2013 ല്‍ നടന്ന ആദ്യ കൊച്ചിന് ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തോണിന്റെ ആശയം തന്നെ എന്റെ കമ്പനി (പുഷ് ഇന്റഗ്രേറ്റഡ്)യുടേതായിരുന്നു. കൊച്ചിന് കോര്‍പ്പറേഷനുമായി സഹകരിച്ചായിരുന്നു മാരത്തോണ്‍ സംഘടിപ്പിച്ചത്. മാരത്തോണിന്റെ പ്രചരണാര്‍ത്ഥം മില്ഖാസിംഗിനെയും മോഹന്‍ലാലിനെയും ബ്രാന്റ് അംബസിഡര്മാരാക്കി. ഇരുവരെയുംവച്ച് ഒരു തീംസോംഗ് ചെയ്യാന്‍ തീരുമാനിക്കുന്നു. അതിനായി ഞാന്‍ തന്നെ മില്‍ഖാസിംഗിനെ നേരിട്ട് വിളിച്ചു. ആവശ്യമറിയിച്ചപ്പോള്‍ സന്തോഷത്തോടെ വരാമെന്നേറ്റു. ഈ ആവശ്യത്തിനായി അദ്ദേഹം കൊച്ചിയിലെത്തി.
അന്നദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു പ്രായം. അദ്ദേഹം ഓടുന്ന കുറെ ഷോട്ടുകളാണ് ആദ്യം വച്ചത്. അദ്ദേഹത്തോടൊപ്പം ഓടിയെത്താന്‍ ഞങ്ങളെല്ലാവരും പാടുപെട്ടു. നല്ല ഫിസിക്കല്‍ ഫിറ്റ്നസ്സുള്ള ആളായിരുന്നു ആ പ്രായത്തിലും അദ്ദേഹം. ഷോട്ടിനിടെ ബ്രേക്ക് വേണമോ എന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. വേണ്ടെന്നായിരുന്നു അപ്പോഴെല്ലാമുള്ള മറുപടി. ഒരിക്കല്‍പോലും അദ്ദേഹത്തിനെ ക്ഷീണിതനായി കണ്ടതേയില്ല.
മോഹന്‍ലാലും മില്‍ഖാസിംഗും ഒന്നിച്ചുള്ള ചില ഷോട്ടുകളും ഞങ്ങള്‍ വച്ചിരുന്നു. ഷൂട്ടിംഗിനിടെ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി. മില്ഖാസിംഗിനുശേഷം മറ്റൊരു മില്‍ഖാസിംഗ് ഉണ്ടാകാത്തത് നമ്മുടെ കായികരംഗത്തെ ആസൂത്രണമില്ലായ്മ കൊണ്ടാണെന്ന് അദ്ദേഹം ലാലിനോട് പറഞ്ഞുകൊണ്ടിരുന്നു. സ്പോര്‍ട്ട്സിന്റെ വളര്‍ച്ചയ്ക്ക് ലാലിനെപ്പോലെയുള്ളവര് മുന്നോട്ട് വരണമെന്നും.
ഹാഫ് മാരത്തോണ്‍ പരസ്യചിത്രം
രണ്ട് ദിവസം കേരളത്തില്‍ നിന്ന് അടിച്ചുപൊളിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.
പിന്നീട് ഡെല്‍ഹിയില്‍ എത്തുമ്പോഴെല്ലാം ഞാനദ്ദേഹത്തെ വിളിക്കാറുണ്ട്. വിശേഷങ്ങള്‍ തിരക്കാറുണ്ട്.
ഇന്നലെ വളരെ വൈകിയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിയുന്നത്. കുറച്ചുദിവസത്തെ പരിചയമേ ഞങ്ങള്ക്കിടയിലുണ്ടായിരുന്നുള്ളൂവെങ്കിലും അദ്ദേഹം പകര്‍ന്നുതന്ന സൗഹൃദം അത്രമേല്‍ ആഴമേറിയതായിരുന്നു. അതുകൊണ്ടാണ് ആ വിയോഗം എന്നെയും വേദനിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ കായിലോകത്തിനുമേല് വിരിച്ചിട്ട ആകാശശൂന്യതയാണ്.
Recent Comments