കൊച്ചച്ഛന്റെ (ജയവിജയന്മാരില് വിജയന്) മരണം അച്ഛനെ മാനസികമായി തകര്‍ത്തു. ഒരുമിച്ച് ജനിക്കുകയും ഒരുമിച്ച് വളരുകയും ഒരുമിച്ച് പഠിക്കുകയും ഒരുമിച്ച് പാടുകയും ചെയ്തിരുന്നവരാണ്. ജീവന്റെ പാതിയായ ഒരാള്‍ പെട്ടെന്നൊരു ദിവസം ഓര്‍മ്മയാകുമ്പോള്‍ അച്ഛനെ സംബന്ധിച്ചിടത്തോളം അത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഊണില്ല, ഉറക്കമില്ല, മിണ്ടാട്ടമില്ല. ഇനി തനിക്ക് പാടാന്‍ കഴിയുമോ എന്ന് അച്ഛന് ഭയന്നു. സംഗീതം പകരാന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ടു. രണ്ടുമൂന്ന് മാസങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. ആയിടയ്ക്കാണ് അച്ഛനെത്തേടി ദാസേട്ടന്റെ ഫോണ്‍കോള്‍ എത്തുന്നത്.
‘വെറുതെ വീട്ടിലിരുന്നാല്‍ ശരിയാവില്ല. എന്തെങ്കിലും ചെയ്തേ മതിയാകൂ.’ ദാസേട്ടന് നിര്‍ബ്ബന്ധം പിടിച്ചു. തിരുവനന്തപുരത്തേയ്ക്ക് വരാന്‍ പറഞ്ഞതും ദാസേട്ടനാണ്.
‘തിരുവനന്തപുരത്ത് രമേശന്നായരുണ്ട്. അദ്ദേഹം എഴുതും. ജയന് സംഗീതം ചെയ്യണം. തരംഗിണി അത് പ്രൊഡ്യൂസ് ചെയ്യും.’ ദാസേട്ടന്റെ വാക്കുകള്‍ അച്ഛനില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെന്നുവേണം കരുതാന്‍.
അച്ഛന് തിരുവനന്തപുരത്തേയ്ക്ക് പോകാന്‍ തയ്യാറായി. ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് എന്നെയും കൂട്ടി. രമേശേട്ടന്റെ വീട്ടില്‍ തന്നെയാണ് അച്ഛന് തങ്ങിയത്. വൈകുന്നേരം വരെ ഞാനും അവരോടൊപ്പമുണ്ടാകും. സംഗീതത്തെക്കുറിച്ചാണവര് സംസാരിച്ചുകൊണ്ടിരുന്നത്. ഇടയ്ക്ക് ഗുരുവായൂര്നടയിലെത്തും. ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങളെക്കുറിച്ച് വാചാലരാകും. പതിയെ അച്ഛന് കര്മ്മോന്മുഖനാകുന്നത് ഞാന്‍ കണ്ടു. അച്ഛന് ചില ട്യൂണുകള്‍ മൂളും. രമേശേട്ടന് അതിനൊപ്പിച്ച് വരികള്‍ എഴുതും. മറ്റു ചിലപ്പോള്‍ അദ്ദേഹം കവിത എഴുതിവയ്ക്കും. അതിന് അച്ഛന് ഈണം പകരും. സംഗീതസാന്ദ്രമായിരുന്നു ആ രാപകലുകള്‍. പിറന്നുവീണത് ഭക്തിയുടെ അടരുകളായിരുന്നു. ഗുരുവായൂരപ്പനുള്ള നിവേദ്യങ്ങളായിരുന്നു. കണ്ണനോടുള്ള പരിഭവം പറച്ചിലുകളായിരുന്നു. ഇണക്കങ്ങളും പിണങ്ങളുമായിരുന്നു…
ദാസേട്ടന്റെ ഗന്ധര്‍വ്വശബ്ദം കൂടി അലിഞ്ഞുചേര്‍ന്നപ്പോള്‍ അതൊരു സ്വരരാഗഗംഗാപ്രവാഹമായി മാറി. ‘മയില്‍പ്പീലി’ എന്ന കാസറ്റ് പിറവികൊണ്ടത് അങ്ങനെയാണ്. അതുവരെയുള്ള എല്ലാ റിക്കാര്‍ഡുകളും ഭേദിച്ച വില്‍പ്പനയാണ് ആ കാസറ്റ് നേടിയത്. അതിലെ പാട്ടുകളെല്ലാം ഒന്നൊന്നിനേക്കാള്‍ മികച്ചതായിരുന്നു.
ഇക്കഴിഞ്ഞ സംഗീതദിനത്തില്‍ ഒരു പാട്ട് പാടാന്‍ കൊതിച്ചപ്പോള്‍, അതിനും ഒരുനാള്‍ മുമ്പേ വിടപറഞ്ഞുപോയ രമേശേട്ടനെ ഓര്‍ത്തു. അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ മയില്‍പ്പീലിയിലെ പാട്ടുകളാണ് നല്ലതെന്ന് തോന്നി. ഏത് പാട്ട് പാടുമെന്നുള്ളത് അപ്പോഴും ആശയക്കുഴപ്പമുണ്ടാക്കി. കൂടുതല്‍ ജനപ്രിയമായ, പാടാന്‍ എളുപ്പമുള്ള ആ പാട്ടുതന്നെ പാടി…
‘രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ…
ഞാന്‍ പാടും ഗീതത്തോടാണോ
പറയൂ നിനക്കേറ്റമിഷ്ടം പക്ഷേ
പകല്‍പോലെ ഉത്തരം സ്പഷ്ടം…’
എനിക്ക് സംശയമില്ല, കൃഷ്ണന് ഏറ്റവും പ്രിയങ്കരം അവര്‍ തീര്‍ത്ത പാട്ടുതന്നെയാവും. കാരണം സ്വയം മറന്ന് അവര്‍ ഒരുക്കിയ ഭക്തനിവേദ്യമുള്ളപ്പോള് ഒരു നിമിഷം കൃഷ്ണനും പ്രിയസഖി രാധയെ മറന്നിരിക്കാം….
Recent Comments