‘വിക്രം… വിക്രം…
നാന് വെട്രി പെട്രവന്
ഇമയം തൊട്ടു വിട്ടവന്’
1986 ല്‍ പുറത്തിറങ്ങിയ ഒരു കമല്ഹാസന് ചിത്രത്തിന്റെ പേരും വിക്രം എന്നായിരുന്നു. രാജശേഖര്‍ സംവിധാനം ചെയ്ത ചിത്രം. രാജ്കമല് ഫിലിംസ് തന്നെയാണ് ആ സിനിമയും നിര്‍മ്മിച്ചത്. അതില്‍ കമല്ഹാസന് പാടിയ ഒരു സൂപ്പര്‍ ഹിറ്റ് പാട്ടിന്റെ ആദ്യവരികളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ടൈറ്റില്‍ ക്യാരക്ടറായ വിക്രമിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഗാനരചയിതാവായ വൈരമുത്തു ആ വരികള്‍ എഴുതിയിരിക്കുന്നത്.
ഞാന്‍ വിജയം നേടിയവനാണ്.
ഉയരങ്ങള്‍ കീഴടക്കിയവനാണ്. എന്നൊക്കെയുള്ള വിശേഷണങ്ങള്‍ തുടരുകയാണ്…
35 വര്‍ഷങ്ങള്‍ക്കിപ്പുറം കൃത്യമായി പറഞ്ഞാല്‍ 2021 ജൂലൈ 10 ന് കമല്ഹാസന് വീണ്ടുമൊരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ പേരും വിക്രം എന്നാണ്. രാജ്കമല് ഫിലിംസ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ച് പറയുന്നതിനുമുമ്പ് അതിന് ചുവടെ കമല്‍ കുറിച്ചിരുന്ന ആദ്യവരികള്‍ ഇങ്ങനെയാണ്.
ധൈര്യശാലികള്‍ കിരീടം അണിയും.
ഇനി പോസ്റ്ററിലുള്ളത് ആരൊക്കെയാണ്? മധ്യത്തില്‍ കമല്ഹാസന്. ഇടവും വലവുമായി വിജയ് സേതുപതിയും ഫഹദ് ഫാസിലും. ഒറ്റനോട്ടത്തില്‍ സൃഷ്ടി-സ്ഥിതി-സംഹാരമൂര്ത്തികളെ ഓര്‍മ്മിപ്പിക്കുന്നു.
പ്രകൃതിയുടെ താളലയത്തിന് സൃഷ്ടിയും സ്ഥിതിയും സംഹാരവും ഒരുമിച്ചുണ്ടാവണം. എന്നിട്ടും ത്രിമൂര്‍ത്തികള്‍ തമ്മില്‍ യുദ്ധങ്ങള്‍ ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങള്‍ പുരാണങ്ങളില്‍പോലും പറയുന്നുണ്ട്. ആരാണ് ഒന്നാമന് എന്ന അവകാശവാദം സ്ഥാപിച്ചെടുക്കാനുള്ള യുദ്ധങ്ങളും അക്കൂട്ടത്തിലുണ്ടായിട്ടുണ്ട്. വിജയമെന്നും ധര്‍മ്മത്തിന്റെ പക്ഷത്തായിരുന്നു. പക്ഷേ ‘വിക്രം’ കുറിക്കുന്നത് ധൈര്യശാലി കിരീടം ചൂടുമെന്നാണ്. സിനിമയ്ക്ക് അങ്ങനെ ചില മാജിക്കുകള്‍ ആവശ്യമാണ്.
പക്ഷേ ഒന്നുറപ്പാണ്. അഭിനയപോരാട്ടം കനക്കും. കാരണം മൂന്നുപേരും ശക്തന്മാരാണ്. ഒരാള്‍ മെത്തേഡ് ആക്ടിംഗിന്റെ കരുത്തനായ വക്താവ്. ഉലകനായകന് കമല്ഹാസന്. രണ്ടാമന് അണ്‍പ്രഡിക്ടബിള്‍ ആക്ടര്‍. അടുത്ത നിമിഷത്തില്‍ എന്തു ചെയ്യുമെന്ന് അയാള്‍ക്കുപോലും നിശ്ചയമില്ലാത്ത ഒരാള്‍. സാക്ഷാല്‍ വിജയ് സേതുപതി. മൂന്നാമന് സ്വാഭാവികാഭിനയത്തിന്റെ മര്‍മ്മം ഗ്രഹിച്ച ആള്. ഫഹദ് ഫാസില്‍.
അഭിനയകലയിലെ ത്രിമൂര്‍ത്തികള്‍ തമ്മിലാണ് പോരാട്ടം. ലോകേഷ് കനകരാജ് എന്ന സംവിധായകന് തന്റെ തിരക്കഥയില്‍ കിരീടധാരിയെ എന്നേ കുറിച്ചുവച്ചതാണ്. എങ്കിലും ആരാണ് ആ ധൈര്യശാലിയെന്നറിയാന് പ്രേക്ഷകര്‍ തല്ക്കാലം കാത്തിരുന്നേ മതിയാവൂ.
വിക്രം… വിക്രം…
Recent Comments