സത്യജിത്ത് റായിക്ക് ശേഷം ബംഗാളി സിനിമയ്ക്കും പൊതുവില്‍ ഇന്ത്യന്‍ സിനിമയ്ക്കും അന്തര്‍ദ്ദേശീയ മുഖം സമ്മാനിച്ച ഫിലിം മേക്കറാണ് അന്തരിച്ച ബുദ്ധദേബ് ദാസ് ഗുപ്ത. റിയലിസ്റ്റ് സിനിമകളുടെ ചുവടുപിടിച്ചാണ് ബുദ്ധദേവ് വെള്ളിത്തിരയിലേയ്ക്ക് എത്തിയതെങ്കിലും പിന്നീട് സ്വന്തമായൊരു ആഖ്യാനഭാഷതന്നെ സൃഷ്ടിക്കുകയും അതില്‍ വിപ്ലവം ഉണ്ടാക്കുകയും ചെയ്ത പ്രതിഭാധനനാണ്. മികച്ച സംവിധായകനും സിനിമകള്‍ക്കും ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ അതിനുള്ള അംഗീകാരങ്ങളിലൊന്നുമാത്രമായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്യലബ്ധിക്കുമുമ്പേയായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്തയുടെ ജനനം. അച്ഛന് റെയില്‍വെയിലെ ഡോക്ടറായിരുന്നു. ഒന്‍പത് മക്കളില്‍ മൂന്നാമനായിരുന്നു ബുദ്ധദേബ്. പഠിക്കാന്‍ മിടുക്കനായിരുന്നു. കല്ത്തയിലെ പ്രശസ്തമായ സ്കോട്ടിഷ് ചര്‍ച്ച് കോളേജില്‍നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ബുദ്ധദേബ് ശ്യാംസുന്ദര്‍ കോളേജില്‍ എക്കണോമിക് അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. അതിനുമുമ്പേ കവിതകള്‍ എഴുതി തുടങ്ങിയിരുന്നു. കല്ക്കത്തയില്നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നിരവധി പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. പലതും പിന്നീട് പുസ്തകങ്ങളായി പുറത്തിറങ്ങി.
താന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ധനതത്വശാസ്ത്രം അന്നത്തെ ബംഗാളിലെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടുപോവില്ലെന്ന തിരിച്ചറിവാണ് ബുദ്ധദേബിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരണയാകുന്നത്. തന്റെ ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സിനിമയാണെന്ന തിരിച്ചറിവാണ് കല്‍ക്കട്ട ഫിലിം സൊസൈറ്റി വഴി അദ്ദേഹത്തെ ചലച്ചിത്രലോകത്തേയ്ക്ക് എത്തിക്കുന്നത്. ഷോട്ട് ഫിലിമും ഡോക്യുമെന്ററികളും ചെയ്തുകൊണ്ടായിരുന്നു തുടക്കം.
‘ദൂരത്വ’യായിരുന്നു ആദ്യ സംവിധാന ചിത്രം. തുടര്‍ന്ന് ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അഞ്ച് തവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഇന്ത്യയിലെ മികച്ച സംവിധായകനായി രണ്ട് തവണയും തെരഞ്ഞെടുക്കപ്പെട്ടു. നിരവധി അന്തര്‍ദ്ദേശീയ ചലച്ചിത്രമേളകളിലും ബുദ്ധദേബ് സിനിമകള്‍ നിരൂപകപ്രശംസയും അംഗീകാരവും നേടിയിരുന്നു. 2008 മാന്‍ഡ്രിഡില്‍ നടന്ന സ്പെയിന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍വച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് പൂരസ്കാരവും നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഫിലിംമേക്കര്‍ കൂടിയായ സോഹിനിദാസ് ഗുപ്തയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ട് പെണ്മക്കളുണ്ട്. രാജേശ്വരീദാസ് ഗുപ്തയും ആലോകാനന്ദദാസ് ഗുപ്തയും. ആലോകാനന്ദ അറിയപ്പെടുന്ന സംഗീതജ്ഞകൂടിയാണ്.
Recent Comments