത് ഞങ്ങള്‍ക്ക് കാട്ടിത്തന്നു. അപ്പോഴാണ് ആ ഫോട്ടോയിലുണ്ടായിരുന്ന ആളുടെ അതേ സാദൃശ്യം വേണുച്ചേട്ടനിലും കണ്ടത്. അത് ചെറിയച്ചനാണെന്ന് വേണുച്ചേട്ടന് പറഞ്ഞു. വിഗ്ഗ് വെച്ച് കണ്ടപ്പോള്‍ വീട്ടിലുള്ളവരും പറഞ്ഞത് ചെറിയച്ചന്റെ ഛായയുണ്ടെന്നാണ്. വേണുച്ചേട്ടന്റെ ചെറിയച്ചനെ എനിക്കറിയില്ല. അദ്ദേഹത്തെ മുന്‍പ് കണ്ടിട്ടുമില്ല. എന്നിട്ടും കാരക്ടര്‍ ലുക്കില്‍ അങ്ങനെയൊരു ഛായ അറിയാതെ കടന്നുവന്നപ്പോള്‍, അത് വേണുച്ചേട്ടന്തന്നെ ചൂണ്ടിക്കാട്ടിയപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.
മറ്റൊരു സന്ദര്‍ഭം പളുങ്കിന്റെ ലൊക്കേഷനില്‍വച്ചായിരുന്നു. അതിന്റെ സംവിധായകനും ബ്ലെസിസാറാണ്. സാന്ദര്‍ഭികമായി പറയട്ടെ, എന്നെ ആദ്യമായി ഒരു വര്‍ക്ക് വിശ്വസിച്ചേല്‍പ്പിച്ചത് ബ്ലെസിസാറാണ്. അദ്ദേഹത്തിന്റെ ‘കാഴ്ച’യിലൂടെയാണ് ഞാന്‍ സ്വതന്ത്ര മേക്കപ്പമാനാകുന്നത്.
അമ്പിളിച്ചേട്ടനെ (ജഗതി ശ്രീകുമാര്‍) മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. കഷണ്ടി കയറിയതാണെങ്കിലും താഴേയ്ക്ക് സമൃദ്ധമായി മുടികളുള്ള ഒരു വിഗ്ഗാണ് വെച്ചുകൊടുത്തത്. അത് കണ്ടപ്പോള്‍ മമ്മുക്ക ചോദിച്ചു.
‘നീ ഇത് ഏതെങ്കിലും മാതൃക കണ്ട് ചെയ്തതാണോ?’
‘നാട്ടിലൊക്കെ ലോട്ടറിക്കച്ചവടം നടത്തുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ട്. മുടിയില്ലെങ്കിലും ഇടയ്ക്കിടെ ചീകിക്കൊണ്ടിരിക്കുന്നവര്. അവരില്‍നിന്ന് കിട്ടിയ പ്രചോദനമാണ്.’ ഞാന്‍ പറഞ്ഞു.
ആദ്യദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ അമ്പിളിച്ചേട്ടന് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അജിത്തേട്ടനെ (അജിത്ത് വി. ശങ്കര്‍) വിളിപ്പിച്ച് തന്റെ ക്യാരക്ടര്‍ ലുക്കിലുള്ള ഫോട്ടോ ഫ്രെയിം ചെയ്തുതരണമെന്ന് പറഞ്ഞു. അപ്പോ സമീപത്തുണ്ടായിരുന്ന മമ്മുക്ക അമ്പിളിച്ചേട്ടനോട് ചോദിച്ചു.
‘നിങ്ങള്‍ എല്ലാ കഥാപാത്രങ്ങളുടെയും ഫോട്ടോ ഇങ്ങനെ ഫ്രെയിം ചെയ്ത് സൂക്ഷിക്കാറുണ്ടോ?’
‘ഇതുവരെ ഇല്ല. പക്ഷേ ഇതെനിക്ക് ഇഷ്ടമായി.’
അമ്പിളിച്ചേട്ടന്റെ വാക്കുകള്‍ എനിക്ക് കിട്ടിയ അവാര്‍ഡ് തന്നെയായിരുന്നു. രഞ്ജിത്ത് പറഞ്ഞുനിര്‍ത്തി.
Recent Comments