പ്രശസ്ത സംവിധായകനും നിശ്ചല ഛായാഗ്രാഹകനുമായ ശിവന് അന്തരിച്ചു. ഇന്ന് രാവിലെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു.
ഒരു വര്‍ഷത്തോളമായി ശാരീരികാവശതകള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. യാത്രകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. രണ്ട് ദിവസം മുമ്പ് തലചുറ്റി വീണിരുന്നു. ഉടന്‍തന്നെ എസ്.യു.ടി ഹോസ്പിറ്റലില്‍ കൊണ്ടുപോയി. വൃക്ക തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇന്നലെ അടിയന്തിരമായി ഡയാലിസിസ് നടത്തിയിരുന്നു. രോഗം കുറച്ച് ഭേദപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാത്രി ഒമ്പതരയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജീവന് നിലനിര്‍ത്താനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. പന്ത്രണ്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
മരണവിവരം അറിയുമ്പോള്‍ മക്കളായ സന്തോഷ് ശിവന് ചെന്നൈയിലും സംഗീത് ശിവന് മുംബയിലും സഞ്ജീവ് ശിവന് എറണാകുളത്തുമാണുണ്ടായിരുന്നത്. സന്തോഷ് ശിവന് വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തെത്തും. മുംബയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഡയറക്ട് ഫ്ളൈറ്റ് ഇല്ലാത്തതിനാല്‍ സംഗീത് ആദ്യം കൊച്ചിയിലെത്തും. അവിടുന്ന് തിരുവനന്തപുരത്തേയ്ക്കും. എത്താന്‍ വൈകുമെന്നതിനാലാണ് നാളത്തേയ്ക്ക് ശവസംസ്കാരച്ചടങ്ങുകള്‍ മാറ്റിയത്. നാളെ രാവിലെ 10 മുതല്‍ 12.30 വരെ രാഹുകാലമാണ്. അതുകൊണ്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശവസംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നിശ്ചല ഛായാഗ്രാഹകനായി സിനിമാരംഗത്തെത്തിയ ശിവന് പിന്നീട് സംവിധാകനായി. അഭയവും യാഗവും കേശുവുമടക്കം ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ നേടി. തിരുവനന്തപുരത്ത് സ്റ്റാച്യു ജംഗഷനില്‍ അദ്ദേഹം ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. ശിവന്‍സ് സ്റ്റുഡിയോ എന്നാണതിന്റെ പേര്. മക്കളായ സന്തോഷ് ശിവനടക്കം പില്ക്കാലത്ത് പ്രശസ്തരായി തീര്‍ന്ന പല ഛായാഗ്രാഹകന്മാരും ഛായാഗ്രാഹണകലയിലെ ബാലപാഠങ്ങള്‍ പഠിച്ചത് ഇവിടെനിന്നായിരുന്നു.
ശിവന്റെ ഭാര്യ ചന്ദ്രമതി 18 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അദ്ദേഹത്തോട് വിടപറഞ്ഞ് പോയിരുന്നു. മൂന്ന് ആണ്മക്കളെ കൂടാതെ ശിവന് ഒരു മകളും കൂടിയുണ്ട്. സരിത. പ്രശസ്ത ഗായകന് കെ.പി. ഉദയഭാനുവിന്റെ മകന് രാജീവാണ് സരിതയുടെ ഭര്‍ത്താവ്.
Recent Comments