ദിലിപ് കുമാര്‍ ഓര്‍മ്മയാകുമ്പോള്‍ കെടുന്നത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ വജ്രശോഭയാണ്. മെത്തേഡ് ആക്ടിംഗിന്റെ മഹാഗുരുവിനെയാണ്. നല്ലൊരു മനുഷ്യസ്നേഹിയെയാണ്.
ഇന്ന് രാവിലെ മുംബയിലെ ഹിന്ദുജാ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് ശവസംസ്കാരം.
പാകിസ്ഥാനില്‍നിന്ന് വന്ന ഇന്ത്യയിലെ ആദ്യ സൂപ്പര്‍താരം
ഇന്നത്തെ പാകിസ്ഥാനിലെ പെഷവാറിലാണ് ദിലിപ് കുമാറിന്റെ ജനനം. മുഹമ്മദ് യൂസഫ് ഖാന് എന്നാണ് യഥാര്‍ത്ഥ പേര്. പിതാവ് ലാലാ ഗുലാം സര്വാര്ഖാന്. മാതാവ് ഐഷാ ബീഗം. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഒരു ഖാന് യുഗം തന്നെയുണ്ടെങ്കില്‍ അതിനാദ്യം തുടക്കമിട്ടത് മുഹമ്മദ് യൂസഫ് ഖാന് എന്ന ദിലിപ് കുമാറില്‍നിന്നാണ്.
ജ്വാര്‍ ഭട്ട എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഇന്ത്യന്‍ സിനിമയുടെ അമരക്കാരനായി ദിലിപ് വളരുകയായിരുന്നു. പാകിസ്ഥാനില്‍നിന്നെത്തിയ ഇന്ത്യയിലെ ആദ്യ സൂപ്പര്‍താരവും ദിലിപ്കുമാറാണ്.
ദിലിപ് കുമാര്‍ എന്ന പേര് സമ്മാനിച്ചത് ദേവികാറാണി
ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ദേവികാറാണിയാണ് മുഹമ്മദ് യൂസഫ് ഖാന്, ദിലിപ് കുമാര്‍ എന്ന സ്ക്രീന്‍ നെയിം സമ്മാനിച്ചത്.
സിനിമയില്‍ എത്തുന്നതിനുമുമ്പ് ഫലവര്ഗ്ഗവ്യാപാരിയായിരുന്നു യൂസഫ് ഖാന്. അതിന്റെ ആവശ്യവുമായി ബന്ധപ്പെട്ട നൈനിറ്റാളിലെത്തിയതായിരുന്നു അദ്ദേഹം. അവിടെവച്ചാണ് ദേവികാറാണിയെ കാണാനിടയാകുന്നത്. പുതിയ സിനിമയുടെ ലൊക്കേഷന്‍ അന്വേഷിച്ച് സംവിധായകന് ആമിയ ചക്രബര്‍ത്തിക്കൊപ്പം എത്തിയതായിരുന്നു ദേവികാറാണി. ഒറ്റനോട്ടത്തില്‍തന്നെ ദേവികയ്ക്ക് യൂസഫ് ഖാനെ ഇഷ്ടമായി. മുംബയില്‍ വരുമ്പോള്‍ തന്നെ വന്ന് കാണണമെന്നും പറഞ്ഞു. സിനിമ ഒരു ആവേശമായി കൊണ്ടുനടന്നിരുന്ന ആ ചെറുപ്പക്കാരന് ദേവികാറാണിയുടെ ഓഫര്‍ സ്വീകരിച്ചു. മുംബയിലെത്തി ദേവികാറാണിയെ കണ്ടു. മുഹമ്മദ് യൂസഫ് ഖാന് എന്ന പേര് മാറ്റാന്‍ അവരാണ് നിര്‍ദ്ദേശിക്കുന്നത്. അവര്‍തന്നെ ദിലിപ് കുമാര്‍ എന്ന പേരൂം നല്കി. തുടര്‍ന്ന് അവരുടെതന്നെ നിര്‍മ്മാണ സംരംഭമായ (മുംബൈ ടാക്കീസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമ കൂടിയാണ് ദേവികാറാണി) ജ്വാര്‍ ഭട്ടയിലേയ്ക്ക് ദിലിപ്കുമാറിന് അവസരം നല്കുന്നു. അത് മറ്റൊരു ഇന്ത്യന്‍ സിനിമാ ഇതിഹാസത്തിനുള്ള ശില പാകലായി.
ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടന്
അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റിയിരുന്ന നടനാണ് ദിലിപ്കുമാര്‍. 50 കളുടെ തുടക്കത്തില്‍ ഒരു ലക്ഷം രൂപവരെ അദ്ദേഹം പ്രതിഫലം പറ്റിയിരുന്നു. അന്ന് അത്രയും തുകയ്ക്ക് നാല് മലയാള സിനിമകള്‍ നിര്മ്മിക്കാമായിരുന്നു. പിന്നീട് പതിനൊന്ന് ലക്ഷം രൂപവരെ അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നതായി ബോളിവുഡിലെ നിര്‍മ്മാണക്കമ്പനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അത്രയും ഉയര്‍ന്ന തുക നല്കി ദിലിപ് കുമാറിനെ തങ്ങളുടെ നായകനാക്കാന്‍ നിര്‍മ്മാണ കമ്പനികളും മത്സരിച്ചിരുന്നു. ദിലിപ്ചിത്രങ്ങളുടെ സര്വ്വസ്വീകാര്യതയായിരുന്നു അതിനുള്ള പ്രധാന കാരണം.
വധുവാക്കാന്‍ ആഗ്രഹിച്ചത് മധുബാലയെ; വിവാഹം കഴിച്ചത് സൈറാബാനുവിനെ
ആദ്യകാല സിനിമകളിലെ സ്ഥിരം നായികയായിരുന്ന മധുബാലയുമായി അഗാധ പ്രണയത്തിലായിരുന്നു ദിലിപ്കുമാര്‍. ഏഴ് വര്‍ഷത്തോളം അവരുടെ പ്രണയം നീണ്ടെങ്കിലും ഒടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷമാണ് വൈജയന്തിമാലയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം തുടങ്ങുന്നത്. എന്നിട്ടും അദ്ദേഹം വിവാഹം ചെയ്തത് സൈറാബാനുവിനെയാണ്. തന്റെ സഹപ്രവര്‍ത്തകരുടെ പ്രണയാഭ്യര്‍ത്ഥന ദിലിപ്കുമാര്‍ ആദ്യം തള്ളിക്കളഞ്ഞിരുന്നു. കാരണം ആ സമയം അദ്ദേഹത്തിന് 44 വയസ്സുണ്ടായിരുന്നു. സൈറയ്ക്കാകട്ടെ 22 ഉം. ഈ പ്രായാന്തരം അദ്ദേഹത്തെ കുഴപ്പിച്ചിരുന്നു. എന്നിട്ടും അവര്‍ വിവാഹിതരായി. ഈ ദാമ്പത്യവല്ലരിയില്‍ കുട്ടികളുണ്ടായില്ല. എന്നാല്‍ തന്റെ ആത്മകഥയായ ദി സബ്സ്റ്റന്‍സ് ആന്റ് ദി ഷാഡോയില്‍ സൈറാബാനു ഗര്‍ഭിണിയായ കാര്യം അദ്ദേഹം എഴുതുന്നുണ്ട്. പിന്നീടുണ്ടായ പ്രഗ്നന്‍സി പ്രശ്നങ്ങളെത്തുടര്‍ന്ന് ഗര്‍ഭസ്ഥശിശുവിനെ അവര്‍ക്ക് നഷ്ടമാവുകയായിരുന്നു. അതിനുശേഷം അവര്‍ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
ദിലിപ് കുമാര്‍ രണ്ടാമതൊരു വിവാഹംകൂടി കഴിച്ചു. അസ്മ റഹ്മാന്. ഹൈദരാബാദ് സ്വദേശിയായിരുന്നു. ആ ദാമ്പത്യജീവതം രണ്ടുവര്ഷക്കാലമേ നീണ്ടുനിന്നുള്ളൂ. ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.
അവാര്‍ഡുകളുടെ രാജകുമാരന്:
ഏറ്റവും കൂടുതല്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹനാണ് ദിലീപ്കുമാര്. ഫിലിം ഫെയറിന്റെ ഏറ്റവും മികച്ച നടനുള്ള ആദ്യ പുരസ്കാരം സ്വന്തമാക്കിയ ദിലീപ് പീന്നീട് ഏഴ് തവണ ഈ ബഹുമതിക്ക് അര്‍ഹനായി. പാകിസ്ഥാന് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇമിതാസ് നേടുന്ന താരവുമായി ദിലിപ്കുമാര്‍. ഇന്ത്യ പാക് ബന്ധം ഊഷ്മളമാക്കാന്‍ സഹായിച്ചതിന്റെ പേരിലാണ് ഈ ബഹുമതിക്കായി പാകിസ്ഥാന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
പത്മഭൂഷന്‍, പത്മവിഭൂഷന്, ദാദാ സാഹേബ് പുരസ്കാരം എന്നീ ബഹുമതികള്‍ നല്കി ഭാരതവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Recent Comments