അനിശ്ചിതത്വം തുടരുന്നതിനിടെ ആശിര്‍വാദ് സിനിമാസ് മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചു. വരുന്ന ആഗസ്റ്റ് 12 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ മരക്കാര്‍ അറബികടലിന്റെ സിംഹം പ്രദര്‍ശനത്തിനെത്തും. ഇത്തവണ ആഗസ്റ്റ് അവസാനമാണ് ഓണം. ഓണം റിലീസായി തീയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്ന് ആശിര്‍വാദ് സിനിമാസും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
അതിനുമുമ്പായി തീയേറ്ററുകള്‍ തുറക്കുമെന്നോ തുറന്നാല്‍തന്നെ നൂറ് ശതമാനം സീറ്റിംഗ് അനുവദിക്കുമെന്നോ നിശ്ചയമില്ല. എങ്കിലും പ്രതീക്ഷയോടെയാണ് ആശിര്‍വാദ് സിനിമാസും സംവിധായകന് പ്രിയദര്‍ശനും മോഹന്‍ലാല്‍ അടക്കമുള്ള മുന്‍നിരതാരങ്ങളും.
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറുകോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് മരക്കാര്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തും.
സുനില്‍ഷെട്ടി, അര്ജുന്, പ്രഭു, അശോക് ശെല്വന് തുടങ്ങിയ അന്യഭാഷാ നടന്മാരെ സിനിമയിലെ പ്രധാന റോളില്‍ എത്തിച്ചതുതന്നെ ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്.
മോഹന്‍ലാല്‍, മുകേഷ്, സിദ്ധിഖ്, രഞ്ജി പണിക്കര്‍, ഫാസില്‍, നെടുമുടിവേണു, ഇന്നസെന്റ്, കെ.ബി. ഗണേഷ്കുമാര്, മാമുക്കോയ, നന്ദു, ഹരീഷ് പേരടി, കൃഷ്ണപ്രസാദ്, പ്രണവ് മോഹന്‍ലാല്‍, ബാബുരാജ്, സുരേഷ്കൃഷ്ണ, മണിക്കുട്ടന്, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, കോമള്‍ ശര്‍മ്മ തുടങ്ങിയവരാണ് മരക്കാറിലെ പ്രധാന താരനിരക്കാര്‍.
2018 ഡിസംബറിലാണ് മരക്കാറിന്റെ ഷൂട്ടിംഗ് രാമോജി ഫിലിം സിറ്റിയില്‍ തുടങ്ങിയത്. 2019 മാര്‍ച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയായി. 2019 ല്‍തന്നെ പടം സെന്‍സര്‍ ചെയ്തിരുന്നു.
2020 മാര്‍ച്ച് 26 നാണ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് പലതവണ പ്രദര്‍ശനം മാറ്റിവയ്ക്കേണ്ടിവന്നു. അതിനൊടുവിലാണ് ഈ ആഗസ്റ്റ് 12 ന് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും മരക്കാര്‍ ഒരേസമയം പ്രദര്‍ശനത്തിനെത്തും. ലോക സിനിമാ ചരിത്രത്തില്‍തന്നെ ഇങ്ങനെയൊരു പ്രദര്ശനമാമാങ്കം ആദ്യമാണ്.
കോവിഡ് വ്യാപനത്തിനും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിനുംശേഷം തീയേറ്ററുകള്‍ ഇപ്പോഴും പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. ഇനി തുറന്നാല്‍തന്നെ ആളുകള്‍ തീയേറ്ററുകളില്‍ കയറാന്‍ മടിക്കും. ഈ പശ്ചാത്തലത്തില്‍ മരക്കാര്‍ പോലെ ഒരു മാസ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് തീയേറ്ററുകളിലേയ്ക്ക് ആളുകളെ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് തീയേറ്റര്‍ ഉടമകളും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളും മരക്കാറിനുവേണ്ടി തുറന്നുകൊടുക്കാന്‍ തയ്യാറായത്. മൂന്നാഴ്ചയാണ് തീയേറ്റര്‍ പ്രദര്‍ശനം പ്ലാന്‍ ചെയ്തിരിക്കുന്നത്. അത് കഴിഞ്ഞാല്‍ മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് നീങ്ങും. ആമസോണിനാണ് മരക്കാറിന്റെ ഒ.ടി.ടി. അവകാശം.
തീയേറ്റര്‍ കളക്ഷനും ഒ.ടി.ടി. റിലീസും വഴി ഭീമമായ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആശിര്‍വാദ് സിനിമാസും അതിന്റെ അമരക്കാരന് ആന്റണി പെരുമ്പാവൂരും.
Recent Comments