തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു കുറച്ചു മണിക്കൂറുകള്‍ക്കു മുമ്പുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന വിവരം അറിയുന്നുണ്ടായിരുന്നു. അത് പെട്ടെന്നൊരു പ്രൊജക്ടായി മാറിയതുകൊണ്ടാണ് അപ്രതീക്ഷിതമെന്ന് വിശേഷിപ്പിച്ചത്.
ലൂസിഫറിനു ശേഷം അതിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ എഴുത്തും ചര്‍ച്ചകളും ഒരുവശത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാനാണെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നിടത്തുനിന്നാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. പുതിയ അപ്ഡേറ്റ്സ് പ്രകാരം പൃഥ്വി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോഡാഡിയാണ്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു. അച്ഛനും മകനുമായി ലാലും പൃഥ്വിയും വേഷമിടുന്നു എന്നാണ് അണിയറ സംസാരം. ഫാമിലി ഡ്രാമയാണ്. പൂര്‍ണ്ണമായി നര്‍മ്മത്തിലാണ് അവതരിപ്പിക്കുന്നത്. ഇത്തവണ പൃഥ്വിക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് ശ്രീജിത്തും ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ്.
തിരക്കഥ വായിച്ചുകേട്ടപ്പോള്തന്നെ ആന്റണി പെരുമ്പാവൂര്‍ സമ്മതം മൂളിയിരുന്നു. തുടര്‍ന്നാണ് മോഹന്‍ലാലിലേയ്ക്ക് ബ്രോഡാഡി എത്തുന്നതും ആ പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നതും. ആശിര്‍വാദ് സിനിമാസാണ് ബ്രോഡാഡിയുടെയും നിര്‍മ്മാതാക്കള്‍.
ലാലിനെയും പൃഥ്വിയെയും കൂടാതെ ലാലു അലക്സ്, മുരളി ഗോപി, സൗബിന് ഷാഹിര്‍, മീന, കല്യാണി പ്രിയദര്ശന്, കനിഹ എന്നിവരും വേഷമിടുന്നു.
അഭിനന്ദന് രാമാനുജനാണ് ഛായാഗ്രാഹകന്‍. സംഗീതം ദീപക് ദേവ്. കല ഗോകുല്‍ദാസ്. എഡിറ്റര്‍ അഖിലേഷ് മോഹനും പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കലുമാണ്. കോസ്റ്റിയൂം സുജിത്ത് സുധാകരന്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. സ്റ്റില്‍ സിനറ്റ് സേവ്യര്‍.
ഇപ്പോള്‍ ആയൂര്‍വ്വേദ ചികിത്സയിലുള്ള ലാല്‍ മടങ്ങിയെത്തിയാലുടന്‍ ജീത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിച്ചുതുടങ്ങും (ഷൂട്ടിംഗിന് അനുമതി ലഭിക്കുന്ന മുറയ്ക്ക്). ജൂലൈ മധ്യത്തോടെ ബ്രോഡാഡിയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നും അറിയുന്നു.
Recent Comments