35 വര്‍ഷത്തിലേറെയായി നടന് സാദിഖ് മലയാള സിനിമയുടെ ഭാഗമായിട്ട്. സുദീര്‍ഘമായ അഭിനയ ജീവിതത്തില്‍ ഒരു വിധത്തിലുമുള്ള റെഡ് മാര്‍ക്കും വീഴ്ത്താത്ത നടന്മാരില് ഒരാളുകൂടിയാണ് അദ്ദേഹം. ഈ കാലയളവില്‍ ഒരുപാട് തരങ്ങള്ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവും സഹകരിച്ചിട്ടുണ്ട്. 500 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പല തരത്തിലുള്ള സിനിമ കോക്കസ്സുകളില്‍ വീണ് പോകാന്‍ സാഹചര്യമുണ്ടായിട്ടും ഒരു ചേരിയിലേക്കും തിരിയാതെ സ്വന്തം പാതയിലൂടെ സഞ്ചരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ക്യാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ വഴിത്തിരിവായ ഒരു സംഭവം അദ്ദേഹം വെളിപ്പെടുത്തുന്നു.
മുദ്ര എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരനെ പരിചയപ്പെടുന്നത്. അന്നെനിക്ക് ‘ഉപ്പ്’ എന്ന ആദ്യ ചിത്രത്തിന്റെ മേല്‍വിലാസം മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. മുദ്രയുടെ ഷൂട്ടിംഗ് സമയത്ത് എല്ലാ ദിവസവും സുകുവേട്ടന്റെ വണ്ടിയിലാണ് ഞാന്‍ ലൊക്കേഷനിലേയ്ക്കും തിരിച്ച് ഹോട്ടലിലേക്കും യാത്ര ചെയ്തിരുന്നത്. ആ യാത്രയില്‍ ഒരു ദിവസം സുകുവേട്ടന് എന്നോട് ഒരു കാര്യം സൂചിപ്പിച്ചു. ‘സാദിഖേ നമ്മള് ഒരു സിനിമയില്‍ മുഴുനീളം അഭിനയിച്ചാലും പ്രേക്ഷകര്‍ ശ്രദ്ധിക്കണമെന്നില്ല. അങ്ങനെ ശ്രദ്ധിക്കണമെങ്കില്‍ നമ്മുടേതായിട്ടുള്ള പ്രെസന്‍സ് ഏതെങ്കിലും ഒരു സീനില്‍ കൊടുക്കണം, എങ്കില്‍ മാത്രമേ നിലനില്‍പ്പുള്ളൂ’. സുകുവേട്ടന്റെ ഈ ഉപദേശം എന്റെ അഭിനയജീവിതത്തില്‍ വളരെയധികം നിര്‍ണ്ണായകമായി.
പിന്നീട് ആ ഉപദേശം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളായിരുന്നു. 1993 ല്‍ പുറത്തിറങ്ങിയ ഏകലവ്യന് എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം. പടത്തില്‍ ഗുണ്ടകളില്‍ ഒരാളാണ് ഞാനും. ഗണേഷ് കുമാര്‍, ടി.എസ്. കൃഷ്ണന് തുടങ്ങിയവര്‍ മണിയന് പിള്ള രാജുവിനെ തല്ലുന്ന ഒരു രംഗം അതിലുണ്ട്. ഒടുവില്‍ തല്ലേണ്ടത് ഞാനാണ്. ഒരു തല്ലാണ് കൊടുക്കേണ്ടത്, എന്നാല്‍ അതിന് പകരം ഒരുകൂട്ടം ഇടി കൊടുത്തു. ആ തല്ല് പ്രേക്ഷകരും ശ്രദ്ധിച്ചു. കൂട്ടത്തില്‍ സംവിധായകന് ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും. തുടര്‍ന്ന് അവരുടെ സിനിമകളിലെ സ്ഥിരസാന്നിധ്യമായി മാറാന്‍ സാധിച്ചു. പിന്നീട് അഭിനയിച്ച പല സിനിമകളിലും സ്വന്തമായ ഐഡന്റിറ്റി കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുമുണ്ട്. അതിന് കാരണക്കാരന്‍ സുകുവേട്ടനാണ്.
അഭിനയിക്കാന്‍ ആഗ്രഹിച്ച റോളുകള്‍ ഇതുവരെ തേടിയെത്തിയിട്ടില്ല എങ്കിലും ഞാന്‍ സംതൃപ്തനാണ്. എല്ലാരോടും സഹകരിച്ചാണ് പോയിട്ടുള്ളത്. അതുകൊണ്ടാണ് 500 അധികം സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത്. അതില്‍ ഭൂരിഭാഗവും പോലീസ് വേഷങ്ങളായിരുന്നു. ഇന്നും പല പോലീസുകാരും എന്റെ സല്യൂട്ടിന്റെ പെര്ഫക്ഷന് പിന്നിലുള്ള രഹസ്യത്തെ കുറിച്ച് ചോദിക്കാറുണ്ട്. അതിന് പിന്നിലുള്ള രഹസ്യവും അവര്‍ തന്നെയാണ്. അവരെയൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചത് കൊണ്ടാണ് എനിക്കത് പെര്‍ഫെക്ടാക്കാന്‍ സാധിക്കുന്നതും. സാദിഖ് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം
Recent Comments