ഇന്ദ്രന്‍സിന്റെ ഫേസ്ബുക്കിലാണ് ആ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം കണ്ടത്. ഇന്ദ്രന്‍സ് ആസ് ഹിറ്റ്ലര്‍ എന്ന പ്രധാന തലക്കെട്ടിന് മുകളിലായി ഒരു ബാര്‍ബറിന്റെ കഥ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതിന് താഴെയായിട്ടാണ് വലതുകൈ ഉയര്‍ത്തി ഹിറ്റലറിന്റെ അതിശയിപ്പിക്കുന്ന രൂപസാദൃശ്യങ്ങളോടെയുള്ള ഇന്ദ്രന്‍സിന്റെ വെക്ടര്‍ ആര്‍ട്ട് ഉള്ളത്. സത്യത്തില്‍ അത് കണ്ടിട്ടാണ് ഇന്ദ്രന്‍സിനെ വിളിക്കാന്‍ തോന്നിയത്. ആ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ വിശേഷം തിരക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
‘കേരള ചലച്ചിത്ര അക്കാദമി അടുത്തിടെ ഒരു ഷോട്ട് ഫിലിം തിരക്കഥാരചനാ മത്സരം നടത്തിയിരുന്നു. കേരളത്തിലെ കോവിഡ് അതിജീവനത്തെ പ്രമേയമാക്കി തിരക്കഥ എഴുതാനായിരുന്നു നിര്‍ദ്ദേശം. എഴുനൂറിലധികംപേര് പങ്കെടുത്തു. അതില്‍നിന്ന് അറുപത് പേരെ ഷോട്ട്ലിസ്റ്റ് ചെയ്തു. ശ്യാമപ്രസാദും ആര്. ഉണ്ണിയും സജീവ് പാഴൂരും അടങ്ങുന്ന ജഡ്ജിംഗ് പാനലാണ് അതില്‍നിന്നും മികച്ച പത്ത് തിരക്കഥകള്‍ തെരഞ്ഞെടുത്തത്. അതിലൊന്നാണ് ഒരു ബാര്‍ബറിന്റെ കഥ.’
‘മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷനോജ് ആര്. ചന്ദ്രനാണ് അതെഴുതിയത്. അക്കാദമിയുടെ പങ്കാളിത്തത്തോടെ ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ അനുമതി കിട്ടുമ്പോള്‍ ഷനോജ് തന്നെ സംവിധായകനുമായി. ഷനോജ് വന്നാണ് എന്നോട് കഥ പറയുന്നത്. വളരെ രസകരമായ ത്രെഡായിരുന്നു. അതുകൊണ്ടാണ് ചെയ്യാന്‍ തയ്യാറായത്. രണ്ട് ദിവസത്തെ വര്‍ക്കേ എനിക്കുണ്ടായിരുന്നുള്ളൂ. ഈ ലോക് ഡൗണിനുമുമ്പ് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നെക്കൂടാതെ നവാഗതരായ അഞ്ച് ചെറുപ്പക്കാര്‍കൂടി അതില്‍ അഭിനയിക്കുന്നുണ്ട്.’ ഇന്ദ്രന്‍സ് പറഞ്ഞു.
ആദ്യം ചാര്‍ളി ചാപ്ലിന് (ആര്. ശരത് സംവിധാനം ചെയ്ത ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് ചാപ്ലിന്റെ വേഷം അണിഞ്ഞിരുന്നു), ഇപ്പോള്‍ ഹിറ്റ്ലര്‍. ചരിത്രപുരുഷന്മാര് ഓരോരുത്തരായി ഇന്ദ്രന്‍സിനെ തേടിയെത്തുകയാണല്ലോ?
എല്ലാവരെയും നാണം കെടുത്തിയിട്ടേ ഞാന്‍ പോകൂ. ചിരിച്ചുകൊണ്ട് ഇന്ദ്രന്‍സ് തുടര്‍ന്നു.
ഏകാധിപതിയായിരുന്നല്ലോ ഹിറ്റ്ലര്‍. അത്തരം ഷെയ്ഡുള്ള ഒരു കഥാപാത്രം തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിലെ എന്റെ കാരക്ടറും. ഹിറ്റ്ലര്‍ ആവാന്‍വേണ്ടി മുന്‍വശത്തെ തലമുടി കുറച്ച് ഷേവ് ചെയ്ത് കളയേണ്ടിവന്നു. മേക്ക് ഓവര്‍ കഴിഞ്ഞപ്പോള്‍ ഹിറ്റ്ലറെപോലെയൊക്കെയുണ്ടെന്ന് എനിക്കും തോന്നാതിരുന്നില്ല. ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് ഇന്ദ്രന് പറഞ്ഞു.
അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍വച്ച് ഈ ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കും.
Recent Comments