മാലിക്കിനെക്കുറിച്ച് ഒന്നും പറയരുതെന്ന് കരുതിയതാണ്. പറഞ്ഞാല്‍ ചിലതൊക്കെ തുറന്നു പറയേണ്ടിവരും. അത് ചിലരെയെങ്കിലും നോവിക്കും. നോവ് വളരും. പകയാകും. ശത്രുതയാകും. അത്തരം ക്ലീഷേകള്ക്കൊന്നും ഇടം കൊടുക്കരുതെന്ന് കരുതിയതാണ്. ഭയമുണ്ടായിട്ടല്ല. സിനിമ എന്ന മാധ്യമത്തെ വളരെ അടുത്തറിയാവുന്നതുകൊണ്ടാണ്. അതിന്റെ നോവും നൊമ്പരവും ഞങ്ങളുടെകൂടിയാണെന്നുള്ള ബോദ്ധ്യംകൊണ്ടാണ്. എന്നിട്ടും പറഞ്ഞുപോകുന്നത് നിവൃത്തികേടുകൊണ്ടാണ്.
മാലിക്കിനെക്കുറിച്ച് നല്ലതും ചീത്തയും എഴുതുന്നുണ്ട്. വിമര്‍ശനങ്ങള്‍ അതിന്റെ വഴിയേ നടക്കട്ടെ. നല്ലതിനെ കൊള്ളുകയും ചീത്തയെ തള്ളുകയും ചെയ്യട്ടെ. പറയാന്‍ വന്നത് പക്ഷേ ഇതൊന്നുമല്ല. ചില സ്തുതിപാഠകരുടെ കഥയാണ്.
പണ്ട് രാജകൊട്ടാരങ്ങളില്‍ മാത്രമായിരുന്നു ഇവരുടെ സ്ഥാനം. ചക്രവര്‍ത്തിമാരെ സ്തുതിഗിതീങ്ങള് കൊണ്ട് അവര്‍ ശ്വാസം മുട്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്തുതിപാഠകന്മാര്‍ തമ്മില്‍ തമ്മിലും മത്സരമുണ്ടായിരുന്നു. രാജാവിന്റെ മനസ്സ് നിറഞ്ഞാല്‍ പാരിതോഷികങ്ങള്‍ കിട്ടും. ജീവിതാവസാനം വരെയും രാജകൊട്ടാരത്തിന്റെ സുഖലോലുപതയില്‍ കഴിയാം. ഇത് മാത്രമായിരുന്നു ലക്ഷ്യം.
‘മാലിക്കി’നെക്കുറിച്ചുള്ള ചില വാഴ്ത്തലുകള്‍ കേട്ടപ്പോള്‍ നമ്മുടെ പഴയകാല സ്തുതിപാഠകരെ ഓര്‍ത്തുപോയെന്നുമാത്രം.
അല്‍ജസീറയും ഡെക്കാന്‍ ഹെറാള്‍ഡും ഹിന്ദുസ്ഥാന്‍ ടൈംസും ഹന്‍സല്‍ മേത്തയും അമിത് വി. മന്സൂര്കറുമടക്കം പുതിയ സ്തുതിഗീതങ്ങള്‍ ചമയ്ക്കുകയാണ്. അവരെല്ലാം ഫഹദ് ഫാസില്‍ എന്ന നടനെയും മഹേഷ് നാരായണന് എന്ന സംവിധായകനെയും കൊണ്ടാടുകയാണ്.
തുറന്നു പറയട്ടെ, ഫഹദ് ഫാസിലിനെവച്ച് ഒരു ചലച്ചിത്രമൊരുക്കാന്‍ ഇന്ന് ലോകസിനിമയിലെ അതികായകരായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗും ജെയിംസ് കാമറൂണുമടക്കമുള്ളവര് കൊതിക്കും. കാരണം ഫഹദ് അത്ര പ്രതിഭാശാലിയായ നടനാണ്. സ്വാഭാവികാഭിനയത്തിന്റെ ശക്തനായ പ്രയോക്താവാണ്. ഇതിനെല്ലാമപ്പുറം ഈശ്വരകൃപയുള്ള നടനാണ്.
പക്ഷേ, മാലിക്കിലെ പ്രകടനം ഫഹദ് എന്ന നടനുള്ള പരാമീറ്ററല്ല. അദ്ദേഹത്തിന്റെതന്നെ മുന്കാലപ്രകടനങ്ങളോടുപോലും മത്സരിക്കാനാവുന്നില്ല. ഒന്നുകൂടി വിസ്തരിച്ചാല്‍ സ്വന്തം ശക്തിവിശേഷങ്ങളെ മറച്ചുവച്ച് അതിനുമേല്‍ സഞ്ചരിക്കുന്ന അപരപ്രകടനവും കാണാം. എന്നിട്ടും ഇതാണ് ഫഹദ് ഫാസിലിന്റെ കരിയര്‍ബെസ്റ്റ് എന്നൊക്കെയുള്ള വാഴ്ത്തപ്പെടലുകളാണുണ്ടാവുന്നത്. ഇതൊരു നല്ല നടനെ നശിപ്പിക്കാനേ ഉപകരിക്കൂ. നടനവ്യാഖ്യാനങ്ങള് കൊണ്ട് ആകാശസീമകള്‍ ലംഘിക്കാന്‍ കരുത്തുള്ള നടനാണ്. ആ പ്രതിഭാശാലിയുടെ ചിറകുകള് അരിഞ്ഞ് വീഴ്ത്തരുത്. അത് സ്വാഭാവികതയോടെ പറന്നുകൊള്ളട്ടെ. ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേയ്ക്ക്…
‘ടേക്ക് ഓഫ്’ കണ്ടവരും ‘സിയു സൂണ്‍’ കണ്ടവരും മഹേഷ് നാരായണന് എന്ന സംവിധായകന്റെ മാന്ത്രികസ്പര്‍ശം മറക്കില്ല. അതിലെ ഏറ്റവും ചെറിയ കഥാപാത്രങ്ങളും കഥാസന്ദര്ഭങ്ങള്പോലും ഇന്നും പച്ചയോടെ ജനഹൃദയങ്ങളില്‍ ജീവിക്കുന്നത് ക്രാഫ്റ്റിന്റെ പൂര്ണ്ണതകൊണ്ടാണ്. ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ഈ വിസ്മയം അദ്ദേഹം സൃഷ്ടിച്ചതെന്നുകൂടി ഓര്‍ക്കണം. അപ്പോഴാണ് മാലിക്കിലെ അദ്ദേഹത്തിന്റെ മേക്കിംഗ് അപാരതയെക്കുറിച്ചുള്ള വാഴ്ത്തലുകള്‍ അരോചകം സൃഷ്ടിക്കുന്നത്.
വിമര്‍ശനശരങ്ങളേറ്റ് തളര്‍ന്നാലും വാഴ്ത്തപ്പെടലുകളില്‍ നിങ്ങള്‍ വശംവദരാകരുത്. കാരണം നിങ്ങളെ ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ്.
Recent Comments