വാച്ച് റിപ്പയര്‍ ചെയ്യുന്ന ഒരു വൃദ്ധവേഷത്തിലാണ് സുരേഷ്ഗോപി. അദ്ദേഹം ഇതുവരെ ചെയ്ത കഥാപാത്രങ്ങളോടൊന്നും സാമ്യത അതിന് നിരൂപിക്കാനാവില്ല. അത്ര പുതുമയുള്ള ക്യാരക്ടര്‍ പോസ്റ്റര്‍.
രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപിയുടെ 251-ാമത്തെ ചിത്രമെന്ന നിലയിലാണ് ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം പോസ്റ്റര്‍ റിലീസിംഗില്‍ പങ്കെടുക്കുക മാത്രമല്ല എല്ലാവരും ഗംഭീരമെന്നാണ് ക്യാരക്ടര്പോസ്റ്ററിനെ വിശേഷിപ്പിച്ചിരിക്കുന്നതും.
സിനിമയെക്കുറിച്ച് കൂടുതലറിയാന്‍ സംവിധായകന് രാഹുല്‍ രാമചന്ദ്രനെ വിളിക്കുമ്പോള്‍ അദ്ദേഹം നിറഞ്ഞ സന്തോഷത്തിലായിരുന്നു.
‘ഫോട്ടോയില്‍ കാണുന്നതാണ് എന്റെ കേന്ദ്ര കഥാപാത്രം. പേര് തല്ക്കാലം വെളിപ്പെടുത്തുന്നില്ല. വാച്ച് റിപ്പയററാണ്. പക്ഷേ ആ പടത്തിലേയ്ക്കും പശ്ചാത്തലത്തിലേക്കും സൂക്ഷിച്ചു നോക്കിയാല്‍ അറിയാം പലതും ഞങ്ങളതിനകത്ത് ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അത് ചേര്‍ത്തുവായിച്ചാല്‍ കഥയുടെ പൂരണമാകും.’ സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുതന്നെ രാഹുല്‍ സംസാരിച്ചു.
‘വൃദ്ധനെങ്കിലും അദ്ദേഹം ജീവിച്ചിരിക്കുന്നത് ഒരു പ്രതികാരം ചെയ്യാന്‍വേണ്ടിയാണ്. ത്രില്ലറാണ് സിനിമ. ഡ്രാമയുടെ എല്ലാ പരിവേഷമുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍. ടൈറ്റിലും ഞങ്ങളുടെ കരുതല്ശേഖരത്തിലുണ്ട്. രഹസ്യങ്ങള്‍ ഓരോന്നായി പുറത്തു വിടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’
‘സമീന്‍ സലീം ഇതിന്റെ കഥ പറയുമ്പോള്‍തന്നെ സുരേഷ്ഗോപി ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. ആ ബോദ്ധ്യം ഞങ്ങളില്‍ ഊട്ടിയുറപ്പിച്ചത് നടന് ബൈജുവേട്ടനാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ജീം ബൂം ബായില് ഒരു പ്രധാനവേഷം ചെയ്തിരുന്നത് ബൈജുവേട്ടനാണ്. ബൈജുവേട്ടനോട് ഈ കഥ പറയുമ്പോള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചതും സുരേഷ്ഗോപിയുടെ പേരാണ്. അദ്ദേഹംവഴിയാണ് ഞങ്ങള്‍ സുരേഷ് ചേട്ടനെ കാണാനെത്തുന്നതും കഥ പറയുന്നതും. ഇപ്പോള്‍ ഞങ്ങളേക്കാള്‍ എക്സൈറ്റഡാണ് സുരേഷേട്ടന്.’
‘വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ്. പ്രീപ്രൊഡക്ഷനുതന്നെ അഞ്ച് മാസത്തെ സാവകാശം വേണമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയായാല്‍ അടുത്ത വര്‍ഷമാദ്യം സിനിമ തുടങ്ങുന്ന രീതിയിലാണ് ഷൂട്ടിംഗ് പ്ലാന്‍ ചെയ്യുന്നത്. സിനിമയുടെ ആദ്യപകുതി കൊച്ചിയിലും രണ്ടാം പകുതി ചെന്നൈയിലുമായി ഷൂട്ട് ചെയ്യും. സെക്കന്റ് ഹാഫിലുള്ള ഒരു ഫ്ളാഷ്ബാക്ക് നടക്കുന്നത് 1980 കളിലാണ്. വടചെന്നൈയാണ് പശ്ചാത്തലം. അതുകൊണ്ടുതന്നെയാണ് മുന്നൊരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞത്.’
‘മികച്ച താരങ്ങളേയും ടെക്നീഷ്യന്മാരെയും കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. പലരുമായി സംസാരിച്ചുകഴിഞ്ഞു. ആ വിവരവും അധികം വൈകാതെ പുറത്തുവിടും. എത്രിയല് എന്റര്‍ടെയിന്‍മെന്റ്സാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് സിനിമാസിനാണ് വിതരണാവകാശം.’
Recent Comments