2019 ലാണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മാലിക്കിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. ആറു മാസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എറണാകുളത്തിന് പുറമെ നാഗര്‍കോവിലും ലക്ഷദ്വീപും മാലിക്കിന്റെ ലൊക്കേഷനുകളായി. ഫഹദ് ഫാസില്‍, നിമിഷ സജയന്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, മാല പാര്‍വ്വതി, ദിലീഷ് പോത്തന്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ജലജ, അപ്പാനി ശരത്ത്, സുധി കോപ്പ, ദേവന്, ഇര്‍ഷാദ് തുടങ്ങീ ഒരു വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. നാല് കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമ കൂടിയാണ്. അത്രയും മേക്കോവറുകള്‍ കഥാപാത്രങ്ങള്‍ക്കുമുണ്ട്. ഇരുപത് കോടിയാണ് മാലിക്കിന്റെ നിര്‍മ്മാണച്ചെലവായി നിര്‍മ്മാതാവ് ആന്റോജോസഫ് വെളിപ്പെടുത്തിയത്.
2020 ല്‍ പടം സെന്‍സര്‍ ചെയ്തു. ആ ഫെബ്രുവരിയില്‍ റിലീസിന് തയ്യാറെടുക്കുമ്പോഴാണ് ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ ഒരു വര്‍ഷമാണ് സിനിമയ്ക്ക് നഷ്ടമായത്. കഴിഞ്ഞ ആഗസ്റ്റില്‍ തീയേറ്ററുകള്‍ തുറന്നെങ്കിലും പല തവണയായി മാലിക്കിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടിവന്നു. ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചു. അപ്പോഴാണ് കോവിഡ് രണ്ടാംവ്യാപനം എത്തുകയും തീയേറ്ററുകള്‍ വീണ്ടും അടച്ചിടുകയും ചെയ്തത്.
ഒരു തീയേറ്റര്‍ എക്സ്പീരിയന്‍സ് എന്ന നിലയിലാണ് ചിത്രത്തിന്റെ അണിയറക്കാര്‍ മാലിക്കിനെ തുടക്കംമുതല്‍ സമീപിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഒ.ടി.ടി പ്ലാറ്റ്ഫോം അവരുടെ സ്വപ്നത്തിലെവിടെയുമില്ലായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ അനിശ്ചിതമായി നീളുകയും മൂന്നാം തരംഗം പ്രവചിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ ഇനിയും മാസങ്ങളെടുത്തേക്കാം. തുറന്നാല്‍തന്നെ നൂറ് ശതമാനവും സീറ്റിംഗ് അനുവദിക്കണമെന്നില്ല. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ആന്റോ ജോസഫ് ഒ.ടി.ടിയുടെ സാധ്യതകള്‍ തേടുന്നത്. മഹേഷ് നാരായണനുമായും ഫഹദ് ഫാസിലുമായും ആന്റോ ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍തന്നെ കടുത്തസാമ്പത്തികബാധ്യത നേരിടുന്ന ആന്റോയെ കൂടുതല്‍ കടക്കെണിയിലാക്കാതിരിക്കാന് അവരുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. തുടര്‍ന്നാണ് ആമസോണിനെ സമീപിക്കുന്നത്. ആന്റോ ബിസിനസ്സ് ചെയ്തത് മാലിക്കിനൊപ്പം പൃഥ്വിരാജ് നായകനായ കോള്‍ഡ്കേസും ചേര്‍ത്തുവച്ചാണ്. കോള്‍ഡ് കേസിന്റെ നിര്‍മ്മാതാവും ആന്റോയാണ്. ഒ.ടി.ടിക്ക് നല്കുന്നതിനുമുമ്പായി ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനെയും ആന്റോ കത്തുമൂലം വിവരം അറിയിച്ചിരുന്നു.
രണ്ട് ചിത്രങ്ങള്‍ക്കുമായി വന്‍ തുകയാണ് ആമസോണ്‍ ആന്റോയ്ക്ക് വാഗ്ദാനം ചെയ്തതെന്നറിയുന്നു. തുകയെത്രയാണെന്ന് ആന്റോ വെളിപ്പെടുത്തിയിട്ടില്ല. വന്‍ ലാഭമൊന്നുമില്ലെങ്കിലും പലിശയിനത്തിലുള്ള ബാധ്യതകളില്‍നിന്ന് ഒഴിവാകാമെന്ന ആശ്വാസത്തിലാണ് ആന്റോ ഇപ്പോള്‍.
നവാഗതനായ തനുബാലക്കാണ് കോള്‍ഡ് കേസിന്റെ സംവിധായകന്. സത്യജിത്ത് ഐ.പി.എസ്. എന്ന പോലീസ് ഓഫീസറുടെ വേഷമാണ് പൃഥ്വിരാജിന്. അതിഥിബാലനാണ് നായിക. ഈ വര്‍ഷം ആദ്യം തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ച കോള്‍ഡ് കേസ് 45 ദിവസംകൊണ്ടാണ് പൂര്‍ത്തിയായത്.
Recent Comments