രമേശന്‍നായരെ എനിക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല. സംഗീതസംവിധായകന് ഔസേപ്പച്ചനാണ് എന്റെ പുതിയ സിനിമയിലേയ്ക്ക് അദ്ദേഹത്തെ ശുപാര്‍ശ ചെയ്യുന്നത്. എങ്കില്‍ രമേശന്നായരെക്കൊണ്ട് എഴുതിക്കാമെന്ന് ഞാനും തീരുമാനിക്കുന്നു.
അങ്ങനെയാണ് ഒരു ദിവസം രമേശന്‍നായര്‍ എന്നെ കാണാന്‍ വരുന്നത്. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ ആലപ്പുഴയിലേയ്ക്ക് വരികയായിരുന്നു. ഞാനദ്ദേഹത്തെ റെയില്‍വേസ്റ്റേഷനില്‍ പോയി കൂട്ടിക്കൊണ്ടുവന്നു. ആദ്യം എന്റെ വീട്ടിലേയ്ക്ക്, അവിടുന്ന് ഹോട്ടലിലേക്കും. ആലപ്പുഴ പ്രിന്‍സ് ഹോട്ടലിലാണ് താമസിച്ചിരുന്നത്.
പാട്ടുകളുടെ സിറ്റ്വേഷനുകളൊക്കെ ഞാനദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. അങ്ങനെ അദ്ദേഹം എഴുതിക്കൊണ്ടുവന്ന വരികളില്‍നിന്നാണ് എനിക്കെന്റെ സിനിമയുടെ ടൈറ്റില്‍ കിട്ടിയത്. ‘അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്…’ എന്ന് തുടങ്ങുന്നതായിരുന്നു ആ വരികള്‍. അതില്‍നിന്നാണ് ‘അനിയത്തിപ്രാവ്’ എന്ന പേര് ഉണ്ടാകുന്നത്.
പേര് മാത്രമല്ല, അതിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. പടത്തിന്റെ വിജയത്തിന് ഒരു കാരണം അതിലെ പാട്ടുകളായിരുന്നുവെന്ന് നിസ്സംശയം പറയാം.
അനിയത്തിപ്രാവിലെ ഒരു പാട്ടിന്റെ പല്ലവി മാത്രമാണ് അദ്ദേഹത്തെക്കൊണ്ട് എഴുതി വാങ്ങിച്ചത്. ‘ഓ… പ്രിയേ… പ്രിയേ നിനക്കൊരു ഗാനം…’ എന്ന പാട്ടിന്റെ പല്ലവി. ബാക്കി പാട്ടുകളെല്ലാം ട്യൂണ്‍ ചെയ്തശേഷം എഴുതിത്തന്നവയായിരുന്നു.
ചെന്നൈയില്‍വച്ചായിരുന്നു റിക്കാര്‍ഡിംഗ്. റിക്കാര്‍ഡിംഗ് സമയത്തും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഞാനദ്ദേഹത്തെ പേര് ചൊല്ലിയാണ് വിളിച്ചിരുന്നത്. എന്നെക്കാള്‍ പ്രായക്കുറവായിരിക്കുമെന്നാണ് കരുതിയത്. പിന്നീടാണ് എന്നെക്കാള്‍ ഒരു വയസ്സ് കൂടുതലാണെന്ന് അറിയുന്നത്.
അനിയത്തിപ്രാവിനുശേഷം ഒരിക്കല്‍ക്കൂടി അദ്ദേഹം എനിക്കുവേണ്ടി എഴുതി. ഇത്തവണ അത് കയ്യെത്തും ദൂരത്ത് എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു.
സ്ഥിരം സിനിമാപ്പാട്ടെഴുത്തുകാരുടെ ഗണത്തില്‍ പെടുത്താവുന്ന ആളായിരുന്നില്ല രമേശന് നായര്‍. വൈപുല്യമായ കാവ്യസമ്പത്തിന് ഉടമകൂടിയായിരുന്നു. ആഴത്തിലുള്ള ചിന്താധാരകളാണ് അദ്ദേഹത്തെ നയിച്ചത്. തിരുക്കുറലും ചിലപ്പതികാരവും അദ്ദേഹം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതായി കേട്ടിട്ടുണ്ട്. കനപ്പെട്ട കാവ്യഭാവനപോലെ കവിതയെ ഭക്തിസാന്ദ്രമാക്കാനും രമേശന്‍നായര്‍ക്ക് കഴിഞ്ഞു.
കോവിഡിന്റെ രൂപത്തിലാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയതെന്നറിയുന്നു. ആ വിയോഗം സിനിമയ്ക്ക് മാത്രമല്ല, മലയാള കാവ്യശാഖയ്ക്കുതന്നെ തീരാത്ത നഷ്ടമാണ്.
Recent Comments