ശ്രീജിത്തിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഹൈദരാബാദിലായിരുന്നു. നാളെ ബ്രോഡാഡിയുടെ ഷൂട്ടിംഗ് തുടങ്ങുകയാണ്. ബ്രോഡാഡിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ശ്രീജിത്തിന് എന്ത് കാര്യമെന്ന് ചോദിക്കരുത്. ബ്രോഡാഡിയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ശ്രീജിത്തും ബിബിനും ചേര്‍ന്നാണ്.
അത് മാത്രമല്ല ശ്രീജിത്തിന് മലയാള സിനിമയുമായുള്ള ബന്ധം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഓള്‍ഡ്മങ്ക് എന്ന പരസ്യകമ്പനി വഴി എണ്ണമറ്റ പോസ്റ്ററുകളാണ് അദ്ദേഹം മലയാളസിനിമയ്ക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. അവിടെയും ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സിനിമാബന്ധം. ഇതിനുമുമ്പ് സുനില്‍ കാര്യാട്ടുകരയ്ക്കുവേണ്ടി രാജേഷിനോടൊപ്പം ചേര്‍ന്ന് പകിട എന്ന ബിജുമേനോന് ചിത്രത്തിനുവേണ്ടിയും തിരക്കഥ എഴുതിയിട്ടുണ്ട്.
അടിയന്തിരമായി ശ്രീജിത്തിനെ വിളിക്കാന്‍ ഇതൊന്നുമല്ല കാരണം. മണിക്കൂറുകള്‍ക്കുമുമ്പ് മാത്രം അനൗണ്‍സ് ചെയ്യപ്പെട്ട ഒരു ചിത്രമുണ്ട്. ഒരു തെക്കന്‍ തല്ലുകേസ്. ബിജുമേനോനും റോഷന് മാത്യുവും പത്മപ്രിയയും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ്. അതിന്റെ സംവിധായകനും ഇതേ ശ്രീജിത്താണ്. ശ്രീജിത്ത് കാന്‍ ചാനലുമായി സംസാരിക്കുന്നു.
ഒരു തെക്കന്‍ തല്ലുകേസിലേയ്ക്കുള്ള രംഗപ്രവേശനം എങ്ങനെയായിരുന്നു?
ഇന്ദുഗോപന്റെ പ്രശസ്തമായ ഒരു നീണ്ട കഥയാണ് അമ്മിപ്പിള്ള വെട്ടുകേസ്. ആ കഥയെ അധീകരിച്ച് ചെയ്യുന്ന സിനിമയാണ് ഒരു തെക്കന്‍ തല്ലുകേസ്. ഇതിന് തിരക്കഥ എഴുതുന്നത് രാജേഷ് പിന്നാടനാണ്. രാജേഷിന്റെ അടുത്ത സുഹൃത്താണ് ഇന്ദുഗോപന്. അതിന്റെ കയ്യെഴുത്ത് പ്രതി ഇന്ദുഗോപന് ആദ്യം കൈമാറുന്നതും രാജേഷിനാണ്. അന്നുമുതല്ക്കേ അതൊരു സിനിമയാക്കണമെന്ന് ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നു. അതിനുള്ള റൈറ്റ്സും സ്വന്തമാക്കി. സ്വാഭാവികമായും സിനിമയുടെ ഫോര്മാറ്റിലേയ്ക്കെത്താന് ഇത്രയധികം സാവകാശം വേണ്ടിവന്നു എന്നുമാത്രം. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ളയുടെ കഥ അതേപടി പകര്‍ത്തുകയല്ല. സിനിമയ്ക്ക് വേണ്ടതായ ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്.
കഥയിലെ അമ്മിണിപ്പിള്ളയാണോ ബിജുമേനോന്?
അതെ.
അമ്മിണിപ്പിള്ളയായി ബിജുമേനോന് മാത്രമേ ഉണ്ടായിരുന്നുള്ളോ?
കഥയുടെ രണ്ട് ഡ്രാഫ്റ്റ് കഴിഞ്ഞപ്പോള്‍ അമ്മിണിപ്പിള്ളയെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ ആള് ബിജുമേനോനാണെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു.
ബിജുമേനോനെ സമീപിക്കാന്‍ ബുദ്ധിമുട്ടുണ്ടായോ?
ബിജുമേനോനുമായി നേരത്തേ സൗഹൃദമുണ്ടായിരുന്നു. അത് ഗുണം ചെയ്തു. ഈ ലോക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടാണ് കഥ പറയുന്നത്. കഥ അദ്ദേഹത്തിന് ഇഷ്ടമായി. പെട്ടെന്നുതന്നെ ചെയ്യാമെന്നും പറഞ്ഞു.
മറ്റു കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും ഇത്തരത്തിലായിരുന്നോ?
അതെ. റോഷന്മാത്യുവും പത്മപ്രിയയും നിമിഷ സജയനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. പൊടിയനെ അവതരിപ്പിക്കുന്നത് റോഷനാണ്. രുഗ്മിണിയായി പത്മപ്രിയയും വാസന്തിയായി നിമിഷയും വേഷമിടുന്നു. ഇനിയും താരങ്ങളെ ആവശ്യമുണ്ട്. അതിനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍.
ഒരു തെക്കന്‍ തല്ലുകേസ് എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഒരു ആക്ഷന്റെ ഫ്ളേവര്‍ മണക്കുന്നുണ്ട്. അത്തരത്തിലൊരു സിനിമയാണോ തെക്കന്‍ തല്ല്?
അല്ലേയല്ല. ഇതൊരു ഫാമിലി എന്റര്‍ടെയ്നറാണ്. ഒരു ചെറിയ തല്ലിനെത്തുടര്ന്നുണ്ടായ പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. നര്‍മ്മത്തിലാണ് കഥ പറഞ്ഞുപോകുന്നത്. ഒരു പിരീഡ് സിനിമയാണ്. 80കളാണ് കഥയുടെ പശ്ചാത്തലം.
ശ്രീജിത്തിന്റെ ആദ്യ സംവിധാനസംരംഭമാണ്. തുടക്കക്കാരനെന്ന നിലയില്‍ ശ്രീജിത്ത് നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്?
അമ്മിണിപ്പിള്ള വെട്ടുകേസ് പരക്കെ സ്വീകരിക്കപ്പെട്ട ഒരു ക്ലാസിക്കല്‍ സാഹിത്യരൂപമാണ്. അത് വായിച്ചവര്‍ക്ക് അതിനെക്കുറിച്ചൊരു രൂപമുണ്ടായിരിക്കും. സിനിമയാക്കുമ്പോള്‍ അതിനോട് എത്രകണ്ട് നീതി പുലര്‍ത്താനാവും എന്നത് മാത്രമാണ് എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി തോന്നിയിട്ടുള്ളത്.
ശ്രീജിത്തും ബിബിനും ചേര്‍ന്ന് എഴുതിയ ബ്രോഡാഡിയുടെ തിരക്കഥ ആദ്യാവസാനം ചിരിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഏറ്റെടുത്തതെന്ന് വാര്‍ത്തയുണ്ടായിരുന്നല്ലോ?
ചിരിച്ചുകൊണ്ട് സ്വീകരിച്ചു എന്നൊക്കെ പറയുന്നത് ഒരു അസാധാരണ പ്രയോഗമാണ്. അദ്ദേഹമത് എന്ജോയ് ചെയ്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അത് പൂര്‍ണ്ണമായും എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ്. അത് കൈമാറിക്കഴിഞ്ഞതോടെ ഞങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നും വിശ്വസിക്കുന്നു.
പൃഥ്വിക്കുപോലും സ്വീകാര്യമായൊരു തിരക്കഥ എന്തുകൊണ്ടാണ് ശ്രീജിത്ത് ആദ്യസിനിമയ്ക്കായി തെരഞ്ഞെടുക്കാതിരുന്നത്?
തുടക്കംമുതലേ ഞങ്ങളുടെ ചര്‍ച്ചകള്‍ നടന്നിരുന്നത് അത്തരത്തിലാണ്. മറ്റൊരാള്‍ക്കുവേണ്ടി എഴുതിയ തിരക്കഥതന്നെയായിരുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ അതിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് അത് പൃഥ്വിയുടെ അടുക്കലേയ്ക്ക് എത്തിയാല്‍ നന്നായിരിക്കുമെന്ന് പറയുന്നത്. അങ്ങനെ അത് പൃഥ്വിയുടെ അടുക്കലെത്തുകയും സ്വീകരിക്കപ്പെടുകയുമായിരുന്നു.
പൂര്‍ണ്ണമായും സിനിമയുടെ തിരക്കുകളിലേയ്ക്ക് വീണുകഴിഞ്ഞിരിക്കുന്നു. പരസ്യരംഗം ഉപേക്ഷിക്കുകയാണോ?
ഏയ്, ഞങ്ങളുടെ തട്ടകം അതാണ്. നന്നായി അറിയാവുന്ന ഒരു പണിയും അതുതന്നെയാണല്ലോ. സിനിമ ചെയ്തുകഴിഞ്ഞാലും അവിടേയ്ക്കുതന്നെ മടങ്ങിയെത്തും. എപ്പോഴെങ്കിലും ഒരു സിനിമ ചെയ്യണമെന്ന് തോന്നിയാല്‍ ചെയ്യും.
കണ്ണൂരിലെ കിഴക്കന്‍ മലയോരഗ്രാമങ്ങളിലൊന്നായ ചെമ്പന്തൊട്ടിയാണ് ശ്രീജിത്തിന്റെ സ്വദേശം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട് കോളേജില്‍നിന്ന് ബി.എഫ്.എയില്‍ ബിരുദം നേടിയ ശ്രീജിത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പരസ്യകമ്പനികള്ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് 2009 ല്‍ ഓള്‍ഡ്മങ്ക് എന്ന സ്ഥാപനം തുടങ്ങുന്നത്. ഇന്നതിന്റെ ഫൗണ്ടര്‍ പാര്‍ട്ട്ണറും ക്രിയേറ്റീവ് ഡയറക്ടറുമാണ് ശ്രീജിത്ത്.
Recent Comments