ഇളയ ദളപതി വിജയ് യുടെ 47-ാം പിറന്നാള്‍ദിനമാണിന്ന്. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ അല്ലായിരുന്നുവെങ്കില്‍ വിജയ് ആരാധകരുടെ വീറുറ്റ ജന്മദിനാഘോഷ പരിപാടികള്‍ക്ക് തമിഴകം സാക്ഷ്യം വഹിച്ചേനെ. ഇത്തവണ ആഘോഷപരിപാടികളൊന്നും വേണ്ടെന്ന് വിജയ് തന്നെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
വിജയ് യെ നായകനാക്കി തമിഴില്‍ സിനിമ ചെയ്തിട്ടുള്ള രണ്ട് സംവിധായകരേ മലയാളത്തിലൂള്ളൂ. ഒന്ന് ഫാസിലും മറ്റേത് സിദ്ദിഖുമാണ്. ഫാസിലിന്റെ ശിഷ്യനാണ് സിദ്ദിഖ് എന്നത് മറ്റൊരു ആകസ്മികതയാകാം.
വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ എറണാകുളത്തെ വീട്ടിലിരുന്ന് സിദ്ദിഖ്, വിജയ് യോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
ഫാസില്‍സാറിന്റെ ഹരികൃഷ്ണന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലെ കുഷാല്ദാസ് ഗാര്‍ഡനില്‍ നടക്കുന്നു. അന്നവിടെ വിജയ് അഭിനയിക്കുന്ന പടത്തിന്റെ ഷൂട്ടിംഗും നടക്കുന്നുണ്ടായിരുന്നു. ക്യാമറാമാന് കൂട്ടേട്ടനാണ് (ആനന്ദക്കുട്ടന്) വിജയ് യെ ഹരികൃഷ്ണന്റെ ലൊക്കേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. അദ്ദേഹമാണ് എനിക്കും വിജയ് യെ പരിചയപ്പെടുത്തി തന്നത്. ഞാനും ലാലും അന്ന് ഫാസില്‍സാറിന്റെ അസിസ്റ്റന്റുകളാണ്.
വര്‍ഷങ്ങള്‍ക്കുശേഷം ഫ്രണ്ട്സ് എന്ന സിനിമ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ആലോചിക്കുമ്പോള്‍ പ്രധാന കഥാപാത്രമായി വിജയ് യായിരുന്നു എന്റെ മനസ്സില്‍. അദ്ദേഹത്തെ സിനിമ കാണിച്ചു. ഇഷ്ടമായി. അങ്ങനെയാണ് ഫ്രണ്ട്സിന്റെ തമിഴ് റീമേക്ക് യാഥാര്‍ത്ഥ്യമാകുന്നത്.
കാവലന്റെ കഥ ആദ്യമായി പറയുന്നതും വിജയ് യോടാണ്. കഥ കേട്ടപ്പോള്‍തന്നെ അദ്ദേഹത്തിനിഷ്ടമായി. ചെയ്യാമെന്ന് സമ്മതിക്കുന്നു. പക്ഷേ നിര്‍മ്മാതാവിന് താല്‍പ്പര്യം വിജയ് യുടെ ആക്ഷന്പടമായിരുന്നു. അതുകൊണ്ടത് തല്ക്കാലം മാറ്റിവയ്ക്കേണ്ടിവന്നു. അതിനുശേഷമാണ് മലയാളം ചെയ്യുന്നത്. പിന്നീട് ബോഡിഗാര്‍ഡ് കാവലന് എന്ന പേരില്‍ റീമേക്ക് ചെയ്തു. അവിടെയും ചിത്രം സൂപ്പര്‍ഹിറ്റായി.
കഥയും കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നീട് ഒരുതരത്തിലുള്ള ഇടപെടലുകളും വിജയ് എന്ന നടനില്നിന്നുണ്ടാവില്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ച് അദ്ദേഹത്തെ സമീപിച്ചാല്‍ ഡയറക്ടറോട് ചോദിക്കാനേ അദ്ദേഹം പറയാറുള്ളൂ.
അതുപോലെ ഇത്രയും കൃത്യനിഷ്ഠയുള്ള ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല. ഒന്‍പത് മണിക്ക് ഷൂട്ടിംഗ് വച്ചുകഴിഞ്ഞാല്‍ 8.50 നുതന്നെ വിത്ത് മേക്കപ്പില്‍ അദ്ദേഹം ലൊക്കേഷനില്‍ വന്നിരിക്കും. ഷോട്ട് റെഡിയായ വിവരം ചെന്ന് പറയേണ്ട താമസമേ ഉള്ളൂ. അദ്ദേഹം അപ്പോള്‍തന്നെ ഇറങ്ങിവരികയും ചെയ്യും. ആ സമയം കാരവനില്‍ എത്ര തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നാലും. അക്കാര്യത്തില്‍ രജനികാന്ത് കഴിഞ്ഞാല്‍ മാതൃകയാക്കാവുന്ന ഒരേയൊരു നടന് വിജയ് യാണ്.
അധികമാരോടും സംസാരിക്കുന്ന പ്രകൃതക്കാരനല്ല വിജയ്. വളരെ കുലീനമായ പെരുമാറ്റമാണ്. എളിമയാണ് അദ്ദേഹത്തിന്റെ മറ്റൊരു മുഖമുദ്ര. അത് കാണുമ്പോള്‍ നമുക്ക് തന്നെ അദ്ദേഹത്തെ ബഹുമാനിക്കാന്‍ തോന്നും. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ബഹുമാനവും ഒട്ടും പ്രകടനപരമല്ല.
ഇഷ്ടമുള്ളവരോട് അദ്ദേഹം തന്റെ സ്നേഹവും കരുതലും തുറന്നുകാട്ടാറുണ്ട്. ഈ ഗുണഗണങ്ങളാണ് ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തെ മഹത്വപ്പെടുത്തുന്നത്.
സൂപ്പര്‍സ്റ്റാര്‍ എന്നത് ജനങ്ങള്‍ ഒരു നടന് കൊടുക്കുന്ന അംഗീകാരമാണ്. അത് നിലനിര്‍ത്തേണ്ട ബാധ്യത ജനങ്ങള്‍ക്കല്ല നടനുതന്നെയാണ്. വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മാത്രമല്ല, കളങ്കമില്ലാത്ത സ്വഭാവ സവിശേഷതകള്‍കൂടി അതിലേയ്ക്ക് കലരുമ്പോഴാണ് അവര്‍ ജനഹൃദയങ്ങളില്‍ ദീര്‍ഘകാലം ജീവിക്കുന്നത്. അത്തരം അനന്യമായ ജീവിതമാതൃക പുലര്‍ത്തുന്ന അപൂര്‍വ്വം സൂപ്പര്സ്റ്റാറുകളിലൊരാള് കൂടിയാണ് വിജയ്.
Recent Comments