ലാല്‍ജോസിനെ വിളിക്കുമ്പോള്‍ അദ്ദേഹം എഡിറ്റിംഗ് ടേബിളിലായിരുന്നു. മ്യാവു എന്ന ചിത്രത്തിന്റെ അവസാനവട്ട എഡിറ്റിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍. അതിനിടയില്‍നിന്നാണ് അദ്ദേഹം കാന്‍ ചാനലുമായി സംസാരിക്കാന്‍ സമയം കണ്ടെത്തിയത്.
? മ്യാവു, ആ പേരിലുമുണ്ടല്ലോ വല്ലാത്ത പുതുമ.
ഡയാന എന്ന് പേരുള്ള ഒരു പൂച്ചയും ഇതിലെ ഒരു പ്രധാന കഥാപാത്രമാണ്. ആ നിലയ്ക്കാണ് മ്യാവു എന്ന ടൈറ്റിലും പ്രസക്തമാകുന്നത്.
? എന്താണ് മ്യാവുവിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്.
മ്യാവു പൂര്‍ണ്ണമായും ഒരു ഫാമിലി ഡ്രാമയാണ്. ഞാന്‍ മുമ്പും ഫാമിലി സബ്ജക്ടുകള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിനൊപ്പം മറ്റു കഥകള്‍കൂടി പറഞ്ഞു പോകുന്ന രീതിയായിരുന്നു. ഇതങ്ങനയേയല്ല. പൂര്‍ണ്ണമായും കുടുംബത്തിനുള്ളില്‍ ഒതുങ്ങിനില്ക്കുന്ന കഥയാണ്. ഈ ഗണത്തില്‍പ്പെട്ടൊരു ചിത്രം ഞാന്‍ ഇന്നേവരെ ചെയ്തിട്ടുമില്ല.
? സൗബിനും മംമ്താ മോഹന്‍ദാസും. ലാല്‍ജോസ് ചിത്രങ്ങളില്‍ ഇന്നേവരെ കാണാത്ത താരജോഡിയാണല്ലോ.
ഈ സിനിമയില്‍ അറിയപ്പെടുന്ന നാല് താരങ്ങളേയുള്ളൂ. സൗബിനും മംമ്തയും സലിംകുമാറും ഹരിശ്രീ യൂസഫും. റഷ്യയില്‍നിന്നുള്ള ഒരു ആക്ട്രസും അഭിനയിക്കുന്നു. അതുപോലെ സംവിധായകന് എബ്രിഡ് ഷൈനിന്റെ മകന് ഭഗത് എബ്രിഡും ഫോറന്‍സിക് എന്ന സിനിമയില്‍ മംമ്തയുടെ മകളായി അഭിനയിച്ച തമന്നാ പ്രമോദും ഇതില്‍ ശക്തമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ബാക്കിയുള്ളവരെല്ലാം ഏതാണ്ട് പുതുമുഖങ്ങളാണ്. ഈ സിനിമയില്‍ സലിംകുമാര്‍ ഒഴിച്ച് മറ്റുള്ള താരങ്ങളെല്ലാം എന്റെ സിനിമയില്‍ ആദ്യമാണ്.
? നായകനായി സൗബിനിലേയ്ക്ക് എത്താനുള്ള കാരണമെന്തായിരുന്നു.
ഇക്ബാല്‍ കുറ്റിപ്പുറം കഥ പറയുമ്പോള്‍തന്നെ ആ കഥാപാത്രത്തിന് ഏറ്റവും യോജിച്ച ആള് സൗബിനാണെന്ന് എനിക്ക് തോന്നിയിരുന്നു. സൗബിനല്ലാതെ മറ്റൊരാള്‍ ആ തെരഞ്ഞെടുപ്പിലേയ്ക്ക് വന്നതുമില്ല. ദസ്താക്കര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആലുവ സ്വദേശിയാണ്. ആലുവ സ്ലാങാണ് സംസാരിക്കുന്നത്. ഗള്‍ഫില്‍ എത്തിയിട്ട് 17 വര്‍ഷമാകുന്നു. അവിടെയൊരു മിനി സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ്. സൗബിന് ഇതുവരെ ചെയ്തുവന്ന വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ദസ്താക്കര്‍. സിനിമ വിജയിക്കുകകൂടി ചെയ്താല്‍ സൗബിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കാവുന്ന കഥാപാത്രം. വളരെ ഗംഭീരമായി സൗബിന് ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. നല്ല നടനാണ് സൗബിന്. നല്ല സഹകരണവും അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ദസ്താക്കറിന്റെ ഭാര്യയാണ് സുലേഖ. സുലേഖയെ അവതരിപ്പിക്കുന്ന മംമ്തയാണ്.
? ഇക്ബാല്‍ കുറ്റിപ്പുറത്തിനോടൊപ്പം ഇത് നാലാമത്തെ സിനിമ അല്ലേ.
അതെ. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാതിത്യന്, ഇപ്പോള്‍ മ്യാവു.
? അറബിക്കഥയും ഡയമണ്ട് നെക്ലേസും പോലെ മ്യാവുവിന്റെ കഥാപരിസരവും ഗള്‍ഫ് നാടാണല്ലോ.
ഇക്ബാല്‍ കുറ്റിപ്പുറം ദീര്‍ഘകാലമായി ഒരു പ്രവാസിയാണ്. അവിടുത്തെ പ്രശസ്തനായ ഒരു ഹോമിയോ ഡോക്ടറുമാണ്. സ്വന്തമായി ഒരു ക്ലിനിക്കും നടത്തുന്നുണ്ട്. അനവധിപ്പേരാണ് ചികിത്സ തേടിയെത്തുന്നത്. രോഗവിവരങ്ങളോടൊപ്പം കുടുംബകാര്യങ്ങളും അവര്‍ ഡോക്ടറോട് പങ്കുവയ്ക്കാറുണ്ട്. അങ്ങനെ അനവധി സംഭവങ്ങള്‍ അദ്ദേഹം കേള്‍ക്കുന്നുണ്ടാവും. അതില്‍നിന്ന് ജനിക്കുന്ന കഥകളായതുകൊണ്ടാകാം ഗള്‍ഫ് ഒരു കഥാപരിസരമായി എത്തുന്നത്.
? കേരളത്തില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നോ.
ഇതുവരെയില്ല. പക്ഷേ ഒരു ദിവസത്തെ ഷൂട്ടിംഗ് അവശേഷിക്കുന്നുണ്ട്. ഫ്ളാഷ്ബാക്കില്‍ വന്നുപോകുന്ന ദസ്താക്കറിന്റെ കോളേജ് കാലഘട്ടത്തിലെ കുറച്ച് ഭാഗങ്ങളാണ്.
? മ്യാവു തീയേറ്റര്‍ റിലീസ് ആയിരിക്കുമോ.
അങ്ങനെയാണ് ഉദ്ദേശിക്കുന്നത്. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ എന്തായി തീരുമെന്ന് അറിയില്ല. തോമസ് തിരുവല്ലയാണ് മ്യാവുവിന്റെ നിര്‍മ്മാതാവ്. അദ്ദേഹം ആദ്യം നിര്‍മ്മിച്ച ചിത്രം ബ്ലെസ്സിയുടെ കളിമണ്ണാണ്. ജിബുജേക്കബ്ബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും എന്ന സിനിമയുടെ നിര്‍മ്മാണ പങ്കാളികൂടിയാണ് തോമസ് തിരുവല്ല.
Recent Comments